കണ്ണൂർ മേഖലയിൽ പാർട്ടി കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ച എൻ. അബ്ദുള്ളയുടെ രക്തസാക്ഷിദിനമാണ് ജൂലൈ 16. മത്സ്യത്തൊഴിലാളികളെയും ബീഡി-ചുരുട്ട് തൊഴിലാളികളെയും സംഘടിപ്പിച്ച് പാർട്ടി നേതൃത്വത്തിലേക്ക് വന്ന അബ്ദുള്ള ഏവർക്കും പ്രിയപ്പെട്ട സഖാവായിരുന്നു. സാംസ്‌കാരിക പ്രവർത്തകൻ കൂടിയായിരുന്നു അബ്ദുള്ള. മരക്കാർകണ്ടി യുവജനവായനശാലയുടെ സ്ഥാപകരിലൊരാളാണ്. 1948ൽ പാർട്ടി നിരോധിച്ചപ്പോൾ പോലീസ് മർദ്ദനവും കോൺഗ്രസ് ഗുണ്ടാ മർദ്ദനവും നിരവധി തവണ ഏൽക്കേണ്ടിവന്നു. അടിയന്തിരാവസ്ഥയിൽ മിസ തടവുകാരനായി ജയിലിലടച്ച അബ്ദുള്ളയ്ക്ക് ചികിത്സയോ പരോളോ അനുവദിച്ചില്ല. 1977 ജൂലൈ 16ന് അന്തരിച്ചു.