കരിവെള്ളൂർ സമരനായകരിലൊരാളും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യകാലപോരാളിയുമായിരുന്നു സ. കെ കൃഷ്ണൻമാസ്റ്റർ. ജീവിതകാലം മുഴുവൻ അധ്വാനിക്കുന്ന വർഗത്തിനുവേണ്ടി പൊരുതിയ അദ്ദേഹം കമ്യൂണിസ്റ്റുകാർക്കെല്ലാം മാതൃകയായിരുന്നു. 

കരിവെള്ളൂർ പോരാട്ടത്തിൽ രക്തസാക്ഷികളായ തിടിൽ കണ്ണനും കീനേരി കുഞ്ഞമ്പുവിനുമൊപ്പം മരിച്ചെന്ന് കരുതി വലിച്ചിഴക്കപ്പെട്ട ശരീരങ്ങൾ എ വി, കൃഷ്ണൻമാസ്റ്റർ, പുതിയടത്ത് രാമേട്ടൻ എന്നിവരുടേതായിരുന്നു.

1912 ഫെബ്രുവരി 28ന് കരിവെള്ളൂരിലെ നിർധന കുടുംബത്തിലാണ് ജനനം. 1934ൽ അധ്യാപക പരിശീലനത്തിനുശേഷം തടിയൻകൊവ്വൽ സ്‌കൂളിലും പിന്നീട് മാന്യഗുരു സ്‌കൂളിലും അധ്യാപകനായി. അധ്യാപക പ്രസ്ഥാനത്തിന്റെ പ്രധാന പ്രവർത്തകനും നേതാവുമായി.

1939ൽ കമ്യൂണിസ്റ്റ് പാർടി അംഗം. 1940 സെപ്തംബർ 15ന് മർദനപ്രതിഷേധ ദിനത്തിന്റെ ഭാഗമായി കരിവെള്ളൂരിൽനിന്ന് മോറാഴയിലേക്ക് പുറപ്പെട്ട ജാഥയുടെ നേതാവ് കൃഷ്ണൻ മാസ്റ്ററായിരുന്നു. പാർടി പ്രവർത്തനത്തിന്റെ പേരിൽ 1941 ൽ അധ്യാപക സർട്ടിഫിക്കറ്റ് റദ്ദാക്കപ്പെട്ടു. പിന്നീടൊരിക്കലും തിരിച്ചുലഭിച്ചില്ല. 1942ൽ ചിറക്കൽ താലൂക്ക് കർഷകസംഘത്തിന്റെയും കമ്യൂണിസ്റ്റ് പാർടിയുടെയും സെക്രട്ടറിയായി. കണ്ണൂർ, പറശ്ശിനിക്കടവ്, കല്യാശേരി എന്നിവിടങ്ങളിൽ ഓഫീസ് സെക്രട്ടറിയുമായി. 

1946ലെ കരിവെള്ളൂർ സമരത്തെ തുടർന്ന് കടുത്ത മർദനത്തിന് ഇരയായി. തലശേരി, കണ്ണൂർ, ജയിലുകളിൽ തടവിലാക്കപ്പെട്ടു. കരിവെള്ളൂർ കേസിൽ അഞ്ചു വർഷത്തെ ശിക്ഷ. കണ്ണൂർ സെൻട്രൽ ജയിലിൽ നിരാഹാരമനുഷ്ഠിച്ച സുബ്രഹ്മണ്യഷേണായിയെ സഹായിച്ചതിന്റെപേരിൽ ഏകാന്ത തടവിലിട്ടു. അദ്ദേഹവും നിരാഹാരം തുടങ്ങി. മരിക്കുമെന്ന് തോന്നിയ ഘട്ടത്തിലാണ് അധികൃതർ ഇടപെട്ടത്. 1950ൽ സേലം ജയിലിലേക്ക് മാറ്റിയ കൃഷ്ണൻമാസ്റ്റർ തലനാരിഴക്കാണ് വെടിവയ്പ്പിൽനിന്ന് രക്ഷപ്പെട്ടത്. 1951ൽ മോചിതനായി. 1962'ചൈനാ ചാരനായി' മുദ്രകുത്തി അറസ്റ്റ് ചെയ്തു. അടിയന്തരാവസ്ഥക്കാലത്ത് പാർടി കരിവെള്ളൂർ- പിലിക്കോട് എൽസി സെക്രട്ടറിയായിരുന്നു.