പൊയിലൂരിലും മമ്മാക്കുന്നിലും ആര്‍.എസ്.എസ് നടത്തിയ അക്രമ പ്രവര്‍ത്തനങ്ങളില്‍ സി.പി.ഐ(എം) ജില്ലാ സെക്രട്ടറിയേറ്റ് ശക്തമായി പ്രതിഷേധിക്കുന്നു. 

ഇന്നലെ അര്‍ദ്ധരാത്രിക്ക് ശേഷമാണ് പൊയിലൂരിലെ രക്തസാക്ഷി കേളോത്ത് പവിത്രന്‍റെ സ്മാരക സ്തൂപം തകര്‍ക്കുകയും വീട്ടുമുറ്റത്ത് മലം കൊണ്ടിടുന്ന അത്യന്തം ഹീനമായ കൃത്യം നടത്തിയതും. പവിത്രന്‍റെ രക്തസാക്ഷി ദിനാചരണ പരിപാടികള്‍ നടക്കുന്ന ഘട്ടങ്ങളിലെല്ലാം ആര്‍.എസ്.എസ് ക്രിമിനലുകള്‍ ഇത്തരം പ്രകോപനങ്ങള്‍ സൃഷ്ടിക്കാറുണ്ട്. സി.പി.ഐ(എം) ലോക്കല്‍ സമ്മേളനം പൊയിലൂരില്‍ നടത്തുന്നതിന്‍റെ മുന്നോടിയായി  ഈ പ്രദേശത്ത് വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. സമ്മേളനം അലങ്കോലപ്പെടുത്താനുള്ള പ്രകോപനങ്ങള്‍ ജില്ലയില്‍ എല്ലായിടത്തും ആര്‍.എസ്.എസ്  നടത്തിവരുന്നു.
 
മുഴപ്പിലങ്ങാട് ലോക്കലിലെ മമ്മാക്കുന്നിലെ സി.പി.ഐ(എം) ബ്രാഞ്ച് ഓഫീസ് കെട്ടിടവും ആര്‍.എസ്.എസുകാര്‍ തകര്‍ക്കുകയുണ്ടായി. ടി വി ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ തല്ലിത്തകര്‍ത്തു. പാര്‍ട്ടി സമ്മേളനത്തിന്‍റെ ഭാഗമായി ഉയര്‍ത്തിയ കൊടികളും തോരണങ്ങളും നശിപ്പിച്ചു. മേലൂരിലെ ബ്രാഞ്ച് ഓഫീസിന് നേരെ കല്ലെറിഞ്ഞ് ഓഫീസിന്‍റെ ജനല്‍ചില്ലുകള്‍ തകര്‍ത്തു. 
 
ഇത് കൂടാതെ പിണറായി വെണ്ടുട്ടായിലെ സംഘപരിവാര്‍ ബന്ധം ഉപേക്ഷിച്ച പ്രജീഷിനെ മമ്പറം ഇന്ദിരാഗാന്ധി സ്കൂള്‍ ഗ്രൗണ്ടില്‍ കൊണ്ടുപോയി  തല്ലിച്ചതയ്ക്കുന്ന നിലയുണ്ടായി. ഒടുവില്‍ പോലീസ് എത്തിയാണ് ഈ യുവാവിനെ രക്ഷപ്പെടുത്തിയത്. മമ്മാക്കുന്നിലും മേലൂരിലും അക്രമം നടത്തിയ സംഘം കോണ്‍ഗ്രസ്സിന്‍റെ കൊടികളും തോരണങ്ങളും നശിപ്പികയുമുണ്ടായി. ജനരക്ഷയാത്ര നടത്തിയ ബി.ജെ.പി അതിനുശേഷം തുടര്‍ച്ചയായി  സാമൂഹ്യവിരുദ്ധ അക്രമങ്ങളാണ് നടത്തിവരുന്നത്. സമാധാനം തകര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് നടത്തുന്നത്. അക്രമങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് പാര്‍ട്ടി അഭ്യര്‍ത്ഥിച്ചു. അക്രമം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് പോലീസിനോട് ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.