സിപിഐഎം പാപ്പിനിശ്ശേരി ഏരിയാ കമ്മിറ്റി അംഗവും സിഐടിയു ഏരിയാ സെക്രട്ടറിയുമായിരുന്നു സ: പണ്ണേരി ശ്രീധരൻ.

ബീഡിത്തൊഴിലാളിയായി പൊതു പ്രവർത്തന രംഗത്ത് എത്തിയ ശ്രീധരൻ 1966ൽ സിപിഐഎം അംഗമായി. അടിയന്തരാവസ്ഥക്കെതിരായ പ്രക്ഷോഭത്തിൽ പങ്കെടുത്ത ശ്രീധരനും മറ്റു സഖാക്കളും കണ്ണൂർ പട്ടണത്തിൽ വെച്ച് ക്രൂരമായ പൊലീസ് മർദ്ദനത്തിന് വിധേയരായി. പാപ്പിനിശ്ശേരി കോട്ടൻസിനടുത്ത് തൊഴിലാളികളുടെ ധർണ്ണക്ക് നേതൃത്വം കൊടുത്തതിന്റെ പേരിൽ അറസ്റ്റുചെയ്ത് ഡിഐആർ പ്രകാരം 56 ദിവസം ജയിലിൽ അടക്കപ്പെട്ടു.

പീഡിതവ്യവസായങ്ങളേയും തൊഴിൽസംരംഭങ്ങളെയും പുനരുദ്ധരിക്കാനുള്ള തീവ്രശ്രമങ്ങൾ സഖാവ് നടത്തിവന്നിരുന്നു. നാട്ടിലെ കുടികിടപ്പ്, മിച്ചഭൂമി സമരങ്ങൾക്കും ശ്രീധരൻ നേതൃത്വം നൽകിയിരുന്നു.

ഉയർന്ന കമ്യൂണിസ്റ്റ് മൂല്യ ബോധവും എളിമയും ലാളിത്യവും ഉയർത്തിപ്പിടിച്ച് പൊതുരംഗത്ത് പ്രവർത്തിച്ചു വന്ന സ: പണ്ണേരി ഏവർക്കും പ്രിയപ്പെട്ടവനായിരുന്നു. പാർടിയുടെയും ട്രെയിഡ്‌യൂനിയനുകളുടെയും സംഘടനാ രംഗങ്ങളിൽ സജീവമായി പ്രവർത്തിക്കുന്നതോടൊപ്പം തന്നെ സഹകരണ, സാംസ്‌കാരിക മേഖലകളിലും തന്റെ വ്യക്തിമുദ്ര പതിപ്പിക്കുകയുണ്ടായി.