കണ്ണൂർ: ഫസൽ കേസിൽ കേന്ദ്ര സഹമന്ത്രി മുല്ലപ്പള്ളിരാമചന്ദ്രൻ ഉണ്ടാക്കിയ കൽപിത കഥയാണ് സി ബി ഐ കോടതിയിൽ സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് എന്ന് സി പി ഐ (എം) ജില്ലാ സെക്രട്ടറിയേറ്റ് വ്യക്തമാക്കി.

ഫസൽ വധത്തിൽ സി പി ഐ (എം) ന് യാതൊരു ബന്ധവുമില്ല. അതുകൊണ്ടാണ് 3 വർഷം സി ബി ഐ കേസ് അന്വേഷിച്ചിട്ടും അന്വേഷണ സംഘത്തിന് യാതൊരു തെളിവും ലഭിക്കാതിരുന്നത്. ഫസലിന്റെ വധം നടന്നതിനെ തുടർന്ന് ആർ എസ് എസ്-കാരാണ് കൃത്യം നടത്തിയത് എന്നാണ് ഫസലിന്റെ പ്രസ്ഥാനമായ എൻ ഡി എഫ് വ്യകതമാക്കിയത്. പിന്നീട് സി ബി ഐ ഏറ്റെടുത്തതിനെ തുടർന്നാണ് പാർട്ടി നേതാക്കളെ പ്രതികളാക്കാനുള്ള പരിശ്രമം നടന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നിരപരാധികളായ 3 പേരെ നേരത്തെ തന്നെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. മറ്റൊരു തെളിവും കിട്ടാതിരുന്നതിനാലാണ് അറസ്റ്റ് ചെയ്യപ്പെട്ട 3 പേരോട് സി പി ഐ (എം) ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ സ: കാരായി രാജനും തിരുവങ്ങാട് ലോക്കൽ സെക്രട്ടറി സ: കാരായി ചന്ദ്രശേഖരനും ആവശ്യപ്പെട്ടാണ് ഈ കൊല നടത്തിയത് എന്ന് മൊഴി നൽകാൻ ആവശ്യപ്പെട്ടത്. അങ്ങനെ പേര് പറഞ്ഞാൽ നിങ്ങളെ മാപ്പ് സാക്ഷികളാക്കാം എന്നാണ് അന്വേഷണ സംഘത്തിന്റെ വാഗ്ദാനം.

കേസിൽ ഉൾപ്പെടുത്തപ്പെട്ടവരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെ, കേസ് ഡയറി പരിശോധിച്ച ബഹുമാനപ്പെട്ട ഹൈക്കോടതി തന്നെ ഇവർക്കെതിരെയുള്ള തെളിവ് ഹാജരാക്കാൻ അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടിരുന്നു.

 

ഫസൽ കേസ് സി പി ഐ (എം) നേതൃത്വത്തിന്റെ തലയിൽ കെട്ടിവെക്കാൻ ഏത് ഹീന മാർഗ്ഗവും സ്വീകരിക്കാനാണ് മുല്ലപ്പള്ളി രാമചന്ദ്രൻ അന്വേഷണ സംഘത്തിന് നൽകിയ നിർദ്ദേശം. അതനുസരിച്ചാണ് അന്വേഷണസംഘം പ്രവർത്തിച്ചു വരുന്നത്. ജില്ലയിലെ സി പി ഐ (എം) നെ അടിച്ചമർത്താൻ നിരവധി കള്ളക്കേസുകൾ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. ഫസൽ കേസ് അതിലൊന്ന് മാത്രമാണ്. ഇത്തരം കള്ളകേസുകൾ കൊണ്ട് സി പി ഐ (എം) നെ തകർക്കാൻ കഴിയില്ലെന്നാണ് മുൻകാലാനുഭവം. ആ നിലയിൽ സി പി ഐ (എം) നെ തകർക്കാനുള്ള ഈ പരിശ്രമത്തെയും ജനങ്ങൾ ശരിയായി തിരിച്ചറിയുമെന്ന് സെക്രട്ടറിയേറ്റ് പ്രത്യാശിച്ചു.