കണ്ണൂർ : കതിരൂർ കേസിന്റെ കുറ്റപത്രത്തിൽ തന്നെ പി ജയരാജനെ പ്രതിയാക്കാനുള്ള വിവരങ്ങളുണ്ടെന്ന പ്രചാരണം രാഷ്ട്രീയ പ്രേരിതവും ദുരുദ്ദേശപരവുമാണെന്ന് സി പി ഐ (എം) സംസ്ഥാ കമ്മിറ്റി അംഗം എം വി ജയരാജൻ പ്രസ്താവനയിൽ പറഞ്ഞു.
പി ജയരാജൻ. ഇപ്പോൾ പ്രതിയല്ലെന്ന് സി ബി ഐ തന്നെ കോടതിയിൽ റിപ്പോർട്ട് നൽകിയ ഉടനെയാണ് കുറ്റപത്രത്തെ വ്യാഖ്യാനിച്ചുകൊണ്ടുള്ള പുതിയ വാർത്ത സൃഷ്ടിക്കുന്നത്. സി പി ഐ (എം) വിട്ട് നൂറുകണക്കിന് പ്രവർത്തകർ ആർ എസ് എസിൽ ചേർന്നുവെന്നും ആഗസ്ത് 25-നു ഇവർക്ക് തലശ്ശേരിയിൽ സ്വീകരണം നൽകി എന്നും അതിനുള്ള വിരോധമാണ് കൊലപാതകത്തിൽ നയിച്ചതെന്നും കുറ്റപത്രത്തിൽ പറയുന്ന കാര്യങ്ങൾ പൂർണ്ണമായും കള്ളമാണെന്ന് തെളിഞ്ഞിരിക്കുകയാണ്.
വിവരാവകാശ നിയമമനുസരിച്ച് നൽകിയ മറുപടിയിൽ 2014 ആഗസ്ത് 25-നു തലശ്ശേരിയിൽ അപ്രകാരം ഒരു പൊതുയോഗം നടന്നിട്ടില്ലെന്നും അധികൃതരിൽ നിന്നും ആർ എസ് എസ്/ബി ജെ പിക്ക് പൊതുയൊഗത്തിന് അമുമതി വാങ്ങിയിട്ടില്ലെന്നും വ്യക്തമായിട്ടുണ്ട്. മാത്രമല്ല ബി ജെ പിയുടെ മുഖപ്രത്രമായ ജന്മഭൂമിയിൽ ആഗസ്ത് 26-നോ തൊട്ടടുത്ത ദിവസങ്ങളിലോ ഇങ്ങനെയൊരു പൊതുയോഗം നടന്നതായി വാർത്തയും ഉണ്ടായിരുന്നില്ല.
സി പി ഐ (എം) നേതാക്കളെയും പ്രവർത്തകരെയും കതിരൂർ കേസിൽ പ്രതിയാക്കാൻ വ്യാജ കുറ്റപത്രമാണ് സി ബി ഐ തയ്യാറാക്കിയിട്ടുള്ളത്. 200-ലേറെ സാക്ഷികളെയും 100-ലേറെ രേഖകളും കേസ് അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചതായാണ് പറയുന്നത്. എന്നിട്ടും വാസ്തവ വിരുദ്ധമായ കാര്യങ്ങൾ അവതരിപ്പിക്കുന്നതിലൂടെ കുറ്റപത്രത്തിന്റെ വിശ്വാസ്യത പോലും തകർക്കുന്നു. കുറ്റപത്രം സമർപ്പിച്ചതിന് ശേഷവും 5 പേരെ പ്രതിയാക്കി ചേർത്തു. ആകെ 24 പ്രതികളുള്ള കേസിൽ ഒരാളുടെ പേരിൽ പോലും ഗൂഢാലോചന കുറ്റം ചുമത്തിയിട്ടില്ല. തെളിവുകളൊന്നും ഇല്ലാത്തതിനെ തുടർന്നാണ് ഇരുട്ടിൽ തപ്പുന്ന സി ബി ഐക്ക് കോടതിയിൽ പോലും മറുപടി പറയാൻ കഴിയാതിരുന്നത്. യു എ പി എ ചുമത്തിയിട്ട് 4 പേർക്ക് ജാമ്യവും ലഭിച്ചു. ആർ എസ് എസ്/ബി ജെ പി-ക്കാർ നൽകുന്ന ലിസ്റ്റനുസരിച്ച് ഇൻസ്റ്റാൾമെന്റായി പ്രതികളെ ചേർക്കുന്ന അപൂർവ്വ കേസായി കതിരൂർ കേസ് മാറി. ബി ജെ പി സി ബി ഐ-യെ തങ്ങളുടെ ദാസ്യവേല നടത്തുന്ന ഏജൻസിയായി അധ:പതിപ്പിച്ചു.
പി ജയരാജനെ കള്ള കേസിൽ പെടുത്താനുള്ള നീക്കത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുകതന്നെ ചെയ്യും. ഹൃദ്‌രോഗ ചികിത്സക്കായി അവധി നൽകിയതിനെ സെക്രട്ടറിയെ മാറ്റി എന്ന് കള്ളം പ്രചരിപ്പിച്ചതും മാധ്യമ വാർത്തയിൽ പി ജയരാജനെ പ്രതിയാക്കാനുള്ള വിവരങ്ങൾ കുറ്റപത്രത്തിലുണ്ടെന്ന കണ്ടെത്തലും ദുരൂഹമാണ്. ഇത്തരം കള്ള കേസുകൾക്കെതിരെ ജനങ്ങൾ പ്രതിഷേധം ഉർത്തണമെന്ന് അഭ്യർത്ഥിക്കുന്നു.
* * * * *