അഴീക്കോടൻ രാഘവനെക്കുറിച്ചുള്ള ഉജ്ജ്വലമായ ഓർമ്മകളിലെല്ലാം അഴിമതിക്കെതിരായ സമരത്തിന്റെ ഒരു സമാന്തരപാഠം കൂടിയുണ്ട്. അഴിമതിക്കെതിരായ സമരത്തിൽ ജനപ്രിയതയുടെ ഘടകമേയുള്ളൂവെന്നും അഴിമതിയെ അനുവദിക്കുന്ന വ്യവസ്ഥയെ കടപുഴകുന്നതോടെ അതവസാനിക്കുമെന്നും വാദിക്കുന്നവരും ശുഭപ്രതീക്ഷ പുലർത്തുന്നവരുമുണ്ട്. ഇത്തരം വാദങ്ങൾക്ക് സൈദ്ധാന്തികമായ പിൻബലവും വിശദീകരണവുമുണ്ട്. പക്ഷേ ആഗോളീകരണാനന്തര ലോകത്തിൽ അഴിമതിയെന്നത് മൂലധനത്തിന്റെ സ്വതന്ത്രസഞ്ചാരത്തിനും നീതി നിഷേധപൂർണ്ണമായ കടന്നു കയറ്റത്തിനുമുള്ള മാർഗ്ഗങ്ങളിലൊന്നാണ്. ജനങ്ങൾക്കാകെ അവകാശപ്പെട്ട പൊതുജന സമ്പത്തുകളെ സ്വകാര്യ വ്യക്തികൾ കൈയ്യടക്കുന്നതിന് കണ്ടെത്തുന്ന വഴി കൂടിയാണ് അത്.

സാമ്രാജ്യത്വാധിപത്യത്തിന്റെ ഒന്നാംഘട്ടം കൂറ്റൻ സൈനിക വ്യൂഹങ്ങളുടെ പിൻബലത്തോടു നടത്തിയ കടന്നാക്രമണങ്ങളുടെയും പിടിച്ചടക്കലുകളുടെയും കൂടി ചരിത്രമാണ്. 1940 കളുടെ പകുതിയിലെ രണ്ടാം ലോകമഹായുദ്ധാന്ത്യത്തോടെ ഈ സായുധാധിനിവേശത്തിന്റെ ഘട്ടം പൂർണ്ണമായി. പിന്നെയും എണ്ണമറ്റ യുദ്ധങ്ങളും ചോരചൊരിച്ചിലുകളും ബോംബ് വർഷങ്ങളുമുണ്ടായെങ്കിലും നിശ്ശബ്ദമായ ഒരു മൂന്നാംലോക മഹായുദ്ധമാണ് മറ്റൊരു മണ്ഡലത്തിൽ നടന്നത്. അന്താരാഷ്ട്ര സാമ്പത്തിക ഭീമന്മാരുടെ മുൻകയ്യിൽ നടന്ന ഒരു സാമ്പത്തിക യുദ്ധമാണത്. കടക്കെണിയിൽ ലോകത്തെ കുടുക്കി സാമ്പത്തിക സ്വാതന്ത്ര്യവും രാഷ്ട്രീയ സ്വാതന്ത്ര്യവും പിടിച്ചടക്കുന്ന ഒരു തരം അധികാര യുദ്ധം. മൂലധനത്തിന്റെ സ്വച്ഛന്ദ വിഹാരത്തിനു വേണ്ടി ലോകത്തിൽ പുതുതായി ഉയർന്നു വന്ന സ്വതന്ത്രരാജ്യങ്ങളെയും ദേശരാഷ്ട്രങ്ങളെയും വരുതിയിലാക്കുന്ന ഒരു രാഷ്ട്രീയ യുദ്ധം. ലോക സാമ്രാജ്യത്വ ശക്തികളെയും അവരുടെ നയരൂപീകരണത്തെയും ഗണ്യമായി സ്വാധീനിക്കുന്നത് വൻകിട കോർപ്പറേറ്റുകളും വ്യവസായ പ്രഭുക്കളുമാണ്. അവരുടെ താല്പര്യമനുസരിച്ച് വിപണിക്കും വില്പനക്കും വേണ്ടി ലോകത്തെ ക്രമപ്പെടുത്തുന്ന ലക്ഷ്യമാണ് ഈ പുതിയ യുദ്ധസന്നാഹത്തിലൂടെ അവർ സാധിച്ചെടുത്തത്. മൂലധനാധിനിവേശത്തിന്റെ രാജ്യാതിർത്തികൾ കടന്നുള്ള അതിക്രമങ്ങൾക്കു വേണ്ടി പദ്ധതികളും കരാറുകളും വ്യാപകമായി വിതരണം ചെയ്യപ്പെട്ടു. അതിന് തടയിടുന്ന നിയമങ്ങളെ മുറിച്ചു കടക്കുവാനും അതിനു വേണ്ടി ദേശീയ ഗവൺമെന്റുകളെ സമ്മർദ്ദമുപയോഗിച്ചു വഴിപ്പെടുത്തുവാനും അഴിമതി എന്ന പ്രതിഭാസമാണ് വ്യാപകമായി പ്രയോഗിക്കപ്പെട്ടത്. പൊതുവായതിനെ മുഴുവൻ സ്വകാര്യ വൽക്കരിക്കുക എന്നു തീർത്തും ജനവിരുദ്ധമായ ആശയത്തിന് വളർന്നു വികസിക്കുവാൻ നൽകപ്പെട്ട പ്രതിഫലമാണ് അഴിമതിപ്പണമായി നമ്മൾ കോടിക്കണക്കുകളിൽ എപ്പോഴും വിളിച്ചു പറയുന്നത്.  അതുകൊണ്ട് 2 ജി സ്‌പെക്ട്രം അഴിമതിയെകുറിച്ചും ഒരു ലക്ഷത്തി എഴുപത്തെട്ടായിരം കോടിയുടെ പൊതുമുതൽ കൊള്ളയെയും കുറിച്ച് പറയുമ്പോൾ വലിയ ഞെട്ടൽ നമുക്കില്ലാതെയായിത്തീരുന്നു. അഴിമതി എന്നത് ആവർത്തിക്കപ്പെട്ട് അനുവദനീയ രാഷ്ട്രീയ യാഥാർത്ഥ്യങ്ങളിലൊന്നായിത്തീർന്നു.

സ്വാതന്ത്ര്യ പൂർവ്വ കാലത്തെ ആദർശ പ്രചോദിതമായ രാഷ്ട്രീയ പ്രവർത്തനത്തിന്റെ പ്രകാശം ഇന്ത്യയിലെ മുഴുവൻ രാഷ്ട്രീയ പ്രവർത്തകരിലും പ്രസരിച്ചിരുന്നു. എന്നാൽ സ്വാതന്ത്ര്യാനന്തര ഇന്ത്യ അഴിമതിയുടെയും അവിഹിത ധനസമ്പാദനത്തിന്റെയും പുതിയ അദ്ധ്യായങ്ങൾ സൃഷ്ടിച്ചു. ഭരണതലത്തിലെയും ഭരണ വർഗ്ഗ പാർട്ടികളിലെയും അഴിമതികൾ ഉന്നയിച്ചുളള പോരാട്ടം പ്രതിപക്ഷ രാഷ്ട്രീയ പ്രവർത്തനത്തിന്റെ തന്നെ ഏറ്റവും പ്രധാനപ്പെട്ട കർമ്മമണ്ഡലമായി മാറി. നമ്മുടെ മാധ്യമങ്ങളും പത്രങ്ങളുമെല്ലാം ഈ പോരാട്ടത്തിൽ സായുധരായ പടയാളികളായി അണിനിരന്നു. മുഖ്യധാരാ മാധ്യമങ്ങൾ പലപ്പോഴും ഈ ദൗത്യം ഏറ്റെടുത്തില്ലെങ്കിലും ചെറു പ്രസിദ്ധീകരണങ്ങളും പത്രങ്ങളും അത്തരം യുദ്ധങ്ങളിൽ പങ്കാളികളാവുക മാത്രമല്ല പടവെട്ടി ഒടുങ്ങുകയും ചെയ്തിട്ടുണ്ട്.

അത്തരത്തിൽ അഴിമതിക്കെതിരായി പോരാടി ആറുമാസം കൊണ്ട് രക്തസാക്ഷിത്വം വരിച്ച ഒരു പത്രം ആരുടെ ഓർമ്മയിലുമില്ലെങ്കിലും ആ പത്രത്തിന്റെ പേരുകൊണ്ടറിയപ്പെടുന്ന സത്യത്തിന്റെ പോരാളിക്ക് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ സവിശേഷ സ്ഥാനമുണ്ട്.

1971ൽ പ്രസിദ്ധീകരണമാരംഭിച്ച് ആറു മാസം കൊണ്ട് നിലച്ചുപോയ 12 പേജിൽ അച്ചടിച്ച 'നവാബ്' എന്ന ടാബ്ലോയിഡിന്റെ 21 വയസ്സുകാരനായ പത്രാധിപരാണ് ടി.എ.രാജേന്ദ്രൻ. പയ്യന്നൂരിലെ സ്വാതന്ത്ര്യ പോരാളി കെ.വി.കുഞ്ഞിരാമ പൊതുവാളിന്റെയും തൃശ്ശൂരിലെ തെക്കേ അരങ്ങത്ത് ഭാർഗ്ഗവി അമ്മയുടെയും മകൻ. 'തല്ലുകൊള്ളിപൊതുവാൾ' എന്ന അപരനാമത്തിൽ അറിയപ്പെട്ട കുഞ്ഞിരാമ പൊതുവാളാണ് മലയാളത്തിലെ ആദ്യ ഇടതുപക്ഷ പത്രമായ 'പ്രഭാതം' വാരികയുടെ പ്രിന്ററും പബ്ലിഷറും.

വാരികയായി പുറത്തിറങ്ങിയിരുന്ന നവാബ് മറ്റു പത്രങ്ങൾ പുറത്തു കൊണ്ടുവരാൻ മടിച്ചിരുന്ന അഴിമതിയുടെയും നീതിനിഷേധങ്ങളുടെയും കഥകൾ ജനങ്ങളിലെത്തിക്കാനാണ് ശ്രമിച്ചത്.

എഫ്.എ.സി.ടി.യിലെ നിയമനങ്ങളിൽ സ്വന്തക്കാരെ തിരുകിക്കയറ്റാൻ അന്നു കേന്ദ്രമന്ത്രിയായിരുന്ന എ.സി.ജോസ് നടത്തിയ കുത്സിത ശ്രമങ്ങളും എഴുതിയ ശുപാർശക്കത്തുകളും നവാബിന്റെ  ആദ്യ ലക്കങ്ങളിൽ തന്നെ പ്രത്യക്ഷപ്പെട്ടു.

പ്രമാണിമാരായ രാഷ്ട്രീയ നേതാക്കളുടെ അഴിമതികളും അനീതികളും തുറന്നെഴുതി ആദ്യ ലക്കങ്ങൾ കൊണ്ടു തന്നെ ശ്രദ്ധേയമായ നവാബ് പുറത്തുകൊണ്ടു വന്ന പല വിഷയങ്ങളും മറ്റു പത്രങ്ങളും പൊതുസമൂഹവും ഏറ്റെടുത്തു. അത്തരത്തിൽ കേരള രാഷ്ട്രീയത്തെ പിന്നീട് എത്രയൊ പതിറ്റാണ്ടുകൾ പിടിച്ചു കുലുക്കിയ ഒരു വാർത്ത 1972 ഏപ്രിൽ ഒന്നിനു പുറത്തിറങ്ങിയ നവാബ് വാരികയിൽ പ്രത്യക്ഷപ്പെട്ടു.

തട്ടിൽ എസ്റ്റേറ്റ് അക്വയർ ചെയ്തതുമായി ബന്ധപ്പെട്ട് ആഭ്യന്തരമന്ത്രി കെ.കരുണാകരൻ രണ്ടു ലക്ഷം രൂപ കൈക്കൂലി വാങ്ങി എന്നായിരുന്നു നവാബ് വാർത്ത. ആരോപണത്തിന് തെളിവായി കരുണാകരന്റെ പി.എ. അയച്ച ഒരു കത്തിന്റെ ഫോട്ടോസ്റ്റാറ്റും നവാബ് പ്രസിദ്ധീകരിച്ചു. തൃശ്ശൂർ ജില്ലാ കോൺഗ്രസ് പ്രസിഡന്റ് എം.വി.അബൂബക്കറിന് 15,000 രൂപ നൽകണമെന്നാവശ്യപ്പെട്ട് തട്ടിൽ എസ്റ്റേറ്റ് ഉടമയുടെ മകളുടെ ഭർത്താവ് വി.പി.ജോണിന് പി.എ. അയച്ച കത്തായിരുന്നു അത്.

1970ലെ അച്യുതമേനോൻ മന്ത്രിസഭയുടെ കാലത്ത് കാർഷിക സർവ്വകലാശാലയ്ക്ക് വേണ്ടിയാണ് തട്ടിൽ എസ്റ്റേറ്റിന്റെ 936 ഏക്കർ ഭൂമി അക്വയർ ചെയ്യാൻ തീരുമാനിച്ചത്. രണ്ടുകോടി രൂപയാണ് ഭൂമിക്ക് സർക്കാർ വില നിശ്ചയിച്ചത്. അതിൽ അഴിമതിയുണ്ടെന്ന ആരോപണമുയർന്നപ്പോൾ റവന്യൂ ബോർഡ് അംഗം കെ.കെ.രാമൻകുട്ടിയെ അന്വേഷണ കമ്മീഷനായി നിയമിച്ചു. സർക്കാരിന്റെ തീരുമാനത്തിനെതിരായിരുന്നു രാമൻകുട്ടി കമ്മീഷൻ റിപ്പോർട്ട്.  മണ്ണുത്തി കോളേജിനടുത്തുള്ള സ്ഥലങ്ങൾ ഏറ്റെടുത്തിരുന്നെങ്കിൽ നാലോ അഞ്ചോ ലക്ഷം മാത്രമേ ചെലവു വരുമായിരുന്നുള്ളൂവെന്നും സ്ഥലമെടുപ്പിൽ അഴിമതിയുണ്ടെന്നും കമ്മീഷൻ റിപ്പോർട്ട് ചെയ്തു. ഗവൺമെന്റിനെതിരാണ് റിപ്പോർട്ട് എന്നതിനാൽ അത് സ്വീകരിച്ചില്ല. സിറ്റിംഗ് ജഡ്ജി എം.യു. ഐസക്കിനെകൊണ്ട് വീണ്ടും അന്വേഷണം നടത്തി. ഐസക് കമ്മീഷന്റെ നിഗമനത്തിൽ 30 ലക്ഷം മാത്രം വിലവരുന്ന സ്ഥലത്തിനാണ് രണ്ടു കോടി നിശ്ചയിച്ചതെന്ന് ചൂണ്ടിക്കാട്ടി. കേരള രാഷ്ട്രീയം അഴിമതിയുടെ നിഴലിൽ നിൽക്കുമ്പോഴാണ് ഏവരെയും ഞെട്ടിപ്പിച്ചുകൊണ്ടുള്ള ഈ നവാബ് വാർത്തയുടെ പ്രസിദ്ധീകരണം.

71 ഏപ്രിൽ 15ന് നവാബ് രാജേന്ദ്രനെ പോലീസ് പിടികൂടി. അറസ്റ്റും രേഖപ്പെടുത്തലുമൊന്നുമില്ല. പോലീസ് വാനിലിട്ട് പടിഞ്ഞാറെച്ചിറയിലുള്ള രാജേന്ദ്രന്റെ വീട്ടിലേക്ക് കൊണ്ടുപോയി. പത്രവാർത്തയുടെ കയ്യെഴുത്തു പ്രതി, കരുണാകരന്റെ പി.എ.യുടെ കത്തിന്റെ ബ്ലോക്ക് എന്നിവ വീട്ടിൽ നിന്നും പോലീസ് കണ്ടെടുത്തു. ആ രാത്രി തൃശ്ശൂർ പോലീസ് ലോക്കപ്പിൽ പാർപ്പിച്ചുവെങ്കിലും പിറ്റേന്ന് രണ്ടു മഫ്റ്റി പോലീസുകാരുടെ കൂടെ രാജേന്ദ്രനെ തലേന്ന് പിടികൂടിയ കേരള കൗമുദി ഓഫീസിനടുത്തു തന്നെ കൊണ്ടുപോയി വിട്ടു.

മെയ് 7ന് തൃശ്ശൂരിൽ വെച്ചു നടന്ന ഐ.എൻ.ടി.യു.സി സമ്മേളനത്തിൽ കെ.കരുണാകരന്റെ പ്രസംഗം പരസ്യമായ ഭീഷണിപ്പെടുത്തൽ തന്നെയായിരുന്നു. 'എനിക്കെതിരെ ഇറങ്ങിത്തിരിച്ച തേക്കിൻകാട്ടിൽ പിറന്ന് ജാരസന്തതികളെ ഞാൻ വെറുതെ വിടാൻ പോകുന്നില്ലെന്നായിരുന്നു' അത്.

മെയ് 8ന് വൈകുന്നേരം വാരിയം ലൈനിലൂടെ വീട്ടിലേക്ക് പോകുമ്പോൾ കെ.എൽ.എച്ച്. 12 നമ്പർ അംബാസിഡർ കാർ രാജേന്ദ്രന്റെ തൊട്ടടുത്ത് വന്നു നിർത്തി. രാമനിലയത്തിൽ എസ്.പി.ജയറാം പടിക്കൽ കാത്തിരിക്കുന്നുണ്ടെന്നും ഒന്നു കാണണെന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെന്ന് സ്വയം പരിചയപ്പെടുത്തിയ രണ്ടുപേർ രാജേന്ദ്രനോട് പറഞ്ഞു. കാർ രാമനിലയത്തിലേക്കല്ല പോയത്, ക്രൈം ബ്രാഞ്ച് ഓഫീസിൽ അവർ രാജേന്ദ്രനെ ഇറക്കി. അവിടെ പടിക്കൽ എത്തിയിരുന്നില്ല. എട്ടുമണി മുതൽ പത്തര വരെ രാജേന്ദ്രൻ ക്രൈം ബ്രാഞ്ച് ഓഫസിൽ കാത്തിരുന്നു.

പത്തരക്ക് അവിടെയെത്തിയ ജയറാം പടിക്കലിന് ഒരു ആവശ്യമേ ഉണ്ടായിരുന്നുള്ളൂ. നവാബ് വാരികയിൽ പ്രസിദ്ധീകരിച്ച കരുണാകരന്റെ പി.എ.യുടെ കത്തിന്റെ ഒറിജിനൽ എവിടെയുണ്ടെന്ന് പറണം.

അതു പറയില്ലെന്ന് രാജേന്ദ്രൻ തറപ്പിച്ചു പറഞ്ഞു.

ഇരുചെവിയറിയാതെ രാജേന്ദ്രനെ കൊന്നുകളയുമെന്നും ആത്മഹത്യയുടെ കണക്കിൽപെടുത്തുമെന്നുമായിരുന്നു പടിക്കലിന്റെ മറുപടി.

തനിക്ക് കത്ത് തന്നത് മുഖ്യമന്ത്രി അച്യുതമേനോനാണെന്ന് രാജേന്ദ്രൻ ഒരിക്കൽപറഞ്ഞു. പടിക്കൽ രാജേന്ദ്രനെക്കൊണ്ട് നിർബന്ധിച്ച് മദ്യം കഴിപ്പിച്ചു. പിന്നെയും ചോദ്യം ചെയ്യൽ തുടർന്നു. തന്നെ കസ്റ്റഡിയിലെടുത്ത വിവരം പുറംലോകമറിയണമെന്നും അതു പോലീസിനെ ഭയപ്പെടാത്ത ഒരാളായിരിക്കണമെന്നും രാജേന്ദ്രൻ മനസ്സിലുറപ്പിച്ചു.

കത്ത് ആരുടെ കയ്യിലാണെന്നുള്ളതെന്ന പടിക്കലിന്റെ ആവർത്തിച്ചുള്ള ചോദ്യത്തിന് ഇപ്പോൾ കത്ത് അഴീക്കോടൻ രാഘവന്റെ കയ്യിലുണ്ടെന്ന് രാജേന്ദ്രൻ മറുപടി നൽകി.

രണ്ടു കാറുകൾ നിറയെ ക്രൈം ബ്രാഞ്ച് പോലീസുകാരുമായി രാജേന്ദ്രനെയും കൂട്ടി അന്നു തന്നെ എറണാകുളത്തേക്ക് തിരിച്ചു. എറണാകുളം മാരുതിവിലാസം ലോഡ്ജിലിറങ്ങി അവർ അഴീക്കോടനെക്കുറിച്ച് അന്വേഷിച്ചു. സഖാവ് തലേന്ന് വൈകുന്നേരം കണ്ണൂരിലേക്ക് പോയെന്ന് ലോഡ്ജുകാർ പറഞ്ഞു. പിറ്റേന്ന് രാത്രി തന്നെ രാജേന്ദ്രനെയും കൊണ്ട് ക്രൈം ബ്രാഞ്ച് സംഘം കണ്ണൂരിലേക്ക് തിരിച്ചു. രണ്ടു പോലീസുകാരും ക്രൈംബ്രാഞ്ച് എസ്.ഐ. വാരിജാക്ഷനുമാണ് രാജേന്ദ്രനോടൊപ്പം കണ്ണൂരിലേക്കു തിരിച്ചത്. അഡ്വക്കറ്റ് രാമചന്ദ്രൻ എന്ന പേരിൽ ആൾമാറാട്ടം നടത്തിയാണ് വാരിജാക്ഷൻ ഒപ്പം വന്നത്.

72 മെയ് 10ന് വെളുപ്പിന് രണ്ടു മണിക്കാണ് പോലീസ് സംഘം കണ്ണൂർ പള്ളിക്കുന്നിലെ അഴീക്കോടന്റെ വീട്ടിലെത്തിയത്. വയൽ മുറിച്ചു കടന്ന് വീട്ടിലേക്കു കയറുന്നതിനിടയിൽ വീട്ടിനു ചുറ്റും ഇരുട്ടിൽ പോലീസ് വൻ സന്നാഹത്തോടെ നില്ക്കുന്നത് രാജേന്ദ്രന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു.

വാതിൽ തുറന്ന് പുറത്തിറങ്ങിയ അഴീക്കോടനിൽ നിന്നും രാജേന്ദ്രൻ ഒരു ഗ്ലാസ് വെള്ളം വാങ്ങിക്കുടിച്ചു. ഒറ്റ നോട്ടത്തിൽ തന്നെ കാര്യം പന്തിയല്ലെന്ന് അഴീക്കോടന് മനസ്സിലായി. രാജേന്ദ്രനെ കാണാനില്ലെന്ന് സഹോദരൻ രാംദാസ് ആർ.ഡി.ഒ.വിന് പരാതി നൽകിയ കാര്യം അഴീക്കോടൻ നേരത്തെ അറിഞ്ഞിരുന്നു. അഡ്വക്കേറ്റ് രാമചന്ദ്രൻ എന്ന് പരിചയപ്പെടുത്തിയ ആൾ രാജേന്ദ്രനും അഴീക്കോടനും സംസാരിക്കാൻ ശ്രമിക്കുമ്പോൾ അടുത്തെത്തി. 'വക്കീൽ അവിടെ ഇരിക്കൂ' എന്ന് അഴീക്കോടൻ അയാളെ വിലക്കി.

'രണ്ടു ദിവസമായി ഞാൻ പോലീസ് കസ്റ്റഡിയിലാണ്. പുറത്താരും അറിഞ്ഞിട്ടില്ല.' രാജേന്ദ്രൻ അഴീക്കോടനോട് പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.

'കത്ത് എന്റെ കയ്യിലില്ല. ഞാനത് ഇ.എം.എസിന് കൊടുത്തു. വേണമെങ്കിൽ എന്നെയും ഇ.എം.എസിനെയും അറസ്റ്റ് ചെയ്യട്ടെ.' കാര്യത്തിന്റെ ഗൗരവമുൾക്കൊണ്ട് അഴീക്കോടൻ ശബ്ദമുയർത്തി പറഞ്ഞു.

നിരാശരായ പോലീസ് സംഘം രാജേന്ദ്രനെയും കുട്ടി കണ്ണൂർ ക്രൈം ബ്രാഞ്ച് ഓഫീസിലെത്തി. വാരിജാക്ഷന്റെ നേതൃത്വത്തിൽ അവിടെ മുതൽ ഭീകരമായ മർദ്ദനമാരംഭിച്ചു. തൃശ്ശൂർ പോലീസ് ക്ലബ്ബ് വരെയുള്ള യാത്രയിൽ അത് തുടർന്നു. തൃശ്ശൂർ പോലീസ് ക്ലബ്ബിൽ വെച്ച് മർദ്ദനം ജയറാം പടിക്കലിന്റെ നേതൃത്വത്തിലായി. അടിയേറ്റ് ചോരതുപ്പി പിടഞ്ഞ രാജേന്ദ്രന്റെ മുൻവരിപ്പല്ലുകൾ പടിക്കൽ അടിച്ചു കൊഴിച്ചു.

മെയ് 11ന് അഴീക്കോടൻ പത്രസമ്മേളനം നടത്തി. രാജേന്ദ്രൻ പോലീസ് കസ്റ്റഡിയിലാണെന്നും ഭീകരമായി മർദ്ദനമേറ്റിരിക്കുന്നുവെന്നും അഴീക്കോടൻ പറഞ്ഞു. പിറ്റേന്ന് രാജേന്ദ്രനെ കോടതിയിൽ ഹാജരാക്കി. പതിനഞ്ചു ദിവസം പോലീസ് കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും കോടതി ജാമ്യമനുവദിച്ചു.

മെയ് 14ന് ഹിന്ദുവിൽ രാജേന്ദ്രൻ നേരിട്ട് മർദ്ദനത്തെക്കുറിച്ചും അനധികൃത കസ്റ്റഡിയെക്കുരിച്ചും വിശദമായ വാർത്ത പ്രസിദ്ധീകരിച്ചു. അതോടെ പോലീസ് വീണ്ടും രാജേന്ദ്രനെ പീഡിപ്പിച്ചു. സംഘടനാ കോൺഗ്രസിന്റെ പ്രസിഡന്റായിരുന്ന കെ.ശങ്കരനാരായണനും, രവീന്ദ്ര വർമ്മയും രാജേന്ദ്രനെ മൊറാർജി ദേശായിയുടെ മുന്നിലേക്ക് കൂട്ടിക്കൊണ്ടുപോയി. അതിനിടെ മർദ്ദനമേറ്റ് അത്യന്തം അവശനായ രാജേന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഴീക്കോടൻ, എ.കെ.ജി, എം.പി.വീരേന്ദ്രകുമാർ എന്നിവർ ആശുപത്രിയിൽ രാജേന്ദ്രനെ കാണാനെത്തി. കസ്റ്റഡിയിലെ സംഭവങ്ങളും മർദ്ദനവും ഒരു കത്തിൽ ഇ.എം.എസിനെ അറിയിക്കാൻ അവർ രാജേന്ദ്രനെ ഉപദേശിച്ചു. ഇ.എം.എസ് ആ കത്ത് ഇന്ദീരാഗാന്ധിക്കയറ്റു. കത്ത് ഇ.എം.എസ് പത്രങ്ങൾക്ക് വിതരണം ചെയ്തു. എ.കെ.ജി ഇന്ദിരാഗാന്ധിക്ക് പ്രത്യേകമായി ഒരു കത്തയച്ചു. അന്വേഷണത്തിന് നിർദ്ദേശം നൽകിയതായി എ.കെ.ജിക്ക് ഇന്ദിരാഗാന്ധി മറുപടി അയച്ചു.

തട്ടിൽ എസ്റ്റേറ്റ് അഴിമതിയെ തുടർന്നുള്ള സംഭവങ്ങൾ ദേശീയ തലത്തിൽ തന്നെ കൊടുങ്കാറ്റായി വീശിയടിക്കുമ്പോഴും രാജേന്ദ്രനെതിരായ പോലീസിന്റെ പീഢനം തുടർന്ന് കൊണ്ടേയിരുന്നു. ഇതിനിടയിൽ കരുണാകരന്റെ പി.എ., സി.കെ.ഗോവിന്ദൻ നവാബിൽ വന്ന വാർത്ത തനിക്ക് അപകീർത്തികരമാണെന്ന് കാണിച്ച് തൃശ്ശൂർ മജിസ്‌ട്രേറ്റ് കോടതിയിൽ മാനനഷ്ടക്കേസ് നൽകി. 72 സപ്തംബർ 25ന് കോടതിയിൽ കത്ത് ഹാജരാക്കുവാൻ കോടതി ഉത്തരവിട്ടു. കത്ത് കോടതിയിൽ ഹാജരാക്കുമെന്ന് സെപ്തംബർ 15ന് പ്രസ്താവന പുറപ്പെടുവിച്ചത് അഴീക്കോടൻ രാഘവനാണ്.

ആഭ്യന്തരമന്ത്രിക്കെതിരായ ഗുരുതരമായ അഴിമതി ആരോപണം ചർച്ച ചെയ്യുന്നതിന് പ്രതിപക്ഷ നേതാക്കളുടെ യോഗം വിളിച്ചു ചേർത്തത് അഴീക്കോടൻ രാഘവനാണ്. 72 സപ്തം 24ന് രാവിലെ തൃശ്ശൂരിൽ വെച്ചാണ് അഴീക്കോടൻ വിളിച്ചു ചേർത്ത യോഗം. സപ്തം 21ന് രാജേന്ദ്രൻ തിരുവനന്തപുരത്തു ചെന്ന് ഇ.എം.എസിനെ കണ്ടു. കത്ത് നിയമസഭയിൽ വെക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്തു. ഇ.എം.എസ് ഗൗരിയമ്മയുമായി ചർച്ച ചെയ്ത ശേഷം പിറ്റേന്ന് രാജേന്ദ്രനെ കണ്ടു. കത്ത് കോടതിയിൽ ഹാജരാക്കിയാൽ മതി എന്നായിരുന്നു ഇ.എം.എസിന്റെ നിർദ്ദേശം.

സപ്തം 24ന് തൃശ്ശൂരിൽ നടക്കുന്ന പ്രതിപക്ഷ നേതാക്കളുടെ യോഗത്തിൽ പങ്കെടുക്കുന്നതിനാണ് അഴീക്കോടൻ 23ന് രാത്രി എറണാകുളത്തു നിന്നും തൃശ്ശൂരിലേക്ക് യാത്ര തിരിച്ചത്. തൃശ്ശൂർ ചെട്ടിയങ്ങാടിയിൽ ബസ്സിറങ്ങി താമസ സ്ഥലമായ പ്രീമിയർ ലോഡ്ജിലേക്ക് ഒറ്റക്ക് നടക്കുന്നതിനിടയിലാണ് അഴീക്കോടനെ കുത്തിക്കൊന്നത്.

എ.വി.ആര്യൻ ഗ്രൂപ്പുകാരാണ് ഈ കൊല നടത്തിയതെങ്കിലും അതിനു പിന്നിൽ പ്രവർത്തിച്ചവരാരൊക്കെയാണെന്ന് ഇന്നും തെളിയിക്കപ്പെട്ടിട്ടില്ല.

അഴീക്കോടൻ തൃശ്ശൂരിലെത്തുന്നതിന് അല്പം മുമ്പ് മംഗലം ഡാമിനടുത്ത് പ്രസംഗിക്കുകയായിരുന്ന എ.വി.ആര്യനെ സി.പി.എം പ്രവർത്തകർ വെട്ടിക്കൊന്നുവെന്നും അതിന്റെ പിന്നിൽ അഴീക്കോടനാണെന്നും ആര്യൻ ഗ്രൂപ്പിന്റെ ഓഫീസിൽ ഒരു വ്യാജ വാർത്ത എത്തിച്ചത് പോലീസാണ്. അഴീക്കോടൻ തൃശ്ശൂരിലെത്തിയ ഉടൻ കൊലക്കേസിൽ അദ്ദേഹത്തെ അറസ്റ്റു ചെയ്യുമെന്നും പോലീസ് അവരോട് പറഞ്ഞിരുന്നു. 23ന് രാത്രി എട്ടുമണിക്കു മുമ്പു തന്നെ പോലീസ് ചെട്ടിയങ്ങാടിയിലെ കടകളെല്ലാം ബലമായി അടപ്പിച്ചിരുന്നു. വിജനമായ തെരുവിലേക്ക് കയ്യിലൊരു കറുത്ത ബാഗുമായി ഒറ്റക്കു വന്നിറങ്ങുകയായിരുന്നു അഴീക്കോടൻ. 

ആ രാത്രിയിൽ കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയുടെ ഏറ്റവും വലിയ നേതാക്കളിലൊരാൾ ദാരുണമായി കൊല്ലപ്പെടുമ്പോൾ നിലവിളിക്ക് മറുവിളി കേൽക്കാൻ ഒരാളുമില്ലാത്ത വിധം നഗരം ശൂന്യമായിരുന്നു. ആദർശ ദീപ്തമായ ഒരു കാലത്തിന്റെ വെളിച്ചം മുഴുവൻ ആ വ്യക്തിത്വത്തിൽ മാത്രമല്ല, ആ രാത്രിയിലെ വരവിൽ പോലുമുണ്ട്. കയ്യിൽ ഒരു പേനാക്കത്തിപോലുമില്ലാതെ ഒരു കറുത്ത ബാഗും തൂക്കി മരണത്തിലേക്കുള്ള നിർഭയമായ കടന്നു വരവ് തന്നെ കരിമ്പൂച്ചകളും അർദ്ധ സൈനികവ്യൂഹങ്ങളും അകമ്പടി സേവിക്കുന്ന പുതിയകാല രാഷ്ട്രീയ നേതൃത്വങ്ങൾക്കു നടുവിൽ സ്വയം പ്രഖ്യാപന ശേഷിയുള്ളതാണ്.

അഴീക്കോടനുമായി ബന്ധപ്പെട്ട ഒട്ടുവളരെ കാര്യങ്ങൾ ഓർക്കാനുണ്ട്. പക്ഷേ ഒരേയൊരു കാര്യം മാത്രം ഈ കുറിപ്പിലൊതുക്കണമെന്നേ ആഗ്രഹിച്ചുള്ളൂ.

അഴിമതിക്കെതിരായ അചഞ്ചലമായ പോരാട്ടവും രക്തസാക്ഷിത്വവുമാണ് അത്.

കരിവെള്ളൂർ മുരളി