സ: ചടയന്‍ ഗോവിന്ദന്‍ 1998 സെപ്‌റ്റംബര്‍ 9 ന്‌ നമ്മെ വിട്ടുപിരിഞ്ഞു. സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരവേയാണ്‌ സഖാവ്‌ നമ്മെ വിട്ടുപിരിഞ്ഞത്‌. നമ്മുടെ നാട്‌ അതീവഗൗരവതരമായ പ്രശ്‌നങ്ങള്‍ നേരിട്ടുവന്ന ഘട്ടത്തിലുണ്ടായ സഖാവിന്റെ വേര്‍പാട്‌ നാടിനും തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിനും അപരിഹാര്യമായ നഷ്‌ടമാണ്‌ ഉണ്ടാക്കിയത്‌. എല്ലാവിധ വ്യതിയാനങ്ങള്‍ക്കുമെതിരെ വിട്ടുവീഴ്‌ചയില്ലാതെ പോരാടിക്കൊണ്ട്‌ പാര്‍ടിയെയും വര്‍ഗപ്രസ്ഥാനങ്ങളെയും മുന്നോട്ട്‌ നയിക്കുന്നതിനാണ്‌ സ: ചടയന്‍ ജീവിതത്തിലുടനീളം പരിശ്രമിച്ചത്‌. സഖാവ്‌ കാട്ടിത്തന്ന ഈ മാതൃക പ്രതിസന്ധികളെ അതിജീവിച്ച്‌ മുന്നോട്ട്‌ പോകുന്നതിന്‌ നമുക്ക്‌ കരുത്ത്‌ നല്‍കുന്നതാണ്‌.