ജില്ലയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ വന്‍ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ച മുഴുവന്‍ വോട്ടര്‍മാരെയും സിപിഐ(എം) കണ്ണൂര്‍ ജില്ലാ സെക്രട്ടറിയറ്റ് അഭിവാദ്യം ചെയ്യുന്നു. രണ്ട് ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലേക്കും ഒരു നഗരസഭാ വാര്‍ഡിലേക്കും ഒരു ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡിലേക്കുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.  എല്ലായിടത്തും യുഡിഎഫിനെയും ബിജെപിയെയും ജനങ്ങള്‍ തൂത്തെറിയുന്ന കാഴ്ചയാണ് കാണാനായത്.  സ:പിണറായി വിജയന്‍ നയിക്കുന്ന എല്‍ ഡി എഫ് സര്‍ക്കാറിന്‍റെ വര്‍ദ്ധിച്ച ജനപിന്തുണയാണ് തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത്.
 
യുഡിഎഫിന്‍റെ കുത്തകയായിരുന്ന എടക്കാട് ബ്ലോക്ക് പഞ്ചായത്തിലെ കൊളച്ചേരി വാര്‍ഡ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ അനില്‍കുമാര്‍ പിടിച്ചെടുത്തത് അഭിമാനാര്‍ഹമാണ്. കഴിഞ്ഞ തവണ യുഡിഏഫ് 299  വോട്ടുകള്‍ക്ക് വിജയിച്ച വാര്‍ഡാണിത്. ഉപതെരഞ്ഞെടുപ്പ് നടന്ന എല്ലായിടങ്ങളിലും യു ഡി എഫിന്‍റെയും ബിജെപിയുടേയും വോട്ടുകളില്‍ വന്‍ ചോര്‍ച്ചയുണ്ടായി.
 
ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ആര്‍ എസ് എസ്/ബിജെപിയും കോണ്‍ഗ്രസ്സും കള്ളപ്രചരണം നടത്തി എല്‍ഡിഎഫ് വിരുദ്ധ വികാരമുണ്ടാക്കാന്‍ മതഭ്രാന്ത് ശക്തിപ്പെടുത്തുന്ന ഘട്ടത്തിലാണ് എല്‍ഡിഎഫിന് നല്ല മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചത്. മതനിരപേക്ഷതയോടൊപ്പമാണ് ജനങ്ങളെന്ന് ഒരിക്കല്‍കൂടി ഇത് തെളിയിക്കുന്നു.
 
ജനവിധിയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് കോണ്‍ഗ്രസ്സും ബിജെപിയും അവരുടെ തെറ്റായ നിലപാട് തിരുത്താന്‍ തയ്യാറാകണമെന്നും സിപിഐ(എം) ആവശ്യപ്പെട്ടു.