കണ്ണൂർ: കണ്ണപുരം കീഴറയിൽ  മുസ്ലിംലീഗ് പ്രവർത്തകൻ മരിച്ച സംഭവത്തിൽ  കോൺഗ്രസിന്റെ ആജ്ഞാനുവർത്തികളായി പൊലീസ് നിരപരാധിയെ കേസിൽ കുടുക്കിയത്  പ്രതിഷേധാർഹമാണെന്ന്  സിപിഐ (എം) ജില്ലാസെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.

 

കോൺഗ്രസ് നൽകുന്ന ലിസ്റ്റ് അനുസരിച്ചാണ് ഒരു ഫയർഫോഴ്‌സ് ജീവനക്കാരനെതിരെ കേസ്സെടുത്തിട്ടുള്ളത്. മെഡിക്കൽ ലീവിലായിരുന്ന ഈ ജീവനക്കാരൻ സംഭവ ദിവസം തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ കഴിയുന്ന ബന്ധുവായ രോഗിയെ കണ്ട് ഭാര്യയോടൊപ്പം നാട്ടിലേക്ക് തിരിച്ചതാണ്. കീഴറയിലെ തന്റെ വീട്ടിനടുത്ത് ബഹളം കേട്ടാണ് ഇയാൾ ഓടിക്കൂടിയത്. സംഭവ സ്ഥലത്ത് ഓടിയെത്തിയവരിൽ  എല്ലാ രാഷ്ട്രീയ പാർടിയിൽപ്പെട്ടവരും ഒരു രാഷ്ട്രീയ കക്ഷിയിലും ഉൾപ്പെടാത്തവരുമുണ്ടായിരുന്നു. ഇവരിൽ ചിലരെ പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ കോൺഗ്രസ് സമ്മർദ്ദഫലമായി ജസ്റ്റിൻ എന്ന കോൺഗ്രസുകാരനെ നേതാക്കളുടെ ഉൾപ്പെടെ വിട്ടയച്ചു.  ലീഗ് പ്രവർത്തകന്റെ മരണവുമായി ബന്ധപ്പെട്ട് കോൺഗ്രസിന്റെ പ്രദേശിക നേതാക്കൾ കൊടുക്കന്ന ലിസ്റ്റ് പ്രകാരമാണ് പൊലീസ് കേസ്സെടുത്തത്. ഫയർഫോഴ്‌സ് ജീവനക്കാരനെ പ്രതിചേർത്തതും ഇത്തരത്തിലാണെന്നും സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.