തലശേരി താലൂക്കിലെ മലയോര മേഖലയിൽ കമ്യൂണിസ്റ്റ്- കർഷകപ്രസ്ഥാനവും സിപിഐ എമ്മും കെട്ടിപ്പടുക്കുന്നതിന് ത്യാഗോജ്വല പ്രവർത്തനം നടത്തിയ സഖാവാണ് പായത്തെ കെ മാധവൻ നമ്പ്യാർ. ജന്മികുടുംബത്തിൽ ജനിച്ച മാധവൻ നമ്പ്യാർ പായം സ്‌കൂളിൽ അധ്യാപകനായിരുന്നു. 1946-48 കാലഘട്ടത്തിൽ ജന്മിത്ത ചൂഷണത്തിനെതിരായ സമരങ്ങളിൽ പങ്കെടുത്ത കർഷക പോരാളികളെ സഹായിക്കാൻ മുന്നിട്ടിറങ്ങി. പിന്നീട് സൈനിക സേവനത്തിലേർപ്പെട്ടു. പട്ടാളത്തിൽനിന്ന് വിട്ടുവന്നതിനുശേഷം മുഴുവൻ സമയ പ്രവർത്തകനായി.

1963 മുതൽ 16 വർഷം പായം പഞ്ചായത്ത് പ്രസിഡന്റായിരുന്നു. സിപിഐ എം തലശേരി താലൂക്ക് കമ്മിറ്റിയംഗം, കൂത്തുപറമ്പ്, മട്ടന്നൂർ ഏരിയാ കമ്മിറ്റിയംഗം, അവിഭക്ത കീഴൂർ-ചാവശേരി ലോക്കൽ സെക്രട്ടറി, കർഷകസംഘം ഏരിയാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. 1965ൽ ജില്ലാ കമ്മിറ്റിയിൽ. അടിയന്തരാവസ്ഥയിലും മിച്ചഭൂമി സമരത്തിന്റെ ഭാഗമായും ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്.