ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കെതിരായി പരാജയ ഭീതിയില്‍ നിന്ന്  യു.ഡി.എഫ് നടത്തുന്ന കള്ള പ്രചരണങ്ങളെ ജനങ്ങള്‍ തള്ളിക്കളയണമെന്ന് എല്‍.ഡി.എഫ് ജില്ലാ കമ്മിറ്റി യോഗം അഭ്യര്‍ത്ഥിച്ചു. കള്ളവോട്ട് എല്‍.ഡി.എഫിന്‍റെ പരിപാടിയല്ല. ജനാധിപത്യത്തില്‍ പൂര്‍ണ്ണമായി വിശ്വസിക്കുന്ന പ്രസ്ഥാനമാണ്  എല്‍.ഡി.എഫ്. ജില്ലയില്‍ യു.ഡി.എഫിന്‍റെ സ്വാധീന കേന്ദ്രങ്ങളായ പുതിയങ്ങാടി, തളിപ്പറമ്പ് ടാഗോര്‍ വിദ്യാനികേതന്‍, സീതിസാഹിബ് സ്കൂള്‍, പാമ്പുരുത്തി തുടങ്ങി നിരവധിയിടങ്ങളില്‍ കള്ളവോട്ട് ചെയ്തത് യു.ഡി.എഫ് ആണ്. ഇതെല്ലാം ദൃശ്യങ്ങള്‍ സഹിതം പുറത്ത് വന്നതാണ്. കള്ളവോട്ട് ചെയ്യാന്‍ പരസ്യമായി ആഹ്വാനം ചെയ്യുന്ന നേതാക്കള്‍ യു.ഡി.എഫിലാണുള്ളത്. ആ ആഹ്വാനമാണ് കള്ളവോട്ട് ചെയ്യാന്‍ പ്രേരണയായത്. സമാധാനപരമായാണ് ഇത്തവണ തെരഞ്ഞെടുപ്പ് നടന്നത്. ഇത് മാധ്യമങ്ങള്‍ പോലും റിപ്പോര്‍ട്ട് ചെയ്തതാണ്. കാസര്‍ഗോഡ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി താന്‍ വിജയിക്കുമെന്ന് ശുഭപ്രതീക്ഷ വ്യക്തമാക്കിക്കൊണ്ട് പറഞ്ഞത് ഇത്തവണ കള്ളവോട്ട് തടയാന്‍ സാധിച്ചു എന്നതാണ്.
 
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അധികൃതര്‍ നിയമാനുസൃതവും, നീതി പൂര്‍വ്വമായും പ്രവര്‍ത്തിക്കുന്നതിന് പകരം ചിലരുടെ ചട്ടുകമായി മാറുന്നത് ആശാസ്യമല്ല. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തനം നടത്തിയ മുഴുവന്‍ പ്രവര്‍ത്തകരേയും, ഇടതുമുന്നണിക്ക് വോട്ട് ചെയ്ത വോട്ടര്‍മാരെയും യോഗം അഭിവാദ്യം ചെയ്തു.
 
കണ്‍വീനര്‍ കെ.പി. സഹദേവന്‍ സ്വാഗതം പറഞ്ഞു. യോഗത്തില്‍ സി. രവീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. എം.വി. ജയരാജന്‍, പി. സന്തോഷ്കുമാര്‍, കെ.പി. മോഹനന്‍, ഇ.പി.ആര്‍ വേശാല, സുഭാഷ് അയ്യോത്ത്, എം. പ്രഭാകരന്‍, സന്തോഷ് മാവില, രാമചന്ദ്രന്‍ തില്ലങ്കേരി, സി. വത്സന്‍, കെ.കെ. രാജന്‍, അഡ്വ. എ.ജെ. ജോസഫ്, സിറാജ് തയ്യില്‍, കെ.കെ. ജയപ്രകാശ്, രതീഷ് ചിറക്കല്‍, താജുദ്ദീന്‍ മട്ടന്നൂര്‍, വി.കെ. ഗിരിജന്‍, പി.പി ദിവാകരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.