കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ഉദ്ഘാടനം യുഡിഎഫും ബിജെപിയും ബഹിഷ്‌കരിച്ചത് ജാള്യത മൂലമാണെന്ന് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ പ്രസ്താവനയിൽ പറഞ്ഞു.

2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുൻപ് അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി ഒരു ചെറു വിമാനമിറക്കി ഉദ്ഘാടന പ്രഹസനം നടത്തിയിരുന്നു.ഏത് സ്ഥലത്തും ഇറക്കാവുന്ന ഡോണിയർ വിമാനം ഇറക്കിയാണ് ഉമ്മൻ ചാണ്ടി പരിഹാസ്യനായത്. അന്ന് വിമാനത്താവളത്തിന്റെ അമ്പത് ശതമാനം പണി പോലും പൂർത്തിയായിരുന്നില്ല. തെരഞ്ഞെടുപ്പടുത്തപ്പോൾ നടത്തിയ ഈ നാടകം ജനങ്ങൾ മനസിലാക്കിയതാണ്. 'ഒരിക്കൽ ഉദ്ഘാടനം' നടത്തിയവരാണ് ഇപ്പോൾ ഉദ്ഘാടനത്തിൽ തങ്ങളെ വേണ്ട രീതിയിൽ പരിഗണിക്കുന്നില്ല എന്ന വാദവുമായി എത്തിയിരിക്കുന്നത്.

ഈ കാര്യത്തിൽ ബിജെപിക്കും പ്രയാസമുണ്ട്. കണ്ണൂരിലെ റോഡ് വികസനം പോലും തടസപ്പെടുത്തിയവരാണ് ബിജെപിക്കാർ. ഇരുകൂട്ടരുടെയും വികസന വിരുദ്ധ നിലപാടിന്റെ കൂടി ഭാഗമാണ് ഈ ബഹിഷ്‌കരണം.

സ:പിണറായി വിജയൻറെ നേതൃത്വത്തിൽ എൽഡിഎഫ് സർക്കാർ അധികാരമേറ്റതിന് ശേഷമാണ് വിമാനതാവളത്തിന്റെ നിർമ്മാണം അതിവേഗം പൂർത്തിയാക്കിയത്. വികസന മുന്നേറ്റത്തിലാണ് കണ്ണൂർ ജില്ല. ജില്ലയിൽ ഏറ്റവും കൂടുതൽ വികസന പ്രവർത്തനങ്ങൾ നടക്കുന്ന കാലഘട്ടമാണിത്. എൽഡിഎഫ് സർക്കാർ കണ്ണൂരിന്റെ സമഗ്രവികസനം ലക്ഷ്യമാക്കിയുള്ള നിരവധി പദ്ധതികളാണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.

കണ്ണൂർ ഇൻറർനാഷണൽ എയർപോർട്ട് ഉദ്ഘാടനം ചെയ്യുന്നതോടെ ജില്ലയുടെ മുഖച്ഛായ തന്നെ മാറും. സ:പിണറായി വിജയൻ നയിക്കുന്ന എൽഡിഎഫ് സർക്കാർ അധികാരമേറ്റ ശേഷം അതിവേഗത്തിലാണ് വിമാനത്താവളത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. എയർപോർട്ട് പ്രവർത്തനമാരംഭിക്കുന്നതോടുകൂടി മലബാറിന്റെ കാർഷിക,സാമ്പത്തിക, വ്യാവസായിക, വിവരസാങ്കേതിക, ടൂറിസം മേഖലകളിൽ കുതിച്ചു ചാട്ടമുണ്ടാകും. വിമാനത്താവളത്തിനൊപ്പം അഴീക്കൽ തുറമുഖവും സജീവമാകുന്നത് കണ്ണൂരിൻറെ വികസന കുതിപ്പിന് ഗതിവേഗം പകരും.

കണ്ണൂർ ജില്ലയുടെ സമഗ്രവികസനം സാധ്യമാക്കുന്നതിനുള്ള ചെറുതും വലുതുമായ നിരവധി പദ്ധതികളാണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.ഇവയുടെ പൂർത്തീകരണം ജില്ലയുടെ വികസന ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടമായിരിക്കും. ഇത്തരം പദ്ധതികളെല്ലാം സമയബന്ധിതമായി പൂർത്തിയാക്കാൻ സർക്കാരിനൊപ്പം മുഴുവൻ ജനങ്ങളും അണിനിരക്കണമെന്നും പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.