ജന്മി നാടുവാഴിത്തത്തെയും ഭരണവർഗത്തെയും അവയുടെ രാഷ്ട്രീയ രൂപങ്ങളെയും കിടിലംകൊള്ളിച്ച മൂന്നക്ഷരമാണ് ജീവിച്ചിരിക്കെ ഇതിഹാസ നായകനായി മലബാറിലാകെ വാഴ്ത്തപ്പെട്ട  കെ പി ആർജന്മി കുടുംബത്തിൽ ജനിച്ച കെ പി ആർ ഭേദപ്പെട്ട സർക്കാർ ജോലി വലിച്ചെറിഞ്ഞാണ് ദേശീയ സ്വാതന്ത്ര്യ പ്രക്ഷോഭത്തിലേക്ക് എടുത്തുചാടിയത്. അയിത്തത്തിനും ജന്മിത്ത ചൂഷണത്തിനുമെതിരായ സമരങ്ങളും ബ്രിട്ടീഷ് സാമ്രാജ്യത്വ വിരുദ്ധ സമരവും നടത്തി കമ്യൂണിസ്റ്റ് പാർടിയിലേക്കെത്തിയ അദ്ദേഹം  ത്യാഗത്തിന്റെ പ്രതീകമായി.  

 1939ൽ പിണറായി പാറപ്രത്ത് ചേർന്ന കമ്യൂണിസ്റ്റ് പാർടി കേരളഘടകം രൂപീകരണ സമ്മേളനത്തിൽ കെ പി ആർ പങ്കെടുത്തിരുന്നു. 1940 സെപ്തംബർ 15 ന് ഇടതുപക്ഷ കെപിസിസിയുടെ ആഹ്വാനപ്രകാരം നടന്ന മർദനപ്രതിഷേധ ദിനാചരണം കേരള രാഷ്ട്രീയ ചരിത്രത്തിലെ ഐതിഹാസിക അധ്യായമാണ്. മോറാഴയിൽ അന്നു നടന്ന ജനകീയ ചെറുത്തുനിൽപ്പിന് നേതൃത്വം നൽകിയത് കെ പി ആറാണ്.

മോറാഴ കേസിൽ കെ പി ആറിന് വധശിക്ഷ വിധിച്ചു. രാജ്യത്തങ്ങോളമിങ്ങോളമുയർന്നുവന്ന, വിദേശങ്ങളിൽ പോലും അലയടിച്ച പ്രതിഷേധക്കൊടുങ്കാറ്റിനെ തുടർന്നാണ് കെ പി ആറിനെ തൂക്കിക്കൊല്ലുന്നതിൽനിന്ന് സാമ്രാജ്യത്വ ഭരണകൂടം പിന്തിരിഞ്ഞത്. കെ പി ആറിനെ വധിക്കരുതെന്നാവശ്യപ്പെട്ട് നടന്ന പ്രക്ഷോഭം കേരളത്തിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം വളർത്തുന്നതിൽ ഏറെ സഹായകമായി. തൂക്കിക്കൊല്ലാൻ വിധിക്കപ്പെട്ട് ജയിലിൽ കഴിയുമ്പോൾ തൂക്കം വർധിച്ചുവെന്നത് ആ മഹാ വിപ്ലവകാരിയുടെ മനക്കരുത്തും നിശ്ചയദാർഢ്യവും വ്യക്തമാക്കുന്നു. 

ജനകീയ പ്രക്ഷോഭങ്ങൾ അടിച്ചമർത്തുന്നതിനെതിരെയുള്ള ചെറുത്തുനിൽപ്പിനിടെ രണ്ട് കൊലക്കേസുകളിൽപ്പെട്ട് ജയിലിലും ഒളിവിലും ദീർഘകാലം കഴിഞ്ഞ കെ പി ആർ ത്യാഗത്തിന്റെ മൂർത്തരൂപമായിരുന്നു. പിൽക്കാലത്ത് നയപരവും സംഘടനാപരവുമായ വ്യതിയാനത്തിന് അടിപ്പെട്ട് കെ പി ആർ സിപിഐ എമ്മിൽനിന്ന് പുറത്തുപോയി. പാർടിയിൽനിന്ന് പുറത്തായിട്ടും അവസാനശ്വാസംവരെ കമ്യൂണിസ്റ്റ് മൂല്യങ്ങൾ കൈവിടാതെ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കൊപ്പം ഉറച്ചുനിന്നുവെന്നതാണ് കെ പി ആറിലെ വിപ്ലവകാരിയുടെ മഹത്വം.