ചെറുപുഴ കരാറുകാരൻ ജോസഫിന്റെ ദുരൂഹമരണത്തിനുത്തരവാദികളുടെ പേരിൽ നടപടി എടുക്കുക, സാമ്പത്തിക തട്ടിപ്പിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുക, കുറ്റവാളികളെ സംരക്ഷിക്കുന്ന കോൺഗ്രസ്സിനെ തിരിച്ചറിയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ ചെറുപുഴ, ആലക്കോട്, തളിപ്പറമ്പ്, കണ്ണൂർ, തലശ്ശേരി, ഇരിട്ടി എന്നീ കേന്ദ്രങ്ങളിൽ ബഹുജന ധർണ്ണ സംഘടിപ്പിക്കുന്നു. ചെറുപുഴയിൽ സപ്തംബർ 28 നും മറ്റ് സ്ഥലങ്ങളിൽ ഗാന്ധിജയന്തി ദിനമായ ഒക്‌ടോബർ 2 നുംവൈകുന്നേരം 4 മണിക്കാണ് ധർണ്ണ. വഞ്ചനാക്കേസിൽ പ്രതികളായ 5 കോൺഗ്രസ്സ്-ലീഗ് നേതാക്കളെ കോടതി റിമാന്റ് ചെയ്ത് ജയിലിലടച്ചിരിക്കുകയാണ്. കോൺഗ്രസ്സ് നേതൃത്വം ഇപ്പോൾ കുറ്റകരമായ മൗനത്തിലാണ്.

കെ. കരുണാകരന്റെ പേരിൽ കാസർഗോഡ്, കണ്ണൂർജില്ലകളിൽ രണ്ട് ട്രസ്റ്റുകൾ രൂപികരിച്ചത് തന്നെ തട്ടിപ്പ് നടത്താനാണ്. ഈ രണ്ട് ട്രസ്റ്റുകൾക്ക് പുറമെ രണ്ട് സ്വകാര്യസ്ഥാപനങ്ങളും രൂപികരിച്ചു. ഒരു ആശുപത്രി നടത്താൻ 4 സ്ഥാപനങ്ങൾ എന്തിനാണ്? രാജ്യത്ത് ഒരിടത്തും ഇത്തരമൊരു തട്ടിപ്പ് കണ്ടെത്താൻ കഴിയില്ല. ആദ്യ ട്രസ്റ്റിലെ ഭരണസമിതി അംഗങ്ങൾ അറിയാതെയാണ് മറ്റു സ്ഥാപനങ്ങൾ രൂപികരിച്ചത്.

കെ. കരുണാകരന്റെ പേരിൽ ട്രസ്റ്റ്‌രൂപികരിക്കുകയും ജനങ്ങളിൽ നിന്നും ലക്ഷങ്ങൾ സമാഹരിച്ച ശേഷം സ്വകാര്യ സംരഭമുണ്ടാക്കി ട്രസ്റ്റംഗങ്ങളെയും പൊതുജനങ്ങളെയും വഞ്ചിക്കുകയും, വിലക്ക ്‌വാങ്ങിയ സ്ഥലവും പണിത കെട്ടിടവും മറിച്ച്‌വിറ്റ് പണമുണ്ടാക്കുകയും ചെയ്തത് സാധാരണ കോൺഗ്രസ്സുകാരല്ല ഉന്നത നേതാക്കളാണ്. കോൺഗ്രസ്സിന്റെ ജീർണ്ണമുഖമാണ് ഇതിലൂടെ വ്യക്തമാകുന്നത്.

കരാറുകാരന് പണം നൽകാനുണ്ടെന്ന് ഇതിനകം തെളിഞ്ഞതാണ്. മരണശേഷം നൽകാനുള്ള പണത്തിന്റെ ഒരു ഗഡുവിനുള്ള ചെക്ക് കുടുംബത്തിന് നൽകിയതായി അറിയുന്നു. പണം നൽകിയതോടെ കോൺഗ്രസ്സുകാർ തന്നെയാണ് ജോസഫിന്റെ ദുരൂഹമരണത്തിന് ഉത്തരവാദികളെന്ന് വ്യക്തമായിരിക്കുകയാണ്. തരാനുള്ള പണംവാങ്ങാനാണ് താൻ പണിത കെട്ടിടത്തിലേക്ക് സപ്തംബർ 4ന് ജോസഫ് പോയത്. അതാവട്ടെ കോൺഗ്രസ്സ് നേതാക്കൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് താനും. കെകരുണാകരന്റെ പേരിൽ പണിത കെട്ടിടം വിറ്റുകിട്ടിയ പണം കരാറുകാരൻ ജോസഫിന് നൽകാതെ കോൺഗ്രസ്സുകാർ സ്വന്തമായി തട്ടിയെടുത്തു. അതാണ് ജോസഫിന്റെ മരണത്തിനിടയാക്കിയത്. ജോസഫിന്റെ കുടുംബം നൽകിയ പരാതിയിൽ മരണത്തിൽ ദുരൂഹതയുണ്ടെന്നും കൊലപാതകമാണെന്നുമുള്ള സംശയം പ്രമകടിപ്പിച്ചിട്ടുണ്ട്. ജോസഫിന്റെ ഭാര്യ മുഖ്യമന്ത്രിക്കും, ഡി.ജി.പിക്കും നൽകിയ പരാതിയിൽ ഇപ്രകാരം പറയുന്നു. ''കെ കുഞ്ഞികൃഷ്ണൻ നായരും, റോഷി ജോസുമടക്കമുള്ളവർ ഒത്തൊരുമിച്ചും കൂട്ടായും ഭർത്താവിനെ ഇല്ലാതാക്കുന്നതിന് വേണ്ടിഗൂഡാലോചന നടത്തി ഭർത്താവിന് പണം നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ആശുപത്രിയിലേക്ക് വിളിച്ചുവരുത്തി രേഖകളെല്ലാം കൈവശപ്പെടുത്തി ഭർത്താവിനെ അപായപ്പെടുത്തുകയാണ് ഉണ്ടായത്എന്ന് ഞാൻ പൂർണ്ണമായുംവിശ്വസിക്കുന്നു. ഭർത്താവിന്റെ മരണത്തിന് ഇവരാണ് ഉത്തരവാദികൾ'' മകൻ കെ.പി.സി.സി പ്രസിഡണ്ടിന് അയച്ച കത്തിൽ പറയുന്നത് ഇപ്രകാരമാണ്''കോടികളുടെ അഴിമതി മറച്ചുവെക്കാൻ എന്റെ പപ്പയെ ഇവിടുത്തെ പാർട്ടി നേതാക്കൾ ഇല്ലാതാക്കി എന്ന് ഞാൻ സംശയിക്കുന്നു. എന്തിനായിരുന്നു ഞങ്ങളുടെ കുടുംബത്തോട് ഈ ക്രൂരതകാട്ടിയത്.''

ഇതിനൊന്നും വ്യക്തമായ ഉത്തരം നൽകാതെ കോൺഗ്രസ്സ് നേതൃത്വം പണം കൊടുത്ത് കേസ് ഒതുക്കാനാണ് ശ്രമിക്കുന്നത്. പണം എവിടെ നിന്നാണ്, ആരാണ് കൊടുത്തത്, ഈ പണം സമാഹരിച്ചതും വഴിവിട്ട മാർഗ്ഗത്തിലൂടെയാണോ എന്നീ സംശയങ്ങൾ ഉയർന്നു വന്നിട്ടുണ്ട്. ജില്ലാ ആസ്ഥാനത്തെ പാർട്ടി ഓഫീസ് പണിയാൻ പണമില്ലാത്തതിനാൽ വർഷങ്ങളായി പണി പൂർത്തികരിക്കാൻ കഴിയാത്തവരാണ് ഇവരെന്നാണ് പലരും പറയുന്നത്. സമഗ്ര അന്വേഷണംവേണമെന്നും, മരണത്തിനുത്തരവാദികളുടെ പേരിൽ നടപടിയെടുക്കണമെന്ന് കെമുരളീധരൻ പോലും ആവശ്യപ്പെട്ടുകഴിഞ്ഞു. ഇതൊന്നും കോൺഗ്രസ്സ് നേതൃത്വം കാണുന്നില്ലെ. എന്നിട്ടും കുറ്റവാളികളെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്. വഞ്ചനക്കേസിൽ പ്രതികളായി ജയിലിൽകിടക്കുന്നവർ ഇപ്പോഴും കോൺഗ്രസ്സിന്റെ നേതൃനിരയിൽതന്നെയുണ്ട്. അതിൽ ഒരാൾ പോക്‌സോകേസിലെ പ്രതിയാണ് താനും. എന്നിട്ടുംകോൺഗ്രസ്സ് പാർട്ടിഒരു നടപടിയും എടുത്തിട്ടില്ല. ചെറുപുഴയിൽ ലീഡർ ആശുപത്രി എന്ന പേരിൽ ആരംഭിച്ച സ്വകാര്യ ആശുപത്രിയുടെ ഉടമവ്യക്തമാക്കിയത് ഈ സംരംഭത്തിൽ മറ്റാർക്കും ഉടമസ്ഥാവകാശമില്ലെന്നാണ്. എന്നാൽ ഡി.സി.സി പ്രസിഡണ്ട് പറയുന്നത് ആശുപത്രിയിൽ ജോസഫിന്റെ ഭാര്യയ്ക്ക് ജോലി കൊടുക്കുമെന്നാണ്. അത് കുടുംബത്തിന് നൽകിയ കരാറിൽ എഴുതിക്കൊടുത്തു എന്നാണ് അറിയുന്നത്. ഇത് മറ്റൊരു വഞ്ചനയാണ്. ട്രസ്റ്റ് അംഗങ്ങളെയും പൊതുജനങ്ങളെയും ജോസഫിനെയും, ജോസഫിന്റെ കുടുംബത്തെയും വഞ്ചിച്ച കോൺഗ്രസ്സിന്റെ നടപടി പൂർണ്ണമായും കാപട്യമാണ്.

ആന്തൂർ പ്രശ്‌നത്തിൽ രാഷ്ട്രീയ മുതലെടുപ്പ് സമരം നടത്തിയവർ ചെറുപുഴയിലെ കരാറുകാരന്റെ ദുരൂഹമരണത്തിൽ മൗനമാചരിക്കുന്നത് എന്തുകൊണ്ടാണ്. കുറ്റവാളികൾ രക്ഷപ്പെട്ടുകൂടാ. ജോസഫിന്റെ കുടുംബത്തിന് നീതി ലഭിക്കണം. ദുരൂഹമരണമാണത്. ഉത്തരവാദികളുടെ പേരിൽ മാതൃകാപരമായി നടപടിയെടുക്കണം. സാമ്പത്തിക തട്ടിപ്പിനെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണം. ജോസഫിന്റെ കുടുംബാഗങ്ങളുമായി എൽ.ഡി.എഫ് പ്രതിനിധി സംഘം ചർച്ച ചെയ്യുകയുണ്ടായി. ദുരൂഹമരണത്തിന് ഉത്തരവാദികളായവരുടെ പേരിൽ നടപടിയെടുക്കണമെന്ന ആഭിപ്രായമാണ് കുടുംബത്തിനുമുള്ളത്. നീതിക്ക്‌വേണ്ടിയുള്ള പോരാട്ടത്തിൽ എൽ.ഡി.എഫ് ജോസഫിന്റെ കുടുംബത്തോടൊപ്പമാണ്.

കൺവീനർ
എൽ.ഡി.എഫ്
കണ്ണൂർജില്ലാ കമ്മിറ്റി