ശ്രീലങ്കയിലെ തമിഴ് ജനതയുടെ ദുരവസ്ഥയിൽ സി പി ഐ എം ഇരുപതാം പാർട്ടി കോൺഗ്രസ് അഗാധമായ  ആശങ്ക രേഖപ്പെടുത്തുന്നു. എൽ ടി ടി ഇ യുമായുള്ള സായുധസംഘർഷത്തിന്റെ അവസാന ഘട്ടത്തിൽ ശ്രീലങ്കയുടെ വടക്ക് കിഴക്കൻ പ്രവിശ്യകളിലെ തമിഴ് ജനതയ്ക്ക് കനത്ത നഷ്ടങ്ങളും ദുരന്തങ്ങളുമാണ് സഹിക്കേണ്ടി വന്നത്. സ്ത്രീകളും കുട്ടികളുമുൾപ്പടെ ആയിരക്കണക്കിന് പൗരന്മാർ സംഘർഷത്തിനിടയിൽ മരണപ്പെട്ടു. ലക്ഷക്കണക്കിനാളുകൾ അവരുടെ വീടുകളിൽ നിന്നും കുടിയൊഴിപ്പിക്കപ്പെട്ടു. 

സായുധസംഘർഷം അവസാനിച്ച് മൂന്ന് വർഷം കഴിഞ്ഞതിന് ശേഷവും ജനങ്ങളെ പൂർണമായും  പുനരധിവസിപ്പിക്കാനും അവരുടെ ജീവനോപാധി ഉറപ്പുവരുത്താനും ശ്രീലങ്കൻ സർക്കാരിന് സാധിച്ചിട്ടില്ല. 

ജനങ്ങൾക്കെതിരായ അതിക്രമങ്ങളുടെയും ഗുരുതരമായ മനുഷ്യാവകാശ ധ്വംസനങ്ങളുടെയും തെളിവുകൾ ഉണ്ടായിട്ടു പോലും ശ്രീലങ്കൻ ഗവണ്മെന്റ് അവ അന്വേഷിക്കുകയോ  ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കുകയോ ചെയ്തിട്ടില്ല. ഗവണ്മെന്റ് തന്നെ നിയോഗിച്ച അനുരഞ്ജന കമ്മീഷന്റെ നിർദേശങ്ങൾ പോലും നടപ്പിലാക്കിയിട്ടില്ല. തമിഴ് മേഖലയ്ക്ക്  സ്വയം ഭരണാവകാശവും അധികാരങ്ങളും ഉറപ്പ് നൽകും വിധം രാഷ്ട്രീയ സംവിധാനം ഉണ്ടായാൽ മാത്രമേ ഐക്യ ശ്രീലങ്കയ്ക്കകത്ത് തമിഴ് ജനതയ്ക്ക് തുല്ല്യാവകാശങ്ങളോടുകൂടിയതും മാന്യവുമായ ജീവിതം സാധ്യമാകൂ. രാജപക്‌സെ ഗവണ്മെന്റ് ഉറപ്പ് നൽകിയതിനപ്പുറത്ത് ഒരു നടപടിയും ഇക്കാര്യത്തിൽ ഇതുവരെ കൈക്കൊണ്ടിട്ടില്ല. നേരിട്ടുള്ള സംഭാഷണത്തിലൂടെ ഒരു സമവായത്തിലെത്തുന്നതിനു പകരം വിഷയം പാർലമെന്ററി പ്രത്യേക സമിതിക്ക് വിട്ടിരിക്കുകയാണ്. 

ഭൂരിപക്ഷ സിംഹള ജനവിഭാഗത്തിനൊപ്പം തമിഴ് ന്യൂനപക്ഷത്തിന് മൈത്രിയോടെയും സമാധാനത്തിലും ജീവിക്കാൻ സാധിക്കുന്ന അഖണ്ട ശ്രീലങ്കയ്ക്ക് വേണ്ടിയാണ് സി പി ഐ എം നിലകൊള്ളുന്നത്. തമിഴ് പ്രശ്‌നത്തിനു ഒരു രാഷ്ട്രീയ പരിഹാരം ഉറപ്പുവരുത്താൻ  ശ്രീലങ്കയിലെ എല്ലാ ജനാധിപത്യ ശക്തികളോടും പാർട്ടി അഭ്യർഥിക്കുന്നു. 

താഴെയുള്ള വിഷയങ്ങളിൽ ആവശ്യമായ രാഷ്ട്രീയവും നയപരവുമായ ഇടപെടൽ നടത്താൻ കോൺഗ്രസ് ഇന്ത്യൻ ഗവണ്മെന്റിനോടാവശ്യപ്പെടുന്നു. 

• ത്വരിത വേഗത്തിൽ മുഴുവൻ തമിഴ് ജനങ്ങളുടെയും പുനരധിവാസം 

• മനുഷ്യാവകാശ ധ്വംസനങ്ങളെക്കുരിച്ച് ശ്രീലങ്കൻ ഗവണ്മെന്റ് സ്വതന്ത്രവും വിശ്വാസയോഗ്യവുമായ അന്വേഷണം നടത്തുക. 

• വടക്ക്, പടിഞ്ഞാറൻ പ്രവിശ്യകൾക്ക് അധികാര പദവി നൽകിക്കൊണ്ടുള്ള രാഷ്ട്രീയ സമവായത്തിൽ എത്തിച്ചേരുക.