കണ്ണൂർ : ജില്ലയിൽ മുസ്ലിം ലീഗിലെ തീവ്രവാദികളെ രക്ഷിക്കാനും അവർ നടത്തിയ ആക്രമണങ്ങൾക്ക് മറയിടാനും മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കഥകൾ പ്രചരിപ്പിക്കുന്നു. പിറവം ഉപ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സിപിഐ (എം) നെതിരെ സങ്കൽപ കഥ സൃഷ്ടിച്ച് മാധ്യമങ്ങൾക്ക് വിതരണം ചെയ്ത മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നടപടി ഭരണത്തിന്റെ മ്ലേച്ഛമായ ദുർവിനിയോഗമാണ്. കണ്ണൂർ ജില്ലയിൽ 'പാർട്ടി കോടതി' ഉണ്ടെന്നാണ് പൊലീസിന്റെതെന്ന വ്യാജേന ഉമ്മൻചാണ്ടിയുടെ പേഴ്‌സണൽ സ്റ്റാഫ് തയാറാക്കി  ഏതാനും മാധ്യമങ്ങളിലുടെ പ്രചരിപ്പിക്കുന്ന നുണ.      

പട്ടുവം പഞ്ചായത്തിൽ അരിയിൽ  പ്രദേശത്ത് സി പി ഐ (എം) ബ്രാഞ്ച് സെക്രട്ടറി  കുന്നോൽ രാജനെ പത്രം വിതരണത്തിനിടെ  മുസ്ലീം ലീഗുകാർ അക്രമിച്ചതിൽ തുടങ്ങിയ സംഘർഷം  ആസൂത്രിതമായി ലീഗ് കണ്ണൂർ ജില്ലയിലാകെ വ്യാപിപ്പിക്കുയാണുണ്ടായത്. സിപിഐ (എം) നേതാക്കൾക്കെതിരായ വധശ്രമത്തിലേക്കും വ്യാപകമായ  തീവെപ്പിലേക്കും തീവ്രാദി ശൈലിയില ലീഗ് ആക്രമണം വ്യാപിച്ചു. അരിയിൽ എന്ന ലീഗ് തീവ്രവാദി താവളത്തിൽ കോൺഗ്രസിന്റെ പതാക ഉയർത്താൻ പോലും അവർ സമ്മതിക്കാറില്ല. 2 തവണ കോൺഗ്രസ് പതാക നശിപ്പിച്ചതിനെ തുടർന്ന് 3-ാം തവണ ഡി സി സി പ്രസിഡണ്ടായിരുന്ന പി രാമകൃഷ്ണൻ പതാക ഉയർത്തി. രാമകൃഷ്ണന്റെ മുന്നിലിട്ട് കോൺഗ്രസ് പതാക നശിപ്പിച്ചത് ഇതേ ലീഗ് തീവ്രവാഹദികൾ തന്നെയായിരുന്നു.

ഇപ്പോൾ രാ്ഷ്ട്രീയ സംഘർഷത്തിലുപരിയായ മാനം നൽകാൻ ലീഗിന്റെ ശ്രമമുണ്ടണ്ടായി. തളിപ്പറമ്പ് ടൗണിൽ മക്തബ് എന്ന പത്രത്തിന്റെ പ്രസും ഒരുടെയിലറിങ്ങ് ഷോപ്പും പെട്രോൾ ഒഴിച്ച് കത്തിച്ചു. ഈ രണ്ട് സ്ഥാപനങ്ങളും സിപിഐ (എം) മായി ബന്ധമില്ലാത്തവയാണ്. ഇതിന് നേതൃത്വം നൽകിയ മുസമ്മിൽ, മുനീർ എന്നീ  ലീഗ് പ്രവർത്തകെര പോലീസ് ചോദ്യം ചെയ്തപ്പോൾ  തളിപ്പറമ്പിൽ  ഇസ്ലാം മതത്തിൽപെട്ടയാളുടെ  വസ്ത്ര വ്യാപാര സ്ഥാപനം കത്തിക്കുവാൻ  ഗൂഢാലോചന നടത്തിയതും വെളിപ്പെട്ടു. അരിയിൽ തുടങ്ങിയ ആക്രമണം  വർഗ്ഗീയ കലാപമാക്കി മാറ്റാനുള്ള   ആസൂത്രണമാണ് ഇതിലൂടെ പുറത്തുവന്നത്. ലീഗിനകത്തുള്ള തീവ്രവാദി സംഘം നടത്തുന്ന ഇത്തരം ശ്രമങ്ങൾ മറച്ചുവെക്കാനാണ്, സിപിഐ (എം) നുമേൽ കുറ്റാരോപണത്തിന് മുഖ്യമന്ത്രിയുടെ ഓഫീസ് തയാറാകുന്നത്.

കീഴറയിൽ മുസ്ലിം ലീഗ് പ്രവർത്തകൻ വധിക്കപ്പെട്ട സംഭവത്തിൽ നിരപരാധികളെ പൊലീസ് പീഡിപ്പിക്കുകയാണ്. ജില്ലയിൽ നടന്ന ലീഗ് ആക്രമണങ്ങളിലാകെ തീവ്രവാദ പ്രവർത്തനത്തിന്റെ സ്വഭാവം പ്രകടമായിത്തന്നെ ഉണ്ടായിട്ടും അത് കാണാതെ സിപിഐ (എം) നെക്കുറിച്ച് അപവാദം പ്രചരിപ്പിക്കുന്നത് വർഗീയതയെ പ്രോത്സാഹിപ്പിക്കാനേ ഉതകൂ. കേസ് അന്വേഷണം പുരോഗമിക്കുമ്പോൾ രഹസ്യമായി മാധ്യമങ്ങൾക്ക് തെറ്റായ വിവരങ്ങൾ ഒരേ രീതിയിൽ ചോർത്തിക്കൊടുക്കുന്നതിന്റെ ഉദ്ദേശ്യമെന്തെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. സിപിഐ (എം) ഉം തീവ്രാദ ലീഗും ഒരേ പോലെയാണെന്ന് വരുത്തി ലീഗിനകത്തെ തീവ്രവാദ ശക്തികളെ രക്ഷപ്പെടുത്താനുള്ള ശ്രമം അനുവദിക്കാനാവില്ല.

വർഗീയ കലാപത്തിന്റെ തീയിൽ നിന്ന് ന്യൂനപക്ഷങ്ങളെ രക്ഷിക്കാൻ ജീവൻ ത്യജിക്കാൻ തയാറാകുന്ന പ്രവർത്തകരുടെ പാർട്ടിയാണ് സിപിഐ (എം). അത് ഞങ്ങൾ പ്രവർത്തിയിലൂടെ തെളിയിച്ചതുമാണ്. മതേതര നിലപാട് ഉയർത്തിപ്പിടിക്കുക എന്നാൽ, ഏതെങ്കിലും തീവ്രാദ പ്രവർത്തനവുമായി സന്ധി ചെയ്യുക എന്നല്ല അർത്ഥം.

കള്ളക്കഥ പ്രചരിക്കുന്നതിന് മുമ്പ് ഉമ്മൻചാണ്ടിയുടെ പൊലീസ് വർഗീയ ശക്തികളുടെ പ്രവർത്തനം തടഞ്ഞ് നാടിനെ രക്ഷിക്കാനാണ് ശ്രമിക്കേണ്ടത്. നിസ്‌കാരത്തിന് പള്ളിയിലെത്തുന്നവരോട് പ്രർത്ഥനായോഗം എന്ന പേരിൽ പലേടത്തും സി പി ഐ (എം) വിരുദ്ധ പ്രചാരവേല നടത്തുണ്ട്. തീവ്രവാദ സംഘത്തെ സഹായിക്കാൻ പള്ളികളിൽ പണപ്പിരിവ് നടത്താൻ ലീഗ് ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്തത് പൊലീസിന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ലേ ? 'ആരാധനാലയങ്ങൾ ദുരുപയോഗപ്പെടുത്തൽ തടയൽ' നിയമത്തിന്റെ ഈ ലംഘനം കണ്ടില്ലെന്ന് നടിക്കുന്നത് ആരെ സഹായിക്കാനാണ് ?

 

മുസ്ലീം ലീഗ് സമ്മർദ്ദം ചെലുത്തി  കേസന്വേഷണങ്ങൾ അട്ടിമറിക്കാൻ മാത്രമല്ല, വർഗീയ ചേരിതിരിവുണ്ടാക്കാൻ കൂടി ശ്രമിക്കുമ്പോൾ അതിന് തടയിടേണ്ട മുഖ്യമന്ത്രി തന്നെ വർഗീയക്കളിക്ക്  ഒരുങ്ങുന്നത് അത്യന്തം ഗൗരവതരമാണ്. 'പാർട്ടി കോടതി' എന്നും മറ്റുമുള്ള കള്ള വാർത്തകളുടെ പ്രചാരണം അടിയന്തരമായി അവസാനിപ്പിച്ച്  നേരായ വഴിയിലുള്ള അന്വേഷണത്തിന് സാഹചര്യമൊരുക്കണം. പിറവം ഉപതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഇത്തരം കള്ളക്കഥകൾ കൊണ്ടുവരുന്നത് താൽക്കാലികമായ ലക്ഷ്യം മുൻനിർത്തിയാകാമെങ്കിലും അത് വലിയ വിപത്തിനുതന്നെ കാരണമായേക്കുമെന്ന വസ്തുത ഉമ്മൻചാണ്ടിയും അദ്ദേഹത്തിന്റെ ഓഫീസും മറന്നുപോകരുത്.