ജനതാദള്‍ എസ്. ദേശീയ നേതാവായിരുന്ന അഡ്വ. നിസാര്‍ അഹമ്മദിന്റെ പയ്യാമ്പലത്തെ സ്മാരകം തകര്‍ത്തത് പ്രതിഷേധാർഹമാണെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി പി ജയരാജൻ പറഞ്ഞു. നാളെ മന്ത്രി മാത്യു ടി തോമസ് ഉദ്ഘാടനം ചെയ്യാനിരുന്ന സ്മൃതികുടീരമാണ് തകർത്തത്.
 
സ്മാരകം നിർമ്മാണം ആരംഭിച്ച ഘട്ടത്തിൽ വി എച്ച് പി ക്കാർ പ്രദേശത്തു കൊടി നാട്ടിയിരുന്നു. എന്നാൽ ജനദാതൾ നേതൃത്വം ഇവരുമായി സംസാരിക്കുകയും പ്രശ്നം പരിഹരിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ഇന്ന് കാലത്ത് ഇത് തകർക്കപ്പെട്ടത്. കക്ഷി രാഷ്ട്രീയ ഭേദമന്യേ ജനങ്ങൾ ആദരിക്കുന്ന വ്യക്തിത്വമായിരുന്നു നിസാർ അഹമ്മദിന്റേത്.  അതുകൊണ്ട് തന്നെ ഈ അക്രമത്തിന് പിന്നിലുള്ളവരെ അടിയന്തിരമായി പിടികൂടണമെന്നും ജയരാജൻ ആവശ്യപ്പെട്ടു.