പാനൂര്‍ കുറ്റേരിയില്‍ വെച്ച്  സ:കാട്ടീന്‍റെവിട ചന്ദ്രനെ ആര്‍എസ്എസ് ക്രിമിനലുകള്‍ മൃഗീയമായി വെട്ടിപ്പരിക്കേല്‍പ്പിച്ചതില്‍ സിപിഐ(എം) ജില്ലാ സെക്രട്ടറിയറ്റ് ശക്തമായി പ്രതിഷേധിക്കുന്നു. മൊകേരി ക്ഷീരോല്‍പ്പാദന സഹകരണ സംഘം ജീവനക്കാരനായ ചന്ദ്രന്‍ അതിരാവിലെ തന്‍റെ ജീവിതമാര്‍ഗ്ഗമായ പാല്‍വില്‍പ്പന നടത്തുന്നതിനിടയിലാണ് അക്രമിസംഘം വെട്ടി വീഴ്ത്തിയത്.ഇരു കാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റ ചന്ദ്രന്‍ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്.
 
ജില്ലയില്‍ സമാധാന അന്തരീക്ഷം ഉറപ്പ് വരുത്താന്‍ തങ്ങള്‍ തയ്യാറല്ല എന്ന ആര്‍എസ് എസിന്‍റെ പ്രഖ്യാപനം കൂടിയാണ് ഈ സംഭവം.ഇന്നലെയാണ് ജില്ലാ ഭരണകൂടം മുന്‍കൈയ്യെടുത്ത് കൊണ്ട് സമാധാന ചര്‍ച്ച നടന്നത്.അതിലെടുത്ത തീരുമാനങ്ങള്‍ക്ക് സംഘപരിവാര്‍ യാതൊരു വിലയും കല്‍പ്പിക്കുന്നില്ല എന്നാണ് മനസിലാക്കേണ്ടത്. സമാധാന ചര്‍ച്ചയില്‍ ഒപ്പിട്ടതിന്‍റെ മഷിയുണങ്ങയൂം മുന്‍പേ നടത്തിയ ഈ ആക്രമണം നമ്മുടെ നാടിനോടും ജനങ്ങളോടും ഭരണകൂട ത്തോടുമുള്ള വെല്ലുവിളിയാണ്. കുറ്റേരിയിലെ ആര്‍ എസ് എസ് താവളത്തില്‍ വെച്ചാണ് മുന്‍പ് സഖാക്കള്‍ അരീക്കല്‍ അശോകന്‍, സുന്ദരന്‍ മാസ്റ്റര്‍, കുഞ്ഞിക്കണ്ണന്‍ എന്നിവരെ നിഷ്ഠൂരമായി കൊലപ്പെടുത്തിയത്.
 
കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ തുടര്‍ച്ചയായി സിപിഐ(എം) പ്രവര്‍ത്തകര്‍ക്ക് നേരെ പൈശാചികമായ ആക്രമണം നടന്നുവരികയാണ്.ഇന്നലെ രാവിലെയാണ് ണ്‍ണ്‍കുറ്റേരിയില്‍ സിപിഐ(എം) പ്രവര്‍ത്തകന്‍ ചെറുവത്ത് ചന്ദ്രനെ ആര്‍ എസ് എസ് സംഘം ആക്രമിച്ചത്.രണ്ട് ദിവസം മുന്‍പാണ് മട്ടന്നൂര്‍ അയ്യല്ലൂരില്‍ ഡോ:സുധീര്‍, ശ്രീജിത്ത് എന്നിവരെ മാരകമായി വെട്ടി പരിക്കേല്‍പ്പിച്ചത്. സമൂഹത്തിന് സേവനം മാത്രം ചെയ്യുന്ന ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരെ പോലും സംഘപരിവാരം വെറുതെ വിടുന്നില്ല. ഡോ:സുധീറും കൂടെ പരിക്കേറ്റ ശ്രീജിത്തും ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല.സിപിഐ(എം) പാനൂര്‍ ഏരിയ സമ്മേളന പ്രവര്‍ത്തനത്തിനിടയിലാണ് ലോക്കല്‍ കമ്മറ്റി അംഗം സ:നൌഷാദിനെയും നൌഫലിനെയും വെട്ടി നുറുക്കിയത്.
യാതൊരു പ്രകോപനവുമില്ലാതെ തികച്ചും ഏകപക്ഷീയമായാണ് ആര്‍ എസ് എസ് ജില്ലയില്‍ ആക്രമണം നടത്തിക്കൊണ്ടിരിക്കുന്നത്.ഇരിട്ടി പുന്നാട് വെച്ച് ജില്ലയിലെ മുഴുവന്‍ ആര്‍ എസ് എസ് ക്രിമിനലുകളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള പരിശീലന പരിപാടി നടക്കുന്നുണ്ട്.കണ്ണൂരിന് പുറത്ത് നിന്നുള്ള കൊലക്കേസ് പ്രതികള്‍ ഉള്‍പ്പടെ ഉള്ളവര്‍ ഈ പരിശീലനത്തിന് നേതൃത്വം നല്‍കുന്നതായും വിവരമുണ്ട്. ജില്ലയില്‍ വ്യാപക അക്രമം നടത്താനുള്ള ആസൂത്രണമാണ് ഈ ക്യാമ്പില്‍ നടക്കുന്നത്.അതിന് പുറമേ കഴിഞ്ഞ ദിവസം മട്ടന്നൂരില്‍ ബിജെപി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍,ആര്‍എസ്എസ് നേതാവ് വല്‍സന്‍ തില്ലങ്കേരി എന്നിവര്‍ പങ്കെടുത്ത് കൊണ്ട് നടന്ന രഹസ്യയോഗവും ഇത്തരത്തില്‍ വ്യാപക അക്രമം നടത്താനുള്ള പദ്ധതിയുടെ ഭാഗമാണ്. ജില്ലയെ ചോരക്കളമാക്കാനാണ് ആര്‍ എസ് എസ് പദ്ധതിയിടുന്നത്.
 
സിപിഐ(എം) അങ്ങേയറ്റം ക്ഷമയും സംയമനവും കാണിച്ചുകൊണ്ടാണ് പ്രവര്‍ത്തനം നടത്തുന്നത്.നിരവധി പ്രവര്‍ത്തകരെ ആക്രമിച്ചിട്ടും മറ്റ് അനിഷ്ട സംഭവങ്ങള്‍ ഉണ്ടാവാത്തത് പാര്‍ട്ടി ജാഗ്രത പുലര്‍ത്തുന്നത് കൊണ്ടാണ്.എന്നാല്‍ ഈ ക്ഷമയെ ഒരു ദൌര്‍ബല്യമായി കാണരുതെന്ന് സിപിഐ(എം) ഓര്‍മ്മിപ്പിക്കുന്നു. അതോടൊപ്പം സമാധാന കാംക്ഷികളായ മുഴുവന്‍ ജനങ്ങളും ആര്‍ എസ് എസിന്‍റെ കാടത്തത്തിനെതിരെ ശക്തമായി പ്രതിഷേധിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.