ചില ഘട്ടങ്ങളിൽ താൻ ആർ എസ് എസ്സിനെ സഹായിച്ചിട്ടുണ്ടെന്ന പ്രസ്താവന ബി ജെ പി നിഷേധിച്ച സാഹചര്യത്തിൽ ഏതൊക്കെ ഘട്ടങ്ങളിൽ എന്തെല്ലാം സഹായങ്ങൾ ചെയ്യ്തിട്ടുണ്ടെന്ന് കോൺഗ്രസ് നേതാവ് സുധാകരൻ വ്യക്തമാക്കണം.
തലശ്ശേരിയിലെ ആർ എസ് എസ് കാര്യാലയ നിർമ്മാണം കോൺഗ്രസ്സ് നേതാവ് സുധാകരന്റെ സാമ്പത്തിക സഹായത്തോടെയാണ് നടത്തിയതെന്ന് മുൻ പ്രചാരക് സുധീഷ് മിന്നി വെളിപ്പെടുത്തിയിരുന്നു. ഇത് സമ്മതിച്ചുകൊണ്ടുള്ള പ്രസ്താവനയാണ് സുധാകരന്റെ ഭാഗത്തു നിന്നുണ്ടായത്. എന്നാൽ ബി ജെ പി ജില്ലാ പ്രസിഡണ്ട് ഇത് നിഷേധിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ സുധീഷ് മിന്നി വെളിപ്പെടുത്തിയതുൾപ്പെടെ ഏതൊക്കെ ഘട്ടങ്ങളിലാണ് ആർ എസ് എസ്സിനെ സുധാകരൻ സഹായിച്ചതെന്ന് വിശദീകരിക്കണം.
ആർ എസ് എസ്സിന്റെ പല രഹസ്യ അജണ്ടകളും സംഘപരിവാരത്തിലെ പൊട്ടിത്തെറിയെ തുടർന്ന് പരസ്യമായിട്ടുണ്ട്. അതിൽ പുന്നാട് ഉൾപ്പെടെയുള്ള വർഗ്ഗീയ കലാപ കേസുകൾ എൻ ഡി എഫ് തീവ്രവാദികളുമായി ലക്ഷങ്ങളുടെ നോട്ടുകെട്ടിന്റെ ബലത്തിൽ പിൻവലിക്കുന്നതിന് വേണ്ടി ആർ എസ് എസ് നേതൃത്വം നടത്തിയ ഒത്തുകളിയും വെളിക്കു വന്നിട്ടുണ്ട്. ഇതെല്ലാം പുറത്തുവരുന്ന വെപ്രാളത്തിലാണ് സംഘപരിവാർ. കോൺഗ്രസ്സിന് വർഗ്ഗീയ വിരുദ്ധ നിലപാടുണ്ടെങ്കിൽ ആർ എസ് എസ്സിനു ചെയ്യ്ത സഹായങ്ങളെക്കുറിച്ച് എല്ലാ കാര്യങ്ങളും വെളിപ്പെടുത്താൻ സുധാകരനോട് കെ പി സി സി നേതൃത്വം ആവശ്യപ്പെടണമെന്നും പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.