കേരളത്തിന്റെ വൈദേശികാധിപത്യ വിരുദ്ധപോരാട്ടങ്ങളുടെ ചരിത്രത്തിലെ വീരനായകൻ കേരളവർമ പഴശിരാജ രക്തസാക്ഷിയായിട്ട് രണ്ട്പതിറ്റാണ്ട് പിന്നിട്ടു കഴിഞ്ഞു. സാമ്രാജ്യത്വത്തിനെതിരായ പോരാട്ടം ലോകവ്യാപകമായി പടരുന്ന ഈ സന്ദർഭത്തിൽ പഴശ്ശിയുടെ പ്രസക്തി വർധിക്കുകയാണ്. കണ്ണൂർ ജില്ലയിലെ കോട്ടയം കോവിലകത്ത് 1755 ലാണ് പഴശ്ശിയുടെ ജനനം. ബ്രിട്ടീഷ് കോളനിവാഴ്ചയ്ക്കെതിരെ പോരാടി രക്തസാക്ഷിയായ അദ്ദേഹം സ്വാതന്ത്ര്യത്തിന്റെയും സ്വയംനിർണയാവകാശത്തിന്റെയും വില ഓർമിപ്പിച്ച ഭരണാധികാരികളിൽ ഒരാളാണ്. ഗറില്ലാതന്ത്രങ്ങളിലൂടെ ബ്രിട്ടീഷുകാരെ നേരിട്ട പഴശ്ശിരാജയുടെ സമരംതന്നെയാണ് കൊച്ചിയിൽ പാലിയത്തച്ചനെയും തിരുവിതാംകൂറിൽ വേലുത്തമ്പിയെയും ബ്രിട്ടനെതിരെ ആയുധമെടുക്കാൻ പ്രേരിപ്പിച്ചത്.
സാമ്രാജ്യത്വ അധിനിവേശത്തിന്റെ കാലൊച്ചകൾ കേട്ട നാളുകളിലാണ് പഴശ്ശിരാജാവിന്റെ ജീവിതകാലം. ഇന്ത്യയിൽനിന്ന് വിഭവങ്ങൾ കടത്തിയും, ഉയർന്ന തോതിൽ നികുതി പിരിച്ചും പോർച്ചുഗീസുകാരും ഡച്ചുകാരും പിന്നെ ഫ്രഞ്ചുകാരും ബ്രിട്ടീഷുകാരും ആധിപത്യത്തിന്റെ പരവതാനി വിരിച്ചു. ജന്മിമാരുടെ കൊടിയ ചൂഷണം കൃഷിക്കാരുടെ നട്ടെല്ലൊടിച്ചു. എങ്ങും പട്ടിണിയും പരിവട്ടവും. ജാതിവ്യവസ്ഥയുടെ നികൃഷ്ടമായ രീതികളിലൂടെ മനുഷ്യരുധിരം വീണ് മണ്ണ് കുതിർന്നു. എന്നിട്ടും നാട്ടുരാജാക്കന്മാർ പരസ്പരം പോരടിക്കുകയായിരുന്നു. യുദ്ധങ്ങളും ഏറ്റുമുട്ടലുകളും അവരുടെ പേരിലാണറിയപ്പെടുന്നതെങ്കിലും എന്നും ചരിത്രം സൃഷ്ടിച്ചത് ജനങ്ങളായിരുന്നു.
ഹൈദരാലിയുടെയും ടിപ്പുവിന്റെയും ജൈത്രയാത്രയ്ക്കിടയിൽ കോട്ടയം രാജാക്കന്മാർ കുടുബസമേതം തിരുവിതാംകൂറിലേക്ക് ഓടിപ്പോയപ്പോൾ സ്വന്തം നാട്ടിലെ ജനങ്ങൾക്കൊപ്പം ധീരതയോടെ നിന്നതിനാലാണ് കേരളവർമ പഴശ്ശിരാജ ജനങ്ങളുടെ രാജാവായി അന്നും ഇന്നും ജനമനസ്സുകളിൽ ജീവിക്കുന്നത്.