അചഞ്ചലമായ പാർടിക്കൂറും നിശ്ചയദാർഢ്യവും ലാളിത്യവും സംഘടനാപാടവവും ഒത്തിണങ്ങിയ സഖാവായിരുന്നു എം ഒ പി. സിപിഐ എം കൂത്തുപറമ്പ് ഏരിയാ സെക്രട്ടറിയും  ജില്ലാ കമ്മിറ്റി അംഗവുമായിരിക്കെയാണ് 2001 ഏപ്രിൽ 30 ന് സഖാവ് അന്തരിച്ചത്. സഹകാരി, കർഷകത്തൊഴിലാളി നേതാവ് എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ച എം ഒ പി ദീർഘകാലം കൂത്തുപറമ്പ് പ്രദേശത്തെ പാർടി നേതൃസ്ഥാനത്തായിരുന്നു. പാതിരിയാട് പ്രദേശത്ത് സാധാരണ തൊഴിലാളിയായി ജീവിതമാരംഭിച്ച അദ്ദേഹം നിരവധി പീഡനങ്ങളും മർദനങ്ങളും സഹിച്ചാണ് മമ്പറംപോലുള്ള മേഖലകളിൽ പാർടി സംഘടന വളർത്താൻ യത്‌നിച്ചത്.

കടുത്ത ആസ്ത്മയും ക്ഷയരോഗവും ബാധിച്ച്, ശാരീരികമായി അവശത അനുഭവിക്കുമ്പോഴും ചിട്ടയായ പാർടി പ്രവർത്തനത്തിൽ വിട്ടുവീഴ്ച ചെയ്തിരുന്നില്ല. കൂത്തുപറമ്പ് മേഖലയിൽ ആർഎസ്എസ്സും പൊലീസും സിപിഐ എമ്മിനെ നിരന്തരം വേട്ടയാടിയപ്പോൾ അതിനെ ചെറുത്തുപരാജയപ്പെടുത്തുന്നതിന് എം ഒ പി നൽകിയ നേതൃത്വം അവിസ്മരണീയം. സർവാദരണീയനായ അദ്ദേഹത്തെ അറസ്റ്റു ചെയ്ത് ലോക്കപ്പിലിട്ട് പീഡിപ്പിക്കാനും 'ടാഡ' ചുമത്തി തിരുവനന്തപുരം സെൻട്രൽ ജയിലിലടയ്ക്കാനും പൊലീസ് തയ്യാറായി. ആ പീഡനങ്ങളെ അക്ഷോഭ്യനായി നേരിട്ട എം ഒ പി മറ്റെല്ലാ സഖാക്കൾക്കും ധീരത പകർന്നുനൽകി.  

സുദീർഘമായി പ്രസംഗിക്കാറില്ലെങ്കിലും എം ഒ പിയുടെ വാക്കുകൾക്ക് അസാധാരണ തീക്ഷ്ണതയുണ്ടായിരുന്നു; ധീരതയും സ്ഥൈര്യവുമുണ്ടായിരുന്നു. ജീവിതം മുഴുവൻപ്രസ്ഥാനത്തിനുവേണ്ടി നീക്കിവച്ച എംഒപി അവിവാഹിതനായിരുന്നു.