കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്‍റെ വധത്തെ തുടര്‍ന്ന് ഗവണ്‍മെന്‍റ് വിളിച്ച് ചേര്‍ത്ത സമാധാനയോഗം ബഹിഷ്കരിച്ച യു.ഡി.എഫിന്‍റെ നിലപാട് അപലപനീയവും നാടിനോട് കാണിച്ച അക്ഷന്തവ്യമായ അപരാധവുമാണെന്ന് സി.പി.ഐ(എം) ജില്ലാ കമ്മിറ്റി ചൂണ്ടിക്കാട്ടി. തികച്ചും ബാലിശമായ കാരണം പറഞ്ഞുകൊണ്ടാണ് കോണ്‍ഗ്രസ് നേതൃത്വത്തില്‍ സമാധാനയോഗം ബഹിഷ്കരിച്ചത്. ആദ്യം സമാധാനയോഗത്തില്‍ കെ.കെ. രാഗേഷ് എം.പിയുടെ സാനിദ്ധ്യം ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് യോഗം ബഹിഷ്കരിച്ചത്. പിന്നീടവര്‍ പ്രഖ്യാപിച്ചത് സി.പി.ഐ(എം) ജില്ലാ സെക്രട്ടറിയുടെ യോഗപങ്കാളിത്തമാണ് ബഹിഷ്കരണ കാരണമെന്നാണ്. എടയന്നൂര്‍ സംഭവത്തോടുള്ള സി.പി.ഐ(എം) നിലപാട് നേരത്തെ തന്നെ പാര്‍ട്ടി പരസ്യമായി വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നാല്‍ മരണത്തെ ആഘോഷമാക്കി സി.പി.ഐ(എം) നെ ഒറ്റപ്പെടുത്താനും അക്രമിക്കാനുമാണ് മാധ്യമങ്ങളുടെ പിന്‍ബലത്തോടെ കോണ്‍ഗ്രസ് (ഐ) ശ്രമിക്കുന്നത്. ഈ ശ്രമത്തിന് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരനാണ് നേതൃത്വം നല്‍കുന്നതെന്നത് വിചിത്രമാണ്. കോണ്‍ഗ്രസ് ജാഥയില്‍ നിന്ന് സുധാകരന്‍ നേരിട്ട് ആഹ്വാനം ചെയ്ത കൊലപാതകമായിരുന്നു മട്ടന്നൂര്‍ പുലിയങ്ങോട് നാല്‍പ്പാടി വാസുവിന്‍റേതെന്നത് ഈ നാട് മറന്നിട്ടില്ല. ആ കേസിലെ എഫ്.ഐ.ആറില്‍ സുധാകരന്‍ ഒന്നാം പ്രതിയാണെന്ന് ഏവര്‍ക്കും അറിയാം. സുധാകരന്‍ നേതൃത്വം നല്‍കുന്ന ക്വട്ടേഷന്‍ സംഘമാണ് കണ്ണൂര്‍ നഗരത്തില്‍ സേവറി ഹോട്ടലില്‍ ഭക്ഷണം വിളമ്പിക്കൊണ്ടിരുന്ന നാണുവിനെ കൊലപ്പെടുത്തിയതെന്നത് ആര്‍ക്കും നിഷേധിക്കാനാവാത്ത യാഥാര്‍ത്ഥ്യമാണ്. ഷുഹൈബിന്‍റെ മരണത്തിലുള്ള ദുഃഖം കൊണ്ടല്ല മറിച്ച് ആ മരണത്തെ ആഘോഷമാക്കി രാഷ്ട്രീയ മുതലെടുപ്പിനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ഒരു ദശവര്‍ഷക്കാലത്തോളം ജില്ലയിലെ നിരവധി അക്രമങ്ങള്‍ക്ക് നേതൃത്വം കൊടുത്ത കെ. സുധാകരനെയാണ് ഈ പ്രശ്നം വളര്‍ത്തിയെടുക്കാന്‍ കോണ്‍ഗ്രസ് (ഐ) ഉപയോഗിക്കുന്നതെന്ന് കാണണം. യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്തുന്നതിനും ജില്ലയില്‍ സമാധാനം സ്ഥാപിക്കുന്നതിനുമുള്ള നീക്കങ്ങളെ തകര്‍ക്കുന്ന കോണ്‍ഗ്രസിന്‍റെ ശ്രമങ്ങള്‍ڋആര്‍ക്കും അംഗീകരിക്കാന്‍ സാധിക്കുന്നതല്ല. ഈ സാഹചര്യത്തില്‍ സമാധാന നീക്കങ്ങളെ തകര്‍ക്കുന്ന കോണ്‍ഗ്രസ് നയങ്ങള്‍ക്കെതിരെ ജനങ്ങള്‍ അണിനിരക്കണമെന്നും, കോണ്‍ഗ്രസ് നടത്തിക്കൊണ്ടിരിക്കുന്ന നുണപ്രചരണങ്ങള്‍ തുറന്നുകാട്ടിക്കൊണ്ടുള്ള പ്രചരണപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കണമെന്നും സി.പി.ഐ(എം) ജില്ലാ കമ്മിറ്റി അഭ്യര്‍ത്ഥിക്കുന്നു. ജില്ലയില്‍ സമാധാനം ഉറപ്പുവരുത്തുന്നതിനുള്ള എല്ലാ ശ്രമങ്ങളിലും പൂര്‍ണ്ണമനസ്സോടെ സഹകരിക്കണമെന്ന് സി.പി.ഐ(എം) ന്‍റെ മുഴുവന്‍ പ്രവര്‍ത്തകരോടും ജില്ലാ കമ്മിറ്റി അഭ്യര്‍ത്ഥിക്കുന്നു.