കണ്ണൂർ: മുസ്ലിംലീഗിലെ തീവ്രവാദികൾ നടത്തുന്ന ആക്രമണങ്ങളെ വെള്ളപൂശുന്നത് നാടിന്  ആപത്ത് വരുത്തിവെക്കുമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജൻ പ്രസ്താവനയിൽ പറഞ്ഞു. ബുധനാഴ്ച തളിപ്പറമ്പ് അരിയിൽ സന്ദർശിച്ച ശേഷം ലീഗ് നേതാക്കൾ നടത്തിയ വാർത്താസമ്മേളനത്തിൽ ഉന്നയിച്ച വാദമുഖങ്ങൾ ഇത്തരം തീവ്രവാദ പ്രവർത്തനങ്ങൾക്കുള്ള പ്രേൽസാഹനമാണ്.

തളിപ്പറമ്പ് അരിയിൽ ലീഗുകാർ  നടത്തിയ ഏകപക്ഷീയമായ തീവ്രവാദി ആക്രമണമാണ് സംഘർഷത്തിന് കാരണമായത്. രാഷ്ട്രീയ സംഘർഷത്തെ വർഗീയ സംഘർഷമായി മാറ്റാനുള്ള കൃത്യമായ ആസൂത്രണമാണ് നടന്നതെന്ന് അന്വേഷണത്തിൽ വെളിപ്പെട്ടിരിക്കുന്നു. തളിപ്പറമ്പിലെ മക്തബ് പ്രസ് കത്തിച്ചത് വർഗീയ സംഘർഷം പടർത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ്. അന്നു തന്നെ സിപിഐ എമ്മുമായി ബന്ധമൊന്നുമില്ലാത്ത ലക്ഷ്മണന്റെ തയ്യൽകടയും കത്തിച്ചു. രണ്ടു അക്രമവും നടത്തിയ സംഘത്തിലെ രണ്ടു പ്രതികളെ പൊലീസ് അറസ്റ്റുചെയ്തു. ഇവർ തളപ്പറമ്പിലെ അറിയപ്പെടുന്ന ലീഗ് പ്രവർത്തകരാണ്. രാഷ്ട്രീയ സംഘർഷത്തെ വർഗീയ കലാപമായി വളർത്തുന്നതിനുള്ള കൃത്യമായ ആസൂത്രണമാണ് ഇവർ നടത്തിയത്.

ഒരു മുസ്ലീം നടത്തുന്ന തളിപ്പറമ്പ് ടൗണിലെ  വസ്ത്രവ്യാപാര കട തീവെക്കാനും തുടർന്ന് ഒരു ഹിന്ദു നടത്തുന്ന കട കത്തിക്കാനും ആസൂത്രണം നടന്നു. പൊലീസിന്റെ സാന്നിധ്യം മൂലമാണ് ഇത് നടക്കാതെപോയത്. ഇത്തരത്തിൽ ജില്ലയിലാകെ വർഗീയതയുടെ തീ പടർത്താനുള്ള ശ്രമമാണ് ലീഗിലെ തീവ്രവാദികൾ നടത്തിയത്. വർഗീയ സംഘർഷം തടയാൻ സി പി ഐ (എം) പ്രവർത്തകരും ജാഗ്രത പുലർത്തിയിരുന്നു.

പൊലീസിന് ഇതുസംബന്ധിച്ച് കിട്ടിയ വിവരങ്ങൾ നാടിന്റെ സമാധാന താൽപര്യം മുൻനിർത്തി വെളിപ്പെടുത്തണ

മെന്ന് ആവശ്യപ്പെടുകയാണ്. ലീഗിലെ തീവ്രവാദികൾ പൊലീസിന്റെ പ്രവർത്തനങ്ങൾ പ്രതിരോധിക്കുകയാണ് ചെയ്യുന്നത്. മാട്ടുലിൽ പൊലീസിനെ ആക്രമിച്ച് പരിക്കേൽപിച്ച സംഭവവും ഉണ്ടായി. ലീഗിന്റെ അറിയപ്പെടുന്ന പ്രവർത്തകരാണ് പൊലീസിനെ ആക്രമിച്ച കേസിലെ പ്രതികൾ.

ഇത്തരം നീചമായ പ്രവർത്തനങ്ങളെ ന്യായീകരിക്കൻ ലീഗ് നേതൃത്വത്തിന് പുറമേ കണ്ണൂർ എം പി സുധാകരനും മുന്നോട്ടുവന്നത് ദൗർഭാഗ്യകരമാണ്. ക്വട്ടേഷൻ സംഘങ്ങളേയും തീവ്രാദി പ്രവർത്തനങ്ങളേയും നേരത്തെയും സുധാകരൻ പ്രോൽസാഹിപ്പിച്ചിട്ടണ്ട്. ഇത് നാടിന്റെ സമാധാനത്തിന്  നല്ലതാണോ എന്ന് കോൺഗ്രസിലെ സമാധാനകാംക്ഷികൾ ആലോചിക്കണമെന്നും പ്രസ്താവനയിൽ അഭ്യർഥിച്ചു.