സി പി ഐ(എം) കണ്ണൂർ ഏറിയ സെക്രട്ടറി എൻ ചന്ദ്രൻ പുറപ്പെടുവിക്കുന്ന പ്രസ്താവന

കണ്ണൂർ : പയ്യാമ്പലത്ത് അഴീക്കോടൻ രക്തസാക്ഷി കുടീരം അലങ്കരിക്കാൻ ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പിനെ ഏൽപ്പിച്ചു എന്ന മാതൃഭൂമി വാർത്ത ശുദ്ധ അസംബന്ധമാണ്. സി പി ഐ (എം)നെ കരിവാരി തേക്കാൻ മാതൃഭൂമി പത്രം ഏത്രത്തോളം അധ:പതിക്കുമെന്നതിന്റെ ഒടുവിലെത്തെ ഉദാഹരണം കൂടിയാണ് ഈ വാർത്ത.

പയ്യാമ്പലത്ത് അന്ത്യവിശ്രമം കൊള്ളുന്ന എല്ലാ നേതാക്കന്മാരുടെയും ദിനാചരണത്തിന്റെ ഭാഗമായി അലങ്കാരം നടത്തുന്നത് പാർട്ടി പ്രവർത്തകരാണ്. അഴീക്കോടൻ ദിനത്തിന് അലങ്കരിച്ചതും പാർട്ടി പ്രവർത്തകരാണ്. പാർട്ടി കാനത്തൂർ ബ്രാഞ്ച് സെക്രട്ടറി പി വി നാരായണൻ, ലോക്കൽ കമ്മിറ്റി അംഗം കെ വി ദിനേശൻ, പാർട്ടി മെമ്പർമാരായ എഫ് ലിഫ്‌സൺ, കെ ജനഗനാഥ് ബാബു എന്നിവരാണ് ഇത്തവണ അലങ്കാരം നടത്തിയത്. അവിടെ അലങ്കാരത്തിന് സ്ഥിരമായി നേതൃത്വം കൊടുക്കുന്നത് പി വി നാരായണനാണ്. പതിവ് പോലെ തലേന്ന് അലങ്കാരം നടത്തിയാണ് സഖാക്കൾ പിരിഞ്ഞത്. പിറ്റ്യേന്ന് കാലത്ത് പത്രക്കാരും മറ്റും എത്തിയപ്പോൾ അവർക്ക് ഫോട്ടോ എടുക്കാൻ സൗകര്യമുണ്ടാക്കുന്നതിന് ആരോ ഒരു ഭാഗത്തെ അലങ്കാരം അഴിച്ച് മറു ഭാഗത്തേക്ക് മാറ്റി.  പാർട്ടി സഖാക്കളുടെ ശ്രദ്ധയിൽ പെട്ട ഉടനെ പൂർവ്വ സ്ഥിതിയിലാക്കുകയും ചെയ്തു.

പയ്യാമ്പലത്തെ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി ഡി ടി പി സി ചെയ്യുന്ന പ്രവർത്തനത്തിന് ഉപയോഗിക്കുന്ന കല്ല് അവിടെ ഉണ്ടായിരുന്നു. അത് ജോലിക്കാർ തന്നെ മാറ്റുമെന്ന് പറഞ്ഞതിനാൽ സഖാക്കൾ തലേ ദിവസം മാറ്റിയില്ല. രാവിലെ നോക്കുമ്പോൾ ജോലിക്കാർ കല്ല് മാറ്റിയിരുന്നില്ല. സഖാക്കൾ തന്നെ മാറ്റുകയും ചെയ്തു. ഇതാണ് അവിടെ ഉണ്ടായത്.

അഴീക്കോടൻ ദിന പരിപാടി റിപ്പോർട്ട് ചെയ്യാൻ മാധ്യമ പ്രവർത്തകർ അവിടെ വന്നിരുന്നു. മാതൃഭൂമി പറയുന്നത് പോലെ കാടും മറ്റും അവിടെ ഉണ്ടായിരുന്നുവെങ്കിൽ അന്ന് തന്നെ അത് വാർത്തയാകുമായിരുന്നില്ലേ. പാർട്ടി സമ്മേളനങ്ങളിലൊന്നും മാതൃഭൂമിയിൽ പറയുന്ന പോലെ ഒരു ചർച്ചയും നടന്നിട്ടില്ല. പാർട്ടി സമ്മേളനങ്ങൾ ലക്ഷ്യമിട്ടാണ് ഇത്തരമൊരു വാർത്ത ചമച്ചത് എന്നതും വ്യക്തമാണ്. പരിപാടി കഴിഞ്ഞിട്ട് തന്നെ 35 ദിവസമായി.  ഇതേവരെ ഇല്ലാത്ത വാർത്തയും വിവാദവും ഇത്രയും ദിവസത്തിന് ശേഷം എങ്ങിനെ ഉണ്ടായി എന്നത് ദുരൂഹമാണ്.

 

സമ്മേളനങ്ങൾ ആരംഭിച്ചപ്പോൾ തന്നെ മാതൃഭൂമി പല നുണകളും പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അതൊന്നും ജനം വിശ്വസിച്ചിട്ടില്ല. അത്തരമൊരു സാഹചര്യത്തിലാണ് പുതിയ വാർത്തകൾ ചമക്കുന്നത്. പാർട്ടി പ്രവർത്തകരും ബഹുജനങ്ങളും ഇത് തള്ളിക്കളയുമെന്നതിൽ യാതൊരു സംശയവുമില്ല.