ആക്രമണ സമരങ്ങള്‍ സംഘടിപ്പിച്ച് സി.പി.ഐ.എമ്മിന്‍റെ ഓഫീസുകള്‍ക്ക് നേരെയും, കൊടിമരങ്ങള്‍, പ്രചരണബോര്‍ഡുകള്‍ എന്നിവയും നശിപ്പിക്കുന്ന കോണ്‍ഗ്രസ്സ്-ബി.ജെ.പി ശ്രമങ്ങളെ കരുതിയിരിക്കണമെന്ന് സി.പി.ഐ(എം) ജില്ലാസെക്രട്ടറി എം വി ജയരാജന്‍ പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.

ഇന്ന് യൂത്ത് കോണ്‍ഗ്രസ്സ്-കെ.എസ്.യു കലക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ചിന്‍റെ ഭാഗമായി എ.കെ.ജി സ്ക്വയറില്‍ സ്ഥാപിച്ച പ്രചരണ ബോര്‍ഡ് വലിച്ചുകീറി നശിപ്പിക്കുകയുണ്ടായി. വെഞ്ഞാറമൂടില്‍ കോണ്‍ഗ്രസ്സ് ഗുണ്ടകള്‍ കൊലപ്പെടുത്തിയ രക്തസാക്ഷികളുടെ ചിത്രവും ڇഓണക്കോടിയുടുക്കേണ്ടവരെ മരണക്കോടി പുതപ്പിച്ച കോണ്‍ഗ്രസ്സ് ക്രൂരത മറക്കില്ല കേരളംڈ എന്ന മുദ്രാവാക്യമടങ്ങിയ വലിയ പ്രചരണ ബോര്‍ഡാണ് നശിപ്പിച്ചത്. ആക്രമണ ആഹ്വാനം  ചെയ്ത കോണ്‍ഗ്രസ്സ് നേതാക്കന്‍മാരുടെ പ്രസംഗങ്ങള്‍ പ്രാവര്‍ത്തികമാക്കുകയാണ് കോണ്‍ഗ്രസ്സ് അണികള്‍. ബി.ജെ.പി ആക്രമികള്‍ പാപ്പിനിശ്ശേരി ലോക്കല്‍ കമ്മിറ്റി ഓഫീസ് പ്രവര്‍ത്തിക്കുന്ന എ.കെ.ജി സെന്‍ററിന് നേരെ ആക്രമണം നടത്തുകയും ഓഫീസിന്‍റെ മുന്നില്‍ സ്ഥാപിച്ച കൊടിമരം തകര്‍ക്കുകയും ചെയ്യുകയുണ്ടായി. നാട്ടിലാകെ ആക്രമണ സമരങ്ങള്‍ നടത്തി ക്രമസമാധാനം തകര്‍ക്കാനുള്ള ശ്രമങ്ങളാണ് കോണ്‍ഗ്രസ്സിന്‍റെയും, ബി.ജെ.പിയുടെയും ഭാഗത്ത് നിന്നും ഉണ്ടാകുന്നത്.ആക്രമികള്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് ജയരാജന്‍ ആവശ്യപ്പെട്ടു. ആക്രമ സമരങ്ങളെ എല്ലാ ജനാധിപത്യവിശ്വാസികളും അപലപിക്കണമെന്നും ആക്രമണത്തിനെതിരായി രംഗത്ത് വരണമെന്നും അഭ്യര്‍ത്ഥിച്ചു.