ഇന്ധനവിലവര്‍ദ്ധനവിനെതിരെ ദേശവ്യാപകമായി നടക്കുന്ന പ്രക്ഷോഭത്തിന്‍റെ ഭാഗമായി എല്‍ ഡി എഫിന്‍റെ ആഭിമുഖ്യത്തില്‍ സെപ്തംബര്‍ 17 ന് അസംബ്ലി മണ്ഡലം കേന്ദ്രങ്ങളിലും മാഹിയിലും സായാഹ്ന ധര്‍ണ്ണകള്‍ സംഘടിപ്പിക്കാന്‍  ജില്ലാ കമ്മറ്റി തീരുമാനിച്ചു.
 
ഇന്ധന വിലവര്‍ദ്ധന ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെയാണ്.പ്രളയദുരന്തത്തില്‍പെട്ട് താളം തെറ്റിയ ജനജീവിതത്തിന് മേല്‍ കേന്ദ്രസര്‍ക്കാര്‍ ഏല്‍പ്പിക്കുന്ന ഈ ആഘാതം താങ്ങാവുന്നതിലും അപ്പുറമാണ്.ഇന്ധനവില കുറയ്ക്കുമെന്നായിരുന്നു 2014 ലെ തെരഞ്ഞെടുപ്പില്‍ ബിജെപിയും നരേന്ദ്രമോഡിയും ജനങ്ങള്‍ക്ക് മുന്നില്‍വെച്ച വാഗ്ദാനം.എന്നാല്‍ കുറച്ചില്ലെന്ന് മാത്രമല്ല വില അതിന്‍റെ പാരമ്യത്തില്‍ എത്തി നില്‍ക്കുകയുമാണ്.അന്ന് ഡീസലിനും പെട്രോളിനും യഥാക്രമം ലിറ്ററിന് 3.46 രൂപയും 9.48 രൂപയും മാത്രമായിരുന്നു എക്സസൈസ് തീരുവയെങ്കില്‍ ഇന്നത് 15.33, 19.48 എന്നീ ക്രമത്തില്‍ കുത്തനെ കൂട്ടി.എണ്ണക്കമ്പനികള്‍ അനുദിനം വിലകൂട്ടുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ചെറുവിരല്‍ അനക്കുന്നില്ലെന്ന് മാത്രമല്ല അവര്‍ക്ക് എല്ലാവിധ ഒത്താശയും ചെയ്ത് കൊടുക്കുകയും ചെയ്യുന്നു.കയുത്തക എണ്ണ കമ്പനികളാവട്ടെ സാമ്പത്തികമായി കൊഴുത്ത് വളരുകയുമാണ്. ഈ സാഹചര്യത്തിലാണ് പ്രക്ഷോഭം സംഘടിപ്പിക്കുന്നത്.
 
പയ്യന്നൂര്‍,പിലാത്തറ,തളിപ്പറമ്പ്,പുതിയതെരു,കണ്ണൂര്‍,ശ്രീകണ്ഠപുരം,തലശ്ശേരി,പാനൂര്‍,മമ്പറം,മട്ടന്നൂര്‍,ഇരിട്ടി,മാഹി എന്നീ കേന്ദ്രങ്ങളിലാണ് ധര്‍ണ്ണ.വൈകുന്നേരം 4 മണിമുതല്‍ 7 മണിവരെ നടക്കുന്ന സായാഹ്ന ധര്‍ണ്ണയില്‍ മുഴുവനാളുകളും പങ്കെടുക്കണമെന്ന് എല്‍ ഡി എഫ് ജില്ലാ കമ്മറ്റി അഭ്യര്‍ത്ഥിച്ചു. സെപ്തംബര്‍ 10 മുതല്‍ 15 വരെ മന്ത്രിമാരുടെ നേതൃത്വത്തില്‍ നടക്കുന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട് ശേഖരണ പരിപാടിയും വിജയിപ്പിക്കണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു.
 
യോഗത്തില്‍ സി.രവീന്ദ്രന്‍ അധ്യക്ഷനായി.സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജന്‍,വത്സന്‍ പനോളി,ടി ഐ മധുസൂദനന്‍,പി വി ഗോപിനാഥ്, കെ സി ജേക്കബ്ബ്,എം ഉണ്ണികൃഷ്ണന്‍,എം പ്രഭാകരന്‍,രാമചന്ദ്രന്‍ തില്ലങ്കേരി,ജോയി,സിറാജ് തയ്യില്‍,എ പ്രദീപന്‍,സി പി സന്തോഷ് കുമാര്‍,എ ജെ ജോസഫ്,പി പി ദിവാകരന്‍,ഇ പി ആര്‍ വേശാല,മഹമൂദ് പറക്കാട്ട് എന്നിവര്‍ സംസാരിച്ചു.