കമ്യൂണിസ്റ്റ്-ട്രേഡ്‌യൂണിയൻ നേതാവായിരുന്നു പി വിജയൻ. മത്സ്യത്തൊഴിലാളി കുടുംബത്തിൽ പിറന്ന വിജയൻ ബീഡിത്തൊഴിലാളികളെ സംഘടിപ്പിച്ചാണ് പൊതുരംഗത്തെത്തിയത്. 53 ദിവസം നീണ്ട 1946ലെ മലബാർ-തെക്കൻ കർണാടക പണിമുടക്കിന്റെ ഭാഗമായി തലശേരി വാധ്യാർപീടികക്കുമുന്നിൽ നടന്ന സമരം സംഘാടകനാക്കി. ആദ്യത്തെ അറസ്റ്റും ജയിൽവാസവും ഈ സമരത്തിനിടെ. ബീഡി-ചുരുട്ടു തൊഴിലാളികളുടെ പ്രശ്‌നങ്ങൾ ഉയർത്തി മദിരാശിയിലേക്കു പോയ ജാഥാംഗമായിരുന്നു. അടിയന്തരാവസ്ഥക്കെതിരായ ചെറുത്തുനിൽപിനിടെ ഭീകര മർദനമേറ്റു.

തലശേരി നഗരസഭയിലെ ആദ്യത്തെ കമ്യൂണിസ്റ്റ് കൗൺസിലറാണ്. തലശേരി ബീഡിത്തൊഴിലാളി യൂണിയന്റെ പ്രസിഡന്റായി 1964 മുതൽ മരണംവരെ പ്രവർത്തിച്ചു. അവിഭക്ത കമ്യൂണിസ്റ്റ്പാർടി മണ്ഡലം കമ്മിറ്റിയംഗം, സിപിഐ എം ജില്ലാ കമ്മിറ്റി അംഗം, സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം, ജില്ലാ പ്രസിഡന്റ്, മദ്യവ്യവസായത്തൊഴിലാളി യൂണിയൻ സംസ്ഥാന പ്രസിഡന്റ്, മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ്, ബീഡിത്തൊഴിലാളി ഫെഡറേഷൻ ദേശീയസമിതിയംഗം തുടങ്ങിയ നിലകളിൽ  പ്രവർത്തിച്ചു.