കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കുന്നതിന് എതിരായ വനിതാമതിൽ തകർക്കുന്നതിന് വേണ്ടി ആർ എസ് എസുകാരും കോൺഗ്രസ്സുകാരും നടത്തുന്ന ശ്രമങ്ങൾ വിജയിക്കാൻ പോകുന്നില്ലെന്ന് സിപിഐഎം ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.

വനിതാമതിൽ വിജയിപ്പിക്കുന്നതിന് സ്ത്രീകളാകെ രംഗത്ത് ഇറങ്ങിയിരിക്കുകയാണ്.അതിന്റെ ഭാഗമായി പ്രതീക്ഷിക്കാത്ത നിലയിലുള്ള സ്ത്രീപങ്കാളിത്തമാണ് പ്രവർത്തനങ്ങളിലാകെ കാണുന്നത്.ഇതെല്ലം വഴി സംഘ്പരിവാരത്തിനും കോൺഗ്രസിനും എതിരായി സ്ത്രീകൾ രംഗത്ത് വരുന്നത് അവർക്ക് സഹിക്കാനാവുന്നില്ല.

ഏറ്റവുമൊടുവിൽ അക്രമത്തിലൂടെ ഭയപ്പെടുത്തി സ്ത്രീകളെ പിന്തിരിപ്പിക്കാനാകുമോ എന്നാണ് അവർ നോക്കുന്നത്.അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം ചെറുവാഞ്ചേരി കല്ലുവളപ്പിൽ ഉണ്ടായത്. പാർട്ടി അംഗങ്ങളായ  ദമ്പതിമാരായ ഇപി രവീന്ദ്രന്റെയും ഷീബയുടെയും വീട്ടുകിണറിൽ കരി ഓയിൽ ഒഴിച്ച് വെള്ളം അശുദ്ധമാക്കുന്ന അത്രയും ഹീനമായ അക്രമമാണ് ആർ എസ് എസുകാർ കാട്ടിയത്.

കമ്മ്യുണിസ്റ് വിരുദ്ധന്മാർക്ക് മാത്രം സ്വാധീനമുണ്ടായിരുന്ന ചെറുവാഞ്ചേരിയിൽ ശനിയാഴ്ച വൈകുന്നേരം നടന്ന വനിതാമതിൽ വിളംബര ഘോഷയാത്രയിൽ നൂറിലധികം സ്ത്രീകൾ പങ്കെടുത്തതാണ് ആർഎസ്എസുകാരെ  പ്രകോപിപ്പിച്ചത്.സംഘപരിവാർ ബന്ധം ഉപേക്ഷിച്ച സ്ത്രീകളാണ് ഏറെയും ഈ വർണശബളമായ ഘോഷയാത്രയിൽ പങ്കെടുത്തത്.ഇത്തരം അക്രമങ്ങളിലൂടെ വനിതാമതിലിൽ പങ്കെടുക്കുന്നതിൽ നിന്ന് സ്ത്രീകളെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാനാകുമോ എന്നാണ് അവർ നോക്കുന്നത്.ഇത് വിജയിക്കാൻ പോകുന്നില്ല.

തീർച്ചയായും വനിതാമതിൽ തിങ്ങിനിറയുന്ന സ്ത്രീകളുടെ കൂട്ടായ്മയായി മാറും.വർഗ്ഗീയ തീവ്രവാദ ശക്തികളുടെ ഇത്തരം പ്രകോപനങ്ങൾക്കെതിരായി നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്ന എല്ലാ ജനങ്ങളും ജാഗ്രത പുലർത്തണമെന്നും ജില്ലാ സെക്രട്ടറിയറ്റ് അഭ്യർത്ഥിച്ചു.