സ്വാതന്ത്ര്യസമര സേനാനിയും കമ്യൂണിസ്റ്റ്- കർഷക പ്രസ്ഥാനത്തിന്റെ പ്രമുഖ നേതാവുമായിരുന്ന എം പി നാരായണൻ നമ്പ്യാർ ജൂൺ നാലിനാണ് നമ്മെ വിട്ടുപിരിഞ്ഞത്.  ദേശീയ പ്രസ്ഥാനത്തിന് കെ പി ആർ ഗോപാലൻ, ഇ കെ നായനാർ, കെ വി നാരായണൻ നമ്പ്യാർ, കെ പി ആർ രയരപ്പൻ തുടങ്ങിയ നേതാക്കളെ സംഭാവന ചെയ്ത കല്യാശേരിയുടെ മറ്റൊരു ധീരപുത്രനാണ് എം പി. സമ്പന്ന കുടുംബത്തിൽ ജനിച്ച് ബാലസംഘത്തിലൂടെ കർഷകസംഘത്തിലും കമ്യൂണിസ്റ്റ് പാർടിയിലുമെത്തി. ഏഴര വർഷം തടവറയിൽ കഴിഞ്ഞ എം പി ഒമ്പതുമാസം ഒളിവിലുമായിരുന്നു. മറുനാടൻ മലയാളികളെ സിപിഐ എമ്മിനൊപ്പം നിർത്താൻ നടത്തിയ പ്രവർത്തനം ചരിത്രത്തിന്റെ ഭാഗം. മുംബൈയിലും മദിരാശിയിലും ദീർഘനാൾ താമസിച്ചായിരുന്നു ഇത്.

സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി നടന്ന നിരവധി പോരാട്ടങ്ങളിൽ എം പിയുടെ സാന്നിധ്യവും നേതൃത്വവും ഉണ്ടായി. തിരുവിതാംകൂറിൽ ഉത്തരവാദ ഭരണത്തിനുവേണ്ടി നടന്ന സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് എ കെ ജിയുടെ നേതൃത്വത്തിൽ കോഴിക്കോടുനിന്ന് ആരംഭിച്ച മലബാർ ജാഥയിലെ  പ്രായം കുറഞ്ഞ അംഗമായിരുന്നു. പിന്നീടിങ്ങോട്ട് എണ്ണമറ്റ സമരങ്ങൾ, അറസ്റ്റ്, മർദനം, ജയിൽവാസം.

കമ്യൂണിസ്റ്റ് പാർടി പാപ്പിനിശേരി ഏരിയാസെക്രട്ടറി, സിപിഐ എം മാടായി ഏരിയാ സെക്രട്ടറി, ജില്ലാ-സംസ്ഥാന കമ്മിറ്റി അംഗം, കർഷകസംഘം സംസ്ഥാന സെക്രട്ടറി, ആക്ടിങ് പ്രസിഡന്റ് എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിച്ചു. കല്യാശേരി പഞ്ചായത്ത് പ്രസിഡന്റും പഞ്ചായത്ത് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റുമായിരുന്നു. രണ്ടാം ലോകയുദ്ധകാലത്ത് അഞ്ചു വർഷം സൈന്യത്തിലായിരുന്ന എം പി സംസ്ഥാന വളണ്ടിയർ ക്യാപ്റ്റനുമായിരുന്നു.