കണ്ണൂർ കലാപഭൂമിയാണെന്ന് പ്രചരിപ്പിക്കാൻ മുഖ്യധാരാമാധ്യമങ്ങളും വലതുപക്ഷ പ്രചാരകന്മാരും വലിയ താൽപര്യം കാണിച്ചുപോരുന്നുണ്ട്. സത്യമെന്താണ്? കണ്ണൂർ കരുത്തിന്റെ കർമ്മഭൂമിയാണ്. സാഹിത്യത്തിലും കലയിലും സംസ്‌കാരത്തിലും എന്നും കേരളത്തിന് വഴികാട്ടിയത് കണ്ണൂരാണ്. 'ഊരുകളുടെ കണ്ണാണ് കണ്ണൂർ' എന്ന് വൈക്കം മുഹമ്മദ് ബഷീർ പറഞ്ഞത് വെറുതെയല്ല. മലയാളത്തിലെ ആദ്യത്തെ കാവ്യം, നോവൽ, നാടകം, വർത്തമാനപത്രം, യാത്രാവിവരണം, നിഘണ്ടു എന്നുവേണ്ട സംസ്‌കാരത്തിന്റെ ആദ്യചുവടുകൾ ഈ മണ്ണിലാണ് തുടങ്ങിയത്. ദേശിയ നവോത്ഥാന പ്രസ്ഥാനങ്ങളുടെ ഈറ്റില്ലമായ കണ്ണൂരിലാണ് കർഷകപ്രസ്ഥാനം, കമ്യൂണിസ്റ്റ് പ്രസ്ഥാനം, ബാലസംഘം, യുവജനപ്രസ്ഥാനം, മഹിളാപ്രസ്ഥാനം തുടങ്ങിയ സാമൂഹ്യ മുന്നേറ്റങ്ങൾക്കെല്ലാം തുടക്കമിട്ടത്. 

കണ്ണൂരിന്റെ ഈ വെളിച്ചപ്പുരകൾ കാണാതെ ചെറിയൊരു പ്രദേശത്തുനടന്ന രാഷ്ട്രിയ സംഘർഷങ്ങളെ അടിസ്ഥാനപ്പെടുത്തി കണ്ണൂർ കലാപകേന്ദ്രമാണെന്ന് ചിത്രീകരിക്കുന്നത് ആർക്കുവേണ്ടി? ഉദ്ദേശ്യം വ്യക്തം. കണ്ണൂരിന്റെ ഇടതുപാരമ്പര്യത്തെയും കമ്യൂണിസ്റ്റ് മനസ്സിനെയും അപഹസിക്കുക. ഇവിടുത്തെ മനുഷ്യരുടെ ഉദാത്തമായ സംസ്‌കാരത്തെയും സ്‌നേഹവായ്പ്പിനെയും സാമൂഹ്യബോധത്തെയും താഴ്ത്തിക്കെട്ടുക. ഈ കറുത്ത നുണകളെ അതിജീവിച്ചാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനം കണ്ണൂരിൽ മാനവീകതയുടെ കൊടിയുയർത്തിയത്, അതിന്റെ അരുണാഭമായ തണലിൽ അധ്വാനിക്കുന്ന ജനലക്ഷങ്ങൾ ഇന്നും വികാരവായ്‌പോടെ  ഇരമ്പിയാർക്കുന്നത്. 

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർടിയെ വേരോടെ പിഴുതെറിയാൻ കെട്ടുകഥകളെഴുതുന്ന മാധ്യമങ്ങളും പ്രതിലോമ പ്രചാരകരും ഓർക്കേണ്ട ഒരു കാര്യമുണ്ട്. ജനങ്ങൾക്കൊപ്പം നിന്നു പ്രവർത്തിച്ചു എന്ന ഒരൊറ്റ കാരണത്താൽ  166 ഉശിരന്മാരായ കമ്യൂണിസ്റ്റ് പ്രവർത്തകരെയാണ് കണ്ണൂർ ജില്ലയിൽ മാത്രം രാഷ്ട്രീയ എതിരാളികൾ വകവരുത്തിയത്. 

നാൽപതിൽ സാമ്രാജ്യത്വ വിരുദ്ധപോരാട്ടത്തിന്റെ ഭാഗമായി തലശ്ശേരിയിൽ വെടിയേറ്റുമരിച്ച അബുവിന്റെയും ചാത്തുക്കുട്ടിയുടെയും ചോരയിൽ പിടഞ്ഞൊടുങ്ങിയ ജീവിതമാണ് കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയ രക്തസാക്ഷ്യങ്ങൾ. പിന്നീട് കയ്യൂരിലെ ധീരന്മാരായ നാലു യുവാക്കൾ. കരിവെള്ളൂരിലെയും കാവുമ്പായിലെയും മുനയൻകുന്നിലെയും പാടിക്കുന്നിലെയും പഴശ്ശിയിലെയും തില്ലങ്കേരിയിലെയും രണധീരന്മാർ. ഇവരെല്ലാം വിശപ്പിന്റെ വിളികേട്ടുണർന്ന സാധാരണ മനുഷ്യരായിരുന്നു. പുഴുക്കളെപോലെ ചവിട്ടിയരയ്ക്കപ്പെട്ട പതിതജീവിതങ്ങളുടെ പ്രതീകങ്ങൾ. അവർക്ക് ശബ്ദവും കരുത്തും നൽകിയത് കമ്യൂണിസ്റ്റ് പ്രസ്ഥാനമാണ്. നിശബ്ദരാക്കപ്പെട്ടവരുടെ ശബ്ദവും അപമാനിക്കപ്പെട്ടവരുടെ അഭിമാനവുമാണ് ചെങ്കൊടി പ്രസ്ഥാനം. ആ പ്രസ്ഥാനം എന്നും പീഡിതർക്കും ചൂഷിതർക്കുമൊപ്പം അവരുടെ പ്രതീക്ഷയും കരുത്തുമായി പൊരുതിനിന്നു. 

സമരങ്ങളുടെയും ചെറുത്തുനിൽപ്പുകളുടെയും നാളുകളിലൂടെയാണ് സിപിഐഎം കടന്നുവന്നത്. അതിനിടയിൽ കണ്ണീരിന്റെയും ചോരയുടെയും വഴിത്താരകളെത്രയോ നീന്തിക്കയറി. നാടിന്റെ വിളക്കുമരങ്ങളായി ജ്വലിച്ചുനിന്ന കർമധീരരെ തല്ലിക്കെടുത്തിയാൽ അതോടെ പ്രസ്ഥാനം ദുർബലമാവുമെന്ന് പ്രതിലോമകാരികൾ ദിവാസ്വപ്‌നം കണ്ടിരിക്കണം. വർഗീയതയുടെയും മതതീവ്രവാദത്തിന്റെയും കുപ്പായമണിഞ്ഞവരാണ് ഈ രക്തനക്ഷത്രങ്ങളെ കൊന്നുതള്ളിയത്. ഓർക്കാപ്പുറത്ത് കുത്തിമലർത്തിയും പൊതുനിരത്തിൽ അരിഞ്ഞുവീഴ്ത്തിയും മനുഷ്വത്വരഹിതമായ അജൻഡ നടപ്പാക്കുകയായിരുന്നു അവർ. 

എല്ലാ മനുഷ്യവിദ്വേഷപ്രസ്ഥാനങ്ങളും സിപിഐഎമ്മിനെ ഒളിഞ്ഞും തെളിഞ്ഞും ആക്രമിച്ചുകൊണ്ടിരുന്നു. അളമുട്ടുമ്പോൾ പ്രസ്ഥാനം തിരിച്ചടിച്ചു. സംഘപരിവാരത്തിന്റെ ചോരക്കൊതിയാണ് കണ്ണൂരിന്റെ പ്രത്യേക പ്രദേശങ്ങളിൽ എന്നും ചോരവീഴ്ത്തിയത്.  എൻഡിഎഫ്-പോപ്പുലർ ഫ്രണ്ട് ഭീകരവാദികളും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനെതിരെ പതിയിരുന്നു ആക്രമണം നടത്തി. ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും നാടിന്റെ സ്വാസ്ഥ്യം കെടുത്തുന്നതിന്റെ നേർചിത്രങ്ങളാണ് മറ്റിടങ്ങളിലെന്നപോലെ കണ്ണൂരിലും കാണാവുന്നത്. ഏതുവിപത്തിൽനിന്നും ജനങ്ങളെ സംരക്ഷിക്കാനുള്ള ബാധ്യത ജനകീയ പ്രസ്ഥാനത്തിനുണ്ട്. ആ ബാധ്യതയിൽ നിന്ന് ഒരിഞ്ചുപോലും സിപിഐഎം പിന്നോട്ടുപോവില്ല. 

 

ആത്മസഖാക്കളുടെ വേർപാടുണ്ടാക്കിയ വേദന ഇടനെഞ്ചിൽ ഭാരമായിനിൽക്കുമ്പോഴും വിപുലമായ ജനകീയ പ്രതിരോധങ്ങളിലൂടെ സിപിഐഎം സമസ്ത പ്രതിലോമ പ്രവണതകളെയും അതിജീവിച്ചുകൊണ്ടിരിക്കുന്നു. അതാണ് കണ്ണൂരിന്റെ അനുഭവപാഠം.