റെയിൽവേ തൊഴിലാളികളുടെ സമര നായകൻ കെ അനന്തൻനമ്പ്യാർ 1991 ഒക്ടോബർ 11നാണ് അന്തരിച്ചത്. കോളനി വാഴ്ചയിൽ അടിമതുല്യം പണിയെടുക്കാൻ വിധിക്കപ്പെട്ട റെയിൽവേ തൊഴിലാളികളെ സംഘടിപ്പിച്ച് വർഗബോധവും ആത്മാഭിമാനവുമുള്ളവരാക്കിയത് അദ്ദേഹമാണ്. എണ്ണമറ്റ സമരങ്ങൾ നയിച്ച് അനന്തൻനമ്പ്യാർ  തൊഴിലാളികളുടെ ഹൃദയത്തിൽ പ്രതിഷ്ഠ നേടി.

1918 ജനുവരി 15ന് കണ്ണൂർ  ചെറുതാഴത്താണ് ജനനം. സാമ്പത്തിക പരാധീനതമൂലം ബിരുദം പൂർത്തിയാക്കാനായില്ല. എ കെ ജിയുടെ ശിഷ്യനും ഉറ്റ ബന്ധുവുമായതിനാൽ വിദ്യാഭ്യാസകാലത്തുതന്നെ കമ്യൂണിസ്റ്റ് പാർടിയുമായി ബന്ധമുണ്ടായി.

1946 കാലത്ത് റെയിൽവേ തൊഴിലാളികളെ പണിമുടക്കിന് സജ്ജരാക്കി. നിരവധി തൊഴിലാളികൾക്കെതിരെ സസ്‌പെൻഷനടക്കമുള്ള ശിക്ഷാനടപടിയുണ്ടായി. 1946 സെപ്തംബർ അഞ്ചിന് ഗോൾഡൻ റോക്ക് യൂണിയൻ ഓഫീസിൽ ആലോചനായോഗം ചേർന്നുകൊണ്ടിരിക്കെ അനന്തൻനമ്പ്യാരെ അറസ്റ്റുചെയ്യാൻ മലബാർ സ്‌പെഷ്യൽ പൊലീസ് എത്തി.   തടഞ്ഞ റെയിൽവേ തൊഴിലാളികൾക്കുനേരെ വെടിയുതിർത്തു. അഞ്ചു തൊഴിലാളികൾ സംഭവസ്ഥലത്ത് മരിച്ചു. തോക്കിന്റെ പാത്തികൊണ്ട് തലയ്ക്കടിയേറ്റുവീണ നമ്പ്യാരെ ബയണറ്റുകൊണ്ട് കുത്തുകയും ബൂട്ടിട്ട് ചവിട്ടുകയും ചെയ്തു. മരിച്ചെന്നു കരുതി പൊലീസ് സൂപ്രണ്ട് ഹാരിസൺ സായിപ്പ് ഉപേക്ഷിച്ചുപോകുകയായിരുന്നു. ആ ധീര സ്മരണയ്ക്കു മുന്നിൽ പ്രണാമം.