സിപിഐ എം സംസ്ഥാന കൺട്രോൾ കമീഷൻ അംഗം, കണ്ണൂർ ജില്ലാ സെക്രട്ടറിയറ്റംഗം, സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ്, കണ്ണൂർ സഹകരണ സ്പിന്നിങ്മിൽ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിക്കുമ്പോഴാണ് സഖാവ് നമ്മെ വിട്ടുപിരിഞ്ഞത്. 

അണ്ടലൂരിലെ പാവപ്പെട്ട വിറകുവെട്ട് തൊഴിലാളി മമ്മാലി കണാരന്റെയും വടവതി കല്യാണിയുടെയും മകനായി 1937 ലാണ് ജനിച്ചത്. ഒമ്പതാം ക്ലാസിൽ പഠനം നിർത്തി ബീഡിതെറുപ്പിലേർപ്പെട്ടു. അൽപകാലം അണ്ടലൂർ യുപി സ്‌കൂൾ ശിപായിയായി. അതുപേക്ഷിച്ച് വീണ്ടും ബീഡിത്തൊഴിലാളിയായി. ബീഡിത്തൊഴിലാളികളെ സംഘടിപ്പിച്ച് സമര സംഘടനയുണ്ടാക്കുന്നതിൽ ചെറുപ്പകാലത്തേ വടവതി മുഴുകി. 

തലശേരി, ധർമടം പ്രദേശത്ത് സിപിഐ എമ്മും ട്രേഡ് യൂണിയൻ പ്രസ്ഥാനവും കെട്ടിപ്പടുക്കുന്നതിൽ ത്യാഗപൂർവം പ്രവർത്തിച്ച വടവതി തലശേരി ജനതയുടെ സ്‌നേഹാദരങ്ങൾക്ക് പാത്രമായി. തലശേരിബീഡിത്തൊഴിലാളി യൂണിയന്റെയും പീയേഴ്‌സ് ലെസ്ലി ഫാക്ടറി തൊഴിലാളി യൂണിയന്റെയും പ്രസിഡന്റായി ദീർഘകാലം പ്രവർത്തിച്ചു.

1962 ലെ കർഷകസമരം, 67- 69 കാലത്ത് ബീഡിത്തൊഴിലാളികൾ നടത്തിയ ഐതിഹാസിക സമരങ്ങൾ എന്നിവയിലെല്ലാം നേതൃപരമായ പങ്കുവഹിച്ചു. 1970 ൽ പാർടിയുടെ ധർമടം ലോക്കൽ സെക്രട്ടറിയും 77 ൽ ജില്ലാ കമ്മിറ്റി അംഗവും 80 മുതൽ 89 വരെ തലശേരി ഏരിയാ സെക്രട്ടറിയും 89 മുതൽ മരണംവരെ (ചെറിയ ഇടവേളയൊഴിച്ച്) ജില്ലാ സെക്രട്ടറിയറ്റംഗമായും പ്രവർത്തിച്ചു. 1995 മുതൽ മരണംവരെ സംസ്ഥാന കൺട്രോൾ കമീഷൻ അംഗം.  

തലശേരി മേഖലയിൽ അറുപതുകളുടെ അവസാനകാലംമുതൽ നിരന്തരമുണ്ടായ ആർഎസ്എസ് കടന്നാക്രമണത്തെ ചെറുത്തുതോൽപിക്കുന്നതിൽ ഉജ്വല നേതൃത്വം നൽകി. 1972 ൽ തലശേരിയിൽ വർഗീയ കലാപം നടന്നപ്പോൾ അതിനെതിരെ ജനങ്ങളെ സംഘടിപ്പിക്കുന്നതിനും അക്രമത്തിനിരയായവരെ സഹായിക്കുന്നതിനും മുന്നിട്ടിറങ്ങി പ്രവർത്തിച്ചു. 

സൗമ്യമധുരമായ പെരുമാറ്റവും സവിശേഷമായ സംഘടനാപാടവവും പ്രഭാഷണ ചാതുരിയും ലളിത ജീവിതശൈലിയും എല്ലാം ചേർന്ന് ആകർഷക വ്യക്തിത്വമായിരുന്നു വടവതിയുടേത്. കണ്ണൂർ ജില്ലാ കൗൺസിൽ വൈസ് പ്രസിഡന്റെന്ന നിലയിലെ പ്രവർത്തനവും സ്മരണീയം. പാർടി-ട്രേഡ് യൂണിയൻ സംഘടനാ പ്രവർത്തനത്തിനിടെ പലതവണ പൊലീസ് - ഗുണ്ടാ പീഡനത്തിനിരയായി.