കോൺഗ്രസ് പ്രവർത്തകനായി രാഷ്ട്രീയത്തിലിറങ്ങിയ അറാക്കൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടിയുടെയും അവിഭക്ത കമ്യൂണിസ്റ്റ് പാർടിയുടെയും സിപിഐ എമ്മിന്റെയും സജീവ പ്രവർത്തകനും നേതാവുമായി. കെപിസിസി ആഹ്വാന പ്രകാരം 1940 സെപ്തംബർ 15ന് മോറാഴയിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ വളണ്ടിയർ ക്യാപ്റ്റനായി. സംഘട്ടനത്തിൽ മരിച്ച സബ് ഇൻസ്‌പെക്ടർ കുട്ടിക്കൃഷ്ണമേനോന്റെയും പൊലീസിന്റെയും ലാത്തിയടിയേറ്റ് ബോധരഹിതനായി വീണ സഖാവ് ഒളിവിൽ കഴിഞ്ഞാണ് ചികിത്സിച്ചത്. കേസിൽ കെ പിആറിനെ തൂക്കിക്കൊല്ലാനും അറാക്കലിനെ ജീവപര്യന്തം തടവിനും ശിക്ഷിച്ചു.

ശിക്ഷയിളവിനെ തുടർന്ന് 1946 അവസാനം ജയിൽമോചിതനായ അറാക്കലിനെകാവുമ്പായി ആനക്കാരൻ കൊലക്കേസിലും പ്രതിയാക്കി ജീവപര്യന്തം ശിക്ഷിച്ചു. 1957 ൽ ഇ എം എസ് മന്ത്രിസഭ വന്ന ശേഷമാണ് ജയിൽ മോചിതനായത്. 16 കൊല്ലത്തോളം ജയിലിലും ഒളിവിലും കഴിയേണ്ടിവന്നതിനാലും കടുത്ത പൊലീസ് മർദനത്തിന്റെ ഫലമായും രോഗം പിടിപെട്ടാണ് അറാക്കൽ അന്തരിച്ചത്. മോറാഴ ചെറുത്തുനിൽപ്പിന്റെ യഥാർഥ നായകൻ എന്ന് കെ പി ആർ വിശേഷിപ്പിച്ച സഖാവാണ് അറാക്കൽ. ചിറക്കൽ താലൂക്കിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ ധീരോദാത്തമായ നേതൃത്വം നൽകിയ അറാക്കൽ പാടിക്കുന്ന് വെടിവയ്പ് ഘട്ടത്തിൽ ഒളിവിലായിരുന്നു. പാടിക്കുന്ന് ദിനമായ മെയ്നാലിനാണ് (1981) അദ്ദേഹം വിട്ടുപിരിഞ്ഞത്.