തിരഞ്ഞെടുപ്പ് കേസില്‍ തനിക്കെതിരെ ഹൈക്കോടതി വിധി പറഞ്ഞതിന്‍റെ പേരില്‍  സാക്ഷികളില്‍ ചിലരെ പേരെടുത്ത് പറഞ്ഞ് പരസ്യമായി ഭീഷണിപ്പെടുത്തിയ ലീഗ് നേതാവ് കെ.എം.ഷാജി നിയമവ്യവസ്ഥയെ തന്നെ വെല്ലുവിളിക്കുകയാണ്. 
 
കോടതിയില്‍ കേസ് തോറ്റതിന് കാരണം  ഷാജിയുടെ പ്രവര്‍ത്തനശൈലിയാണെന്നാണ് മുസ്ലീം ലീഗുകാര് പോലും പറയുന്നത്.  അതിന്‍റെ പേരില്‍ പൊതുവേദിയില്‍ ഉദ്യോഗസ്ഥന്‍മാരെ ഭീക്ഷണിപ്പെടുത്തുന്നതും തെറിവിളിക്കുന്നതും എന്തിനെന്ന് മുസ്ലീം ലീഗ് നേതാക്കള്‍ വ്യക്തമാക്കണം. ഇതിന്‍റെ പേരില്‍ സ്വമേധയാ കേസെടുത്ത പോലീസ് നടപടി ശ്ലാഘനിയവും നിയമവ്യവസ്ഥ ഉയര്‍ത്തിപ്പിടിക്കുന്നതുമാണ്. 
 
അഴീക്കോട് മണ്ഡലത്തിലെ തിരഞ്ഞെടുപ്പില്‍ ചട്ടം ലംഘിച്ച് യു.ഡി.എഫ് നടത്തിയ പ്രവര്‍ത്തനങ്ങളെക്കുറിച്ച് നിരവധി പരാതികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കുകയുണ്ടായി. പെരുമാറ്റചട്ടലംഘനം പരിശോധിക്കുന്നതിന് ചുമതലയുള്ള എ.ഡി.എം എം. ദിനേശിന് ലഭിച്ച പരാതിയെത്തുടര്‍ന്നാണ് പോലീസും മറ്റ് ഉദ്യോഗസ്ഥരും നിയമവിരുദ്ധ പ്രസിദ്ധീകരണങ്ങള്‍ പിടിച്ചെടുക്കാന്‍ തയ്യാറായത്. അതിന്‍റെ ഭാഗമായി കണ്ണാടിപ്പറമ്പ്, പുല്ലൂപ്പി, വളപട്ടണം തങ്ങള്‍ വയല്‍, ചിറക്കല്‍ കീരിയാട്, വളപട്ടണം പഞ്ചായത്ത് പ്രസിഡണ്ട് മനോരമയുടെ വീട് എന്നിവിടങ്ങളില്‍ നിന്നെല്ലാം പ്രസ്സിന്‍റെ പേര് പോലും ഇല്ലാത്ത നിയമവിരുദ്ധനോട്ടീസുകള്‍ പിടിച്ചെടുത്തു. അതില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി നികേഷ്കുമാറിനെ വ്യക്തിഹത്യ നടത്തുന്നതും, മതവിരോധം പ്രചരിപ്പിക്കുന്നതുമായ വിവിധതരത്തിലുള്ള 10 ഓളം നോട്ടീസുകള്‍ ഉണ്ടായിരുന്നു. ഇവയാകെ കോടതിയില്‍ സമര്‍പ്പിച്ചതും കോടതി സഗൗരവം പരിഗണിച്ചതുമാണ്. 
 
ഷാജി പറയുന്നത് പഞ്ചായത്ത് പ്രസിഡണ്ട് മനോരമയുടെ വീട്ടില്‍ നിന്ന് മേല്‍പറഞ്ഞ നോട്ടീസുകള്‍ പിടിച്ചെടുത്തിട്ടില്ലെന്നും സി.പി.എം പ്രവര്‍ത്തകര്‍ പിന്നീട് ഹാജരാക്കിയതാണെന്നുമാണ്. അങ്ങനെയെങ്കില്‍ കോടതിയില്‍ നിന്ന് സമന്‍സ് ലഭിച്ചിട്ടും ഷാജി പറയുന്നത് പോലെ മൊഴി നല്‍കാന്‍ എന്തുകൊണ്ട് കോണ്‍ഗ്രസ്സ് നേതാവ് മനോരമ കോടതിയില്‍ ഹാജാരായില്ല ?  കേസ് നടത്തിപ്പില്‍പോലും വീഴ്ച ഉണ്ടായതായി ലീഗുകാര്‍ പറയുന്നത് ഈ ഒരു പശ്ചാത്തലത്തിലാണ്. 
 
ക്രിമിനല്‍ കേസുകളില്‍ സത്യസന്ധമായി കോടതി മുറിയില്‍ മൊഴി കൊടുക്കുന്ന സാക്ഷികളെ ഭയപ്പെടുത്തുന്നതിന് വേണ്ടി ഉത്തരവാദിത്വപ്പെട്ട ഒരു രാഷ്ട്രീയ നേതാവ് തയ്യാറാവുന്നത് എല്ലാവരാലും അപലപിക്കപ്പെടണം. സുപ്രീംകോടതി څസാക്ഷിസുരക്ഷപദ്ധതിچ  നടപ്പാക്കുന്നതിന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ഇപ്പോള്‍ ലീഗ് നേതാവ് സുപ്രീംകോടതിയില്‍ അപ്പീല്‍ ഹര്‍ജി നല്‍കിയ ഒരാള്‍ കൂടിയാണ്. കോടതിയില്‍ തന്‍റെ വാദങ്ങള്‍ അവതരിപ്പിക്കുന്നതിന് പകരം പൊതുയോഗം വിളിച്ചുകൂട്ടി ഹൈക്കോടതി വിധിക്കെതിരെ വെല്ലുവിളി ഉയര്‍ത്തുന്നത് ശരിയല്ല. 
 
യു.ഡി.എഫ് ഗവണ്‍മെന്‍റിന്‍റെ കാലത്താണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്.  അന്നത്തെ ഉദ്യോഗസ്ഥരാണ് നിയമവിരുദ്ധ നോട്ടീസുകള്‍ക്കെതിരെ ഇന്ത്യന്‍ശിക്ഷാനിയമം 153 പ്രകാരവും ജനപ്രാതിനിധ്യനിയമം 123 പ്രകാരവും കേസ് എടുത്തത്. അത് അനുസരിച്ച് കോടതിയില്‍ മൊഴി നല്‍കിയ ഉദ്യോഗസ്ഥരെ ഏതെങ്കിലും രാഷ്ട്രീയ നേതാക്കളുടെ നക്കാപിച്ചക്ക് വേണ്ടി മൊഴി നല്‍കിയതാണെന്ന് അക്ഷേപിക്കുന്നത് കോടതി വിധിയെ തന്നെ വെല്ലുവിളിക്കുന്നതിന് തുല്യമാണ്.