കണ്ണൂർ : മത വർഗീയതയ്ക്ക് കീഴടങ്ങുന്ന കോൺഗ്രസ് അവസരവാദം തുറന്ന് കാണിക്കാനും ലീഗ് തീവ്രവാദശക്തികൾ നടത്തുന്ന അക്രമണങ്ങൾക്കെതിരെയും കണ്ണൂർ ജില്ലയിൽ ഏപ്രിൽ 19 മുതൽ 24 വരെ സി പി ഐ (എം) നേതൃത്വത്തിൽ മൂന്ന് പ്രചരണ ജാഥകൾ നടത്തുന്നു.

ഇരിക്കൂറിൽ നിന്ന് ആരംഭിക്കുന്ന കണ്ണൂർ മേഖലാ ജാഥ 19-ന് എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. കെ കെ ശൈലജ ടീച്ചർ ജാഥാ ലീഡറായിരിക്കും. കെ കെ രാഗേഷ്, എം സുരേന്ദ്രൻ, കെ പി നസീർ എന്നിവർ ജാഥയിൽ അംഗങ്ങളാണ്.

19 ന് കൊട്ടിയൂരിൽ നിന്ന് ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്യുന്ന തലശേരി മേഖലാ ജാഥ ജെയിംസ് മാത്യു എംഎൽഎ നയിക്കും. എം പ്രകാശൻ മാസ്റ്റർ, എം വി സരള, എം ഷാജൻ എന്നിവർ ജാഥയിലുണ്ടാവും.

ഏപ്രിൽ 20 ന് പുളിങ്ങോം വച്ച് ആരംഭിക്കുന്ന പയ്യന്നൂർ മേഖലാ ജാഥ പാലോളി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്യും. എം വി ജയരാജൻ ജാഥാ ലീഡറായിരിക്കും. ടി കൃഷ്ണൻ, എം ജയലക്ഷ്മി, എ എൻ ഷംസീർ എന്നിവർ ജാഥയിൽ പങ്കെടുക്കും.

 

കേരളത്തിന്റെ മതനിരപേക്ഷ രാഷ്ട്രീയ പാരമ്പര്യത്തെ വർഗീയ ചേരി തിരിവിനുള്ള ആയുധമാക്കി മാറ്റുന്ന കോൺഗ്രസിന്റേയും ലീഗടക്കമുള്ള മത മൗലികവാദ പ്രസ്ഥാനങ്ങളുടേയും നെറികേടുകൾ തുറന്നുകാട്ടുന്നതിനു വേണ്ടി നടത്തുന്ന ജാഥകൾ വമ്പിച്ച ജനപങ്കാളിത്തമുള്ളതാക്കി വിജയിപ്പിക്കാൻ ജില്ലാ സെക്രട്ടറിയേറ്റ് മുഴുവൻ ദേശാഭിമാനികളോടും അഭ്യർഥിച്ചു.