അതിയടത്തെ കർഷക കുടുംബത്തിൽ പിറന്ന പി വി എട്ടാംക്ലാസിൽ പഠിക്കുമ്പോൾ  ഉപ്പുസത്യഗ്രഹത്തിന്റെയും കർഷകസമരങ്ങളുടെയും ആവേശമുൾക്കൊണ്ട്  രാഷ്ട്രീയരംഗത്തെത്തി. 14ാം വയസിൽ ബാലസംഘം  വില്ലേജ് സെക്രട്ടറി. പിന്നീട് കർഷക നേതാവായി ഉയർന്നു.

 1948ൽ കുളപ്പുറം കമ്പനിക്കു മുന്നിൽ സാമുവൽ ആറോണിന്റെ സംഘം ക്രൂരമായി മർദിച്ചു. തലയിൽ മോസ്‌കോ റോഡ് വെട്ടി 12 കിലോമീറ്റർ അകലെയുള്ള പയ്യന്നൂർ പൊലീസ് സ്‌റ്റേഷനിലേക്ക് കെട്ടിവലിച്ചു. നിരവധി തവണ പൊലീസ്- ഗുണ്ടാ മർദനമേറ്റു. അടിയന്തരാവസ്ഥയിലുൾപ്പെടെ ദീർഘകാലം ജയിൽവാസവും അനുഭവിച്ചു. പാർടി നിരോധിച്ച കാലത്ത്  നായനാർഎ വി, കെ പി ആർ, അഴീക്കോടൻ തുടങ്ങിയ നേതാക്കളെ ഒളിവിൽ സംരക്ഷിക്കുന്നതിൽ കാണിച്ച ജാഗ്രത അവിസ്മരണീയം. ദേശാഭിമാനിയുടെ വളർച്ചയിലും വലിയ പങ്കുവഹിച്ചു. 1942 മുതൽ അരനൂറ്റാണ്ട് പത്രപ്രചാരകനായി നിലകൊണ്ടു. മാടായി ഫർക്കയിൽ കാൽനടയായി പത്രം എത്തിക്കുക ദിനചര്യയായി. പ്രചാരണമേള സംഘടിപ്പിക്കാനും മുന്നിട്ടിറങ്ങി. ദീർഘകാലം ദേശാഭിമാനി ഡയറക്ടർ ബോർഡ് അംഗമായിരുന്നു.

സംസ്ഥാന സഹകരണ യൂണിയൻ ചെയർമാനായി പ്രവർത്തിച്ച പി വിയുടെ ആത്മസമർപ്പണത്തിന്റെ പ്രതീകമാണ് മാടായി കോ- ഓപ്പറേറ്റീവ് റൂറൽ ബാങ്ക്. 1956 മുതൽ ദീർഘകാലം ബാങ്കിന്റെ പ്രസിഡന്റ്. റെയ്ഡ്‌കോ സ്ഥാപക വൈസ്‌ചെയർമാൻ, കണ്ണൂർ സഹകരണ പ്രസ് സ്ഥാപക പ്രസിഡന്റ്, ചെറുതാഴം പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു.