കാവുമ്പായി സമര നായകരിലൊരാളായ സ. എം സി കുഞ്ഞിക്കണ്ണൻ നമ്പ്യാർ ജൂലൈ 23നാണ് നമ്മെ വിട്ടുപിരിഞ്ഞിട്ട്. പഴയ ഇരിക്കൂർ ഫർക്കയിൽ കമ്യൂണിസ്റ്റ്- കർഷക പ്രസ്ഥാനം കെട്ടിപ്പടുക്കാൻ ത്യാഗപൂർണമായി പ്രവർത്തിച്ച ജനനേതാവായിരുന്നു എം സി. ജന്മിത്തത്തിനും സാമ്രാജ്യത്വത്തിനുമെതിരെ നടന്ന ഐതിഹാസികമായ കാവുമ്പായി സമരത്തിന് ജനങ്ങളെ സജ്ജമാക്കുന്നതിൽ എം സി വഹിച്ച പങ്ക് അവിസ്മരണീയമാണ്. 

കാവുമ്പായി സമരത്തിൽ   1946 ഡിസംബർ 30ന് പുലർച്ചെ സമരക്കുന്നിനടുത്ത കടയിൽവച്ച് അറസ്റ്റിലായ എംസിയെയും മറ്റ് ഒമ്പതുപേരെയും നിരത്തിനിർത്തി വെടിവച്ചുകൊല്ലാനൊരുങ്ങിയതാണ്. അവിടെയെത്തിയ ഒരു ബ്രിട്ടീഷ് ഓഫീസറുടെ ഇടപെടൽകൊണ്ടാണ് എം സിക്കും കൂട്ടർക്കും ജീവൻ ബാക്കിയായത്.

അവിഭക്ത കമ്യൂണിസ്റ്റ് പാർടിയുടെയും പിന്നീട് സിപിഐഎമ്മിന്റെയും കണ്ണൂർ ജില്ലാ കമ്മിറ്റിയംഗം, ശ്രീകണ്ഠപുരം ഏരിയാ കമ്മിറ്റിയംഗം, കർഷകസംഘം ജില്ലാ കമ്മിറ്റിയംഗം, ഫ്രീഡം ഫൈറ്റേഴ്‌സ് അസോസിയേഷൻ ജില്ലാവൈസ്പ്രസിഡന്റ് എന്നിങ്ങനെ പ്രവർത്തിച്ചിരുന്നു. മരിക്കുമ്പോൾ സിപിഐ എം കാവുമ്പായി ലോക്കൽ കമ്മിറ്റിയംഗം.