കല്ല്യാശേരി നിയോജകമണ്ഡലത്തിലെ ചില ബൂത്തുകളില്‍ പഞ്ചായത്തംഗമുള്‍പ്പടെയുള്ളവര്‍ കള്ളവോട്ട് ചെയ്തുവെന്നത് അടിസ്ഥാനരഹിതമായ ആരോപണമാണെന്ന് സിപിഐ(എം) ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പ്രസ്താവനയില്‍ പറഞ്ഞു.
 
സ്വന്തം വോട്ടിനോടൊപ്പം പരസഹായമില്ലാതെ വോട്ട് ചെയ്യാന്‍ കഴിയാത്തവരുടെ കൂടെ പോയി പോളിംഗ് ഉദ്യോഗസ്ഥരുടെ അനുവാദത്തോടെ വോട്ട് ചെയ്യുകയാണുണ്ടായത്.ദൃശ്യങ്ങള്‍ അടര്‍ത്തിയെടുത്ത് കൂട്ടിയോജിപ്പിച്ച് കള്ളവോട്ട് ചെയ്തുവെന്ന വ്യാജപ്രചരണമാണ് ചില കേന്ദ്രങ്ങള്‍ നടത്തിയത്.യുഡി എഫിന്‍റെ രാഷ്ട്രീയ അജണ്ടയ്ക്ക് വേണ്ടി വ്യാജവാര്‍ത്തകള്‍ സൃഷ്ടിച്ച് ബ്രേക്കിംഗ് ന്യൂസുകള്‍ നല്‍കുന്നത് മാധ്യമ ധര്‍മ്മമല്ല.
 
ചെറുതാഴം ഗ്രാമപഞ്ചായത്ത് അംഗമായ സലീന എം വി ജനങ്ങള്‍ക്ക് സുപരിചിതയാണ്. പതിനേഴാം നമ്പര്‍ ബൂത്തിലെ 822 ാം നമ്പര്‍ വോട്ടറായ സലീന എം വി സ്വന്തം വോട്ടിന് പുറമേ 19 ാം നമ്പര്‍ ബൂത്തിലെ 29 ാം നമ്പര്‍ വോട്ടറായ നഫീസയുടെ സഹായിയായി ഓപ്പണ്‍ വോട്ട് ചെയ്തിട്ടുണ്ട്.ഒരേ കെട്ടിടത്തിലാണ് ഈ രണ്ട് ബൂത്തുകളും പ്രവര്‍ത്തിക്കുന്നത്.മുന്‍ ഗ്രാമപഞ്ചായത്ത് അംഗമായ സുമയ്യയാവട്ടെ കല്ല്യാശ്ശേരി മണ്ഡലത്തിലെ 24 -ാം നമ്പര്‍ ബൂത്തിലെ 315-ാം നമ്പര്‍ വോട്ടറാണ്. പിലാത്തറ യു.പി. സ്ക്കൂളിലെ 19 -ാം നമ്പര്‍ ബൂത്ത് കേന്ദ്രീകരിച്ചാണ് സുമയ്യ. കെ.പി. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തിയത്. ഇവര്‍ പിലാത്തറയില്‍ മുമ്പ് താമസക്കാരിയും ചെറുതാഴം ഗ്രാമപഞ്ചായത്തിലെ മുന്‍ മെമ്പറുമായിരുന്നു. ഈ അനുഭവസമ്പത്തിന്‍റേയും വ്യക്തിബന്ധത്തിന്‍റേയും ഭാഗമായാണ് 19-ാം നമ്പര്‍ ബൂത്ത് എജന്‍റായി നിശ്ചയിച്ചത്. പ്രസ്തുത ബൂത്തിലെ 301-ാം നമ്പര്‍ വോട്ടര്‍ ശാന്ത സി എന്നവര്‍ ആവശ്യപ്പെട്ടതനുസരിച്ച് ഓപ്പണ്‍ വോട്ട് ചെയ്തിട്ടുണ്ട്.കല്ല്യാശ്ശേരി മണ്ഡലത്തിലെ 19 -ാം നമ്പര്‍ ബൂത്ത് എജന്‍റാണ് മൂലക്കാരന്‍ കൃഷ്ണന്‍. പ്രസ്തുത ബൂത്തിലെ 189-ാം നമ്പര്‍ വോട്ടറായ കൃഷ്ണന്‍റ ആവശ്യത്തെ തുടര്‍ന്ന് മൂലക്കാരന്‍ കൃഷ്ണന്‍ ഓപ്പണ്‍വോട്ട് ചെയ്തിട്ടുണ്ട്. പിലാത്തറ പട്ടണത്തില്‍ വര്‍ഷങ്ങളായി വ്യാപാരം നടത്തുന്നയാളാണ് കെ.സി. രഘുനാഥ്. 19-ാം നമ്പര്‍ ബൂത്തിലെ 994-ാം നമ്പര്‍ വോട്ടറായ ശാരിരിക അവശതയുളള ഡോ:കാര്‍ത്തികേയനെ വാഹനത്തില്‍ കയറ്റി ഓപ്പണ്‍ വോട്ട് ചെയ്യുന്നതിനായി കൊണ്ട് വരികയുണ്ടായി.രോഗികൂടിയായ വോട്ടറെ വാഹനത്തില്‍ നിന്ന് ഇറക്കുന്നതിലുളള പ്രയാസം പ്രിസൈഡിംഗ് ഓഫീസറെ അറിയിക്കുന്നതിനാണ് ബൂത്തിന്‍റെ കതകിന് സമീപം കെ.സി. രഘുനാഥ് പോയിരുന്നത്.   
 
വസ്തുതകള്‍ ഇതായിരിക്കെ പാര്‍ലമന്‍റ് തെരഞ്ഞെടുപ്പില്‍ അനത്ത പരാജയം മണത്ത യു ഡി എഫ് അത് മറികടക്കാന്‍ ചില പൊടിക്കൈകള്‍ ഇറക്കുകയാണ്. ഇതിന് ചില മാധ്യമങ്ങളും കൂട്ടുനില്‍ക്കുന്നത് ശരിയായ പ്രവണതയല്ല. തങ്ങള്‍ പരാജയപ്പെടുമ്പോള്‍ എല്ലാ കാലത്തും യുഡിഎഫ് ഉയര്‍ത്തുന്ന ആരോപണമാണ് കള്ളവോട്ട് എന്നത്.തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കാളികളായ ജനങ്ങളെ പരിഹസിക്കുകയാണ് ഇവര്‍ ചെയ്യുന്നത്.