ആര്‍എസ്എസ് ശാഖകളില്‍ പോലീസുദ്യോഗസ്ഥരെയടക്കം ആക്രമിച്ച് കീഴ്പ്പെടുത്താന്‍ "നിയുദ്ധ" എന്ന പേരില്‍ പരിശീലനം നല്‍കുന്നുണ്ടെന്ന വെളിപ്പെടുത്തല്‍ വന്ന സാഹചര്യത്തില്‍ ആര്‍എസ്എസ് ശാഖകള്‍ പോലീസ് നിരീക്ഷണത്തിന് വിധേയമാക്കണമെന്നും പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്കെ തിരെ നിയമനടപടികള്‍ കൈക്കൊള്ളണമെന്നും സിപിഐ(എം) ആവശ്യപ്പെടുന്നു.
 
"നിയുദ്ധ" പ്രയോഗിച്ച് പോലീസുദ്യോഗസ്ഥരെ അക്രമിച്ച് കീഴ്പ്പെടുത്തും എന്ന ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍റെ പ്രഖ്യാപനം രാജ്യത്തെ നിയമവാഴ്ച്ചയോടുള്ള വെല്ലുവിളിയാണ്."നിയുദ്ധ" എന്നാല്‍ കൈകൊണ്ടും കാല്‍ കൊണ്ടും എതിരാളികളെ അക്രമിച്ച് കീഴ്പ്പെടുത്തുന്ന രീതി എന്നാണര്‍ത്ഥം.
ആര്‍എസ്എസിന്‍റെ ശാഖകളിലും ഐടിസി,ഒടിസി ക്യാമ്പുകളിലും ആളെ കൊല്ലാനുള്ള പരിശീലനമാണ് നടത്തുന്നതെന്ന് സിപിഐ(എം) നേരത്തെ തന്നെ ഉന്നയിച്ച കാര്യമാണ്.എന്നാല്‍ അന്നെല്ലാം നേതാക്കള്‍ പറഞ്ഞു കൊണ്ടിരുന്നത് ആര്‍എസ്എസ് ക്യാമ്പുകളില്‍ വ്യക്തിത്വ വികസന ക്ലാസ്സുകളാണ് നല്‍കുന്നത് എന്നായിരുന്നു.ഇപ്പോള്‍ അവരുടെ സംസ്ഥാന നേതാവായ ശോഭാ സുരേന്ദ്രന്‍ തന്നെ ആളെ കൊല്ലാനുള്ള ക്ലാസ്സുകളാണ് തങ്ങള്‍ നല്‍കുന്നത് എന്ന് പരസ്യമായി സമ്മതിച്ചിരിക്കുകയാണ്.
 
2016 ഡിസംബറില്‍ തലശേരി നങ്ങാറത്ത് പീടികയിലെ ടാഗോര്‍ വിദ്യാനികേതനില്‍ നടന്ന ആര്‍ എസ് എസ് ക്യാമ്പിലെ പരിശീലന ദൃശ്യങ്ങള്‍ കൈരളി പീപ്പിള്‍ ചാനല്‍ പുറത്ത് വിട്ടിരുന്നു.ആര്‍ എസ് എസ് എങ്ങനെയാണ് ഒരാളെ കൊലയാളിയാക്കുന്നത് എന്ന് അന്ന് കേരളം കണ്ടതാണ്.അന്നും ആര്‍എസ്എസ് നേതൃത്വം പറഞ്ഞുകൊണ്ടിരുന്നത് വ്യക്തിത്വ വികസന ക്ലാസ്സാണ് തങ്ങള്‍ നല്‍കുന്നത് എന്നായിരുന്നു.വ്യക്തിത്വ വികസനത്തിന് എന്തിനാണ് "നിയുദ്ധ" പരിശീലനം എന്നത് ആര്‍ എസ് എസ് നേതൃത്വം വ്യക്തമാക്കണം. പരസ്യമായി നിയമപാലകരെ ഭീഷണിപ്പെടുത്തിയ ശോഭാ സുരേന്ദ്രനെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെടുന്നു.