കണ്ണൂർ : സി പി ഐ(എം) മയ്യിൽ ഏറിയാ കമ്മിറ്റി ഓഫീസായി പ്രവർത്തിക്കുന്ന സ്വാതന്ത്യസമര സേനാനി കെ കെ കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക മന്ദിരത്തിനും പെരുമാച്ചേരി ചെഗുവേര ക്ലബ്ബിനും നേരെ നടന്ന അക്രമത്തിൽ സി പി ഐ(എം) ജില്ലാ സെക്രട്ടറിയേറ്റ് ശക്തമായി പ്രതിഷേധിച്ചു. ഇരുട്ടിന്റെ മറവിൽ സാമൂഹ്യവിരുദ്ധ ക്രിമിനലുകളാണ് ഈ അക്രമണം നടത്തിയത്.

നാട്ടിൽ നിലനിൽക്കുന്ന സമാധാന അന്തരീക്ഷം തകർക്കുന്നതിനും ബോധപൂർവ്വം കുഴപ്പങ്ങൾ ഉണ്ടാക്കുന്നതിനുമുള്ള നീക്കങ്ങൾ ജാഗ്രതയോടെ കാണണം. യാതൊരു രാഷ്ട്രീയ സംഘർഷവും നിലനിൽക്കാത്ത പ്രദേശമാണ് മയ്യിൽ. സി പി ഐ(എം) മയ്യിൽ ഏറിയാ കമ്മിറ്റി ഓഫീസിനു നേരെയും കെ കെ കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക സ്തൂപവും പെരുമാച്ചേരി ചെഗുവേര ക്ലബ്ബിനു നേരെയും ബോധപൂർവ്വമായ അക്രമണമാണ് നടത്തിയത്. പെരുമാച്ചേരി ചെഗുവേര ക്ലബ്ബ് തീയിട്ട് നശിപ്പിച്ചിരിക്കുകയാണ്. ഇരുട്ടിന്റെ മറവിൽ നാട്ടിൽ സമാധാന അന്തരീക്ഷം തകർക്കുന്നതിനുള്ള നീക്കമായിട്ട് മാത്രമെ ഇതെല്ലാം കാണാൻ കഴിയു.

ആർ എസ് എസ് ക്രിമിനൽ സംഘം ജനുവരി 3-നു പള്ളൂരിൽ ഭീകരമായ നരനായാട്ടാണ് നടത്തിയത്. സി പി ഐ(എം) ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെയുള്ള സഖാക്കളെ മാരകമായി വെട്ടി പരിക്കേൽപ്പിച്ചു. സി പി ഐ(എം) നേതൃത്വത്തിൽ ജനുവരി 5-നു പാപ്പിനിശ്ശേരിയിൽ നടന്ന തീവ്രവാദ വിരുദ്ധ ജനകീയ കൂട്ടായ്മ എൻ ഡി എഫ് നേതൃത്വത്തിൽ അലങ്കോലപ്പെടുത്താൻ ശ്രമമുണ്ടായി. വർഗ്ഗീയ-തീവ്രവാദ ക്രിമിനലുകളാണ് ഈ അക്രമണങ്ങളെല്ലാം സംഘടിപ്പിച്ചത്. മയ്യിലാവട്ടെ ഒരു പറ്റം സമാഹ്യ ദ്രോഹികൾ അരാജകത്വവും അക്രമവും സംഘടിപ്പിക്കാനാണ് ശ്രമിച്ചത്. നാട്ടിൽ നിലനിൽക്കുന്ന സമാധാന അന്തരീക്ഷം തകർക്കുകയും നാട്ടിലാകെ അരാജകത്വവും അക്രമ പദ്ധതികളും സൃഷ്ടിക്കാനുമാണ് ഇക്കൂട്ടരുടെ ശ്രമം. ഇത്തരം ഹീന ശക്തികൾക്കെതിരെ ജാഗ്രത പാലിക്കാനും അക്രമികൾക്കെതിരെ ശക്തമായ പ്രതിഷേധമുയർത്തിക്കൊണ്ടുവരാനും മുഴുവൻ ജനാധിപത്യ വിശ്വാസികളും സമാധാനകാംക്ഷികളും രംഗത്തുവരണമെന്നും അക്രമികൾക്കെതിരെ കർശനമായ നടപടികൾ പോലീസ് അധികൃതർ സ്വീകരിക്കണമെന്നും ആവശ്യപ്പെടുന്നു.