ചെമ്പിലോട് പഞ്ചായത്തിലെ കോയ്യോട്ട് ജനിച്ച കെ കെ എൻ നരിക്കോട് സ്‌കൂളിൽ 1938 ൽ അധ്യാപകനായി ചേർന്നു. സ്‌കൂൾ നിന്ന സ്ഥലത്തിന്റെ ജന്മിക്കെതിരെ കൃഷിക്കാരെ സംഘടിപ്പിച്ചുകൊണ്ടാണ് സജീവ രാഷ്ട്രീയ പ്രവർത്തകനായത്. 

1940 ൽ കമ്യൂണിസ്റ്റ് പാർടി അംഗമായ പരിയാരം മോറാഴ സംഭവത്തെ തുടർന്ന് ഒളിവിൽ പോയി. 1940 നവംബറിൽ അറസ്റ്റിലായ സഖാവിനെ പൊലീസ് ക്രൂരമായി മർദിച്ചു. ജയിലിലും പുറത്തും മർദനത്തിനിരയായതിനെ തുടർന്ന് അസുഖം ബാധിച്ച അദ്ദേഹത്തെ ജയിലിൽ നിന്ന് വിട്ടു. 

1948ൽ ഒളിവിലായി. അക്കൊല്ലം കയ്യൂർ ദിനത്തോടനുബന്ധിച്ചുള്ള പ്രകടനത്തിൽ പങ്കെടുത്ത് പൊതുയോഗത്തിൽ പ്രസംഗിക്കുമ്പോൾ പൊലീസ് അറസ്റ്റ് ചെയ്തു. ആറുമാസം ജയിലിൽ കിടന്നു. പുറത്തുവന്നതിന് ശേഷം 1950 വരെ ഒളിവിലായിരുന്നു. 1965ൽ ചൈനാ ചാരനെന്ന് ആരോപിച്ചും 1975 ൽ അടിയന്തരാവസ്ഥയിലും തടവിലാക്കി. 1987 ൽ നിയമസഭാംഗമായി. ആ സ്ഥാനത്ത് തുടരുമ്പോഴായിരുന്നു അന്ത്യം. 

ദീർഘകാലം സിപിഐ-എം തളിപ്പറമ്പ് ഏരിയാ സെക്രട്ടറിയായും ജില്ലാ കമ്മിറ്റി അംഗമായും പ്രവർത്തിച്ച പരിയാരം ഈ പ്രദേശങ്ങളിൽ   പാർടി കെട്ടിപ്പടുക്കുന്നതിൽ നിസ്തുല സേവനമാണ് അനുഷ്ഠിച്ചത്.   1989 ഫിബ്രവരി 24ന് അന്തരിച്ചു.