കണ്ണൂർ : ജ്ഞാനോദയ യോഗം പ്രസിഡണ്ട് ശ്രീ കെ പി രത്നാകരനെ ഒരു സംഘം ആർ എസ് എസ് ക്രിമിനലുകൾ ക്ഷേത്ര ഓഫീസിൽ കയറി അക്രമിച്ച സംഭവത്തിൽ ശക്തമായി പ്രതിഷേധിക്കുന്നു. അക്രമികൾക്കെതിരെ ബന്ധപ്പെട്ടവർ കർശന നടപടികൾ സ്വീകരിക്കണമെന്നും സി പി ഐ (എം) ജില്ലാ സെക്രട്ടറി പി ജയരാജൻ ആവശ്യപ്പെട്ടു.
അവർണ്ണ വിഭാഗങ്ങൾക്ക് തിരുവങ്ങാട് ശ്രീരാമക്ഷേത്രത്തിൽ പ്രവേശനം ഇല്ലാത്ത കാലത്താണ് ശ്രീനാരായണ ഗുരു തലശ്ശേരി ശ്രീ ജഗന്നാഥ ക്ഷേത്രത്തിന് ശിലയിട്ടത്.സവർണപ്രമാണിമാർ അക്കാലത്ത് തന്നെ ജഗന്നാഥ ക്ഷേത്രത്തിനെതിരെ കലാപമുയർത്തിയതാണ് ചരിത്രം. പിൽക്കാലത്ത് ശ്രീനാരായണ ദർശനങ്ങൾക്ക് ഘടകവിരുദ്ധമായ നിലയിൽ ‘അഹിന്ദുക്കൾക്ക് പ്രവേശനമില്ല’ എന്ന് ക്ഷേത്ര പരിസരത്ത് ആർ എസ് എസ്കാർ ബോർഡ് സ്ഥാപിച്ചു.അതിനെതിരെ ശ്രീനാരായണ ദർശനം പിന്തുടരുന്നവർ ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് സ്വാമി ആനന്ദതീർത്ഥൻ ഈ വർഗ്ഗീയ വാദികൾക്കെതിരെ സത്യഗ്രഹം നടത്തിയത്. ഈ വർഗ്ഗീയവാദികൾ തുടർച്ചയായി ക്ഷേത്രത്തിനെതിരെ പലവിധത്തിലുള്ള നീക്കങ്ങൾ നടത്തിയിട്ടുണ്ട്. അതിന്റെ തുടർച്ചയായിട്ടാണ് ഇന്നലെ നടന്ന അക്രമണം.
84 വയസ്സുകാരനായ ക്ഷേത്രം ഭരണസമിതി പ്രസിഡണ്ടിനെ ആക്രമിച്ച ആർ എസ് എസ്സുകാർ പറയുന്ന ക്ഷേത്ര സംരക്ഷണം പൊള്ളയാണ് ജനങ്ങളെ കബളിപ്പിക്കലുമാണ്. ക്ഷേത്രത്തിലെത്തിയ ഓട്ടോറിക്ഷ തൊഴിലാളിയായ വിജേഷിനെയും ആക്രമിച്ച് പരിക്കേൽപ്പിച്ച ഇവർ ക്ഷേത്ര ഓഫീസിലെ ഉപകരണങ്ങളും തകർത്തു.
സി പി ഐ (എം) പ്രവർത്തകർ മാത്രമല്ല ശ്രീനാരായണീയ ദർശനം പിന്തുടരുന്നവരും തങ്ങളുടെ ശത്രുക്കളാണെന്നാണ് ഈ സംഭവത്തിലൂടെ ആർ എസ് എസ്സുകാർ പ്രഖ്യാപിച്ചിട്ടുള്ളത്. ശ്രീനാരായണീയ ദർശനത്തിന് ഘടകവിരുദ്ധമായ ഹിന്ദുത്വ മതഭ്രാന്തിനെതിരായി ശ്രീനാരായണീയർക്കൊപ്പം സി പി ഐ (എം) ഉം അണിനിരക്കും. അക്രമത്തിനെതിരെ എല്ലാ മനുഷ്യ സ്നേഹികളും പ്രതികരിക്കണമെന്നും പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.