അഴീക്കോട് അസംബ്ലി മണ്ഡലം തെരഞ്ഞെടുപ്പ് അസാധുവാക്കിയ ഹൈക്കോടതി വിധി സി.പി.ഐ(എം) കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് സ്വാഗതം ചെയ്യുന്നു. വര്‍ഗ്ഗീയ കാര്‍ഡ് ഇറക്കി തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കേറ്റ പ്രഹരം കൂടിയാണ് ഈ വിധി. 2016 ലെ തെരഞ്ഞെടുപ്പില്‍ പരാജയഭീതി പൂണ്ട ഷാജിയും യു.ഡി.എഫും നെറികെട്ട പ്രചാരണമാണ് അഴിച്ചുവിട്ടത് എന്ന് അന്ന് തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു. പലസംഘടനകളുടേയും പേരില്‍ നിരവധി ലഘുലേഖകളാണ് പടച്ച് വിട്ടത്. തനി വര്‍ഗ്ഗീയ പ്രചാരണമാണ് ഈ ലഘുലേഖകളിലൂടെ നടത്തിയത്. മാത്രമല്ല സ്ഥാനാര്‍ത്ഥി നികേഷ്കുമാറിനെ വ്യക്തിപരമായി ആക്ഷേപിക്കുന്ന നുണപ്രചരണവും നടത്തുകയുണ്ടായി. സമാന്യ മര്യാദകളെല്ലാം ലംഘിക്കുന്ന തരത്തിലായിരുന്നു ഷാജിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം. തികഞ്ഞ അഹന്തയാണ് പ്രവര്‍ത്തനങ്ങളിലുടനീളം ഷാജി പ്രകടിപ്പിച്ചത്. അഹന്തക്കേറ്റ തിരിച്ചടി കൂടിയാണ് ഈ വിധി. 2011 ലെ തെരഞ്ഞെടുപ്പിലും അന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന എം. പ്രകാശന്‍ മാസ്റ്റര്‍ക്കെതിരെ ഇതേ നിലയിലുള്ള പ്രചരണം നടത്തിയിരുന്നു.
 
ഇന്ത്യന്‍ ജനപ്രാതിനിധ്യ നിയമത്തിലെ 123 വകുപ്പ് തെരഞ്ഞെടുപ്പ് തെരഞ്ഞെടുപ്പ് അഴിമതികള്‍ ഏതൊക്കെയെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. അതില്‍ പ്രധാനമായതാണ് ജാതി-മത-ഭാഷ-വംശ അടിസ്ഥാനത്തില്‍ വോട്ട് തേടുന്നത് അയോഗ്യതയ്ക്ക് കാരണമാകും എന്നത്. 2017 ലെ 7 അംഗ ഭരണഘടനാ ബെഞ്ചിന്‍റെ വിധിയിലും ഇത് അയോഗ്യതയ്ക്ക് കാരണമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പ്രസ്തുത വകുപ്പിന്‍റെ ലംഘനമാണ് ഷാജി നടത്തിയത്. വര്‍ഗ്ഗീയ പ്രചാരണത്തിനായി തയ്യാറാക്കി വിതരണം ചെയ്ത ലഘുലേഖ വളപട്ടണം പഞ്ചായത്ത് പ്രസിഡന്‍റും, കോണ്‍ഗ്രസ് നേതാവുമായിരുന്ന മനോരമയുടെ വീട്ടില്‍ നിന്നുമാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും പോലീസും ചേര്‍ന്ന് പിടിച്ചെടുത്തത്. യു.ഡി.എഫ് ഭരണത്തിലിരിക്കേയാണ് പോലീസും, ഉദ്യോഗസ്ഥരും ജനക്കൂട്ടത്തിന്‍റെ സാന്നിദ്ധ്യത്തില്‍ ഇവ പിടിച്ചെടുക്കുന്നത്.
 
മതനിരപേക്ഷതയും അതനുസരിച്ചുള്ള തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളും സംരക്ഷിക്കുന്നതാണ് ഹൈക്കോടതി വിധി. ഇത് അംഗീകരിക്കാന്‍ ഷാജിയും, യു.ഡി.എഫും തയ്യാറാവണം.