സ്വീകർത്താവ്,

ശ്രീ. ഉമ്മൻ ചാണ്ടി

ബഹു: മുഖ്യമന്ത്രി

തിരുവനന്തപുരം

 

വിഷയം :                കണ്ണൂർ പാനൂർ ചെണ്ടയാട്-വരപ്രയിലെ മഹറൂഫിന്റെ മരണം സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തേണ്ടത് സംബന്ധിച്ച്

പ്രീയപ്പെട്ട മുഖ്യമന്ത്രി,

ഇക്കഴിഞ്ഞ ശനിയാഴ്ച (22.10.2011) കണ്ണൂർ ജില്ലയിലെ പാനൂർ ചെണ്ടയാട്-വരപ്ര സ്വദേശി മഹറൂഫ് മൈസൂരുവിൽ വെച്ച് ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടിരിക്കുകയാണ്. മഹറൂഫിന്റെ മൃദശരീരം പോസ്റ്റ്‌മോർട്ടത്തിന് ശേഷം വീട്ടിൽ കൊണ്ടുവന്ന് സംസ്‌കരിച്ചിരിക്കുകയാണ്. മഹറൂഫിന്റെ വീട്ടിൽ ഞാൻ സന്ദർശനം നടത്തിയിരുന്നു. നാട്ടുകാർക്കും പ്രത്യേകിച്ച് ബന്ധുക്കൾക്കും മഹറൂഫിന്റെ മരണം സംബന്ധിച്ച് പരാതി ഉണ്ടെന്ന്് എന്നോട് പറഞ്ഞു. അതിന്റെ അടിസ്ഥാനത്തിലാണ് ഈ കത്ത് അയക്കുന്നത്. ഇക്കാര്യത്തിൽ ആവശ്യമായത് ചെയ്യണമെന്ന് ആമുഖമായി ആവശ്യപ്പെടുന്നു.

ദിവസങ്ങൾക്ക് മുൻപ് കഴിച്ച ഭക്ഷണത്തിൽ നിന്നും വിഷബാധയേറ്റാണ് മഹറൂഫ് മരണപ്പെട്ടതെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മഹറൂഫിന്റെ സഹോദരൻ സലീം മൈസൂരുവിലെ നസർബാദ് പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

മഹറൂഫിനെ ഹോട്ടൽ മുറിയിൽ അവശ നിലയിൽ കണ്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ രക്ത പരിശോധനയിലാണ് വൃക്കകൾ തകരാറിലാക്കുന്ന നിലയിൽ വിഷം അകത്ത് ചെന്നതായി മനസിലായത്. ഇത് സംബന്ധിച്ച സംശയം ഉണ്ടായതിനെ തുടർന്നാണ് മൃദദേഹം പോസ്റ്റ്‌മോർട്ടം നടത്തിയത്.

രണ്ട് മാസം മുൻപ് മൈസൂരു ബസ് സ്റ്റാന്റിനടുത്ത് മഹറൂഫ് ഒരു ഹോട്ടൽ ആരംഭിച്ചിരുന്നു. ഈ വ്യാപാരം സംബന്ധിച്ചുള്ള തർക്കമാണോ ഇങ്ങനെ വിഷം നൽകുന്നതിന് ഇടയാക്കിയതെന്ന് ബന്ധുക്കൾക്ക് സംശയമുണ്ട്. ഈ സംശയം ദൂരീകരിക്കുന്നതിന് വേണ്ടി സമഗ്രമായ അന്വേഷണം നടത്തുന്നതിനും മഹറൂഫിന്റെ കുടുംബത്തിന്റെ പ്രയാസം മനസിലാക്കി അടിയന്തിരമായും കർണ്ണാടക സർക്കാർ മുഖാന്തിരം ബന്ധപ്പെട്ട വരോട് ആവശ്യപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു.

വിശ്വസ്തതയോടെ

പി ജയരാജൻ

 

(സെക്രട്ടറി)