കണ്ണൂർ : ചന്ദ്രശേഖരൻ കേസിൽ പോലീസ് അറസ്റ്റ് ചെയ്ത ടി കെ രജീഷിന് സി പി ഐ (എം) മായി യാതൊരു ബന്ധവുമില്ലെന്ന് സി പി ഐ (എം) ജില്ലാസെക്രട്ടറിയേറ്റ് പ്രസ്താവിച്ചു.

സി പി ഐ (എം) ന് യാതൊരു ബന്ധവുമില്ലാത്ത ഒരു സംഭവത്തിൽ പാർട്ടിയെ വലിച്ചിഴക്കാനുള്ള  ആസൂത്രിത നീക്കം തുടർച്ചയായി നടക്കുകയാണ്. നവീൻദാസ്, റഫീക്ക് എന്നിവർ സി പി ഐ (എം) അനുഭാവികളാണെന്ന് പ്രചരിപ്പിച്ചവർ ഇപ്പോൾ മൗനത്തിലാണ്. നേരത്തെ നടത്തിയത് വ്യാജപ്രചരണമാണെന്ന് ഇതിനകം തെളിഞ്ഞുകഴിഞ്ഞു. മറ്റ് പല കാര്യങ്ങളിലും ഇത് തന്നെയാണ് സംഭവിച്ചത്. യഥാർത്ഥ കൊലയാളികളെ കണ്ടെത്തുക തന്നെ വേണം.

 

സി പി ഐ (എം) നെ പ്രതിസ്ഥാനത്ത് നിർത്തി നടത്തുന്ന പ്രചാരവേല ശരിയല്ല. അത്തരം പ്രചരണത്തിൽ ജനങ്ങൾ കുടുങ്ങരുതെന്നും സി പി ഐ (എം)നെ തകർക്കാനുള്ള നീക്കത്തിൽ പ്രതിഷേധം ഉയർത്തണമെന്നും സെക്രട്ടറിയേറ്റ് അഭ്യർത്ഥിച്ചു.