ആഗോള ഭീകരസംഘടനയായ ഐഎസുമായി ബന്ധമുള്ളവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്ന കേരള സര്‍ക്കാറിനും പോലീസിനും അഭിവാദ്യങ്ങള്‍
 
കേരളത്തില്‍ ഐ എസ് ഭീകരവാദികളുടെ റിക്രൂട്ടിംഗ് ഏജന്‍സിയായി പ്രവര്‍ത്തിക്കുന്നത് പോപ്പുലര്‍ ഫ്രണ്ടാണ്..ഇതുവരെ പിടികൂടിയ ആളുകളെല്ലാം തന്നെ പോപ്പുലര്‍ ഫ്രണ്ടിന്‍റെ നേതാക്കളോ പ്രവര്‍ത്തകരോ ആണ്. ഇവരെ ഒറ്റപ്പെടുത്താന്‍ മുസ്ലിം ജനവിഭാഗങ്ങളില്‍ നിന്നു തന്നെ ശക്തമായ പ്രതികരണം ഉയരണം.
 
സോവിയറ്റ് യൂണിയന്‍റെ തകര്‍ച്ചയ്ക്ക് ശേഷം ലോകത്തെമ്പാടും മതഭീകരവാദം വളര്‍ന്നുവരികയുണ്ടായി. ഇന്ത്യയിലും മതഭീകരവാദ പ്രസ്ഥാനങ്ങളുടെ ആക്രമണങ്ങള്‍ തുടരുന്നുണ്ട്.  അതില്‍ ഹിന്ദുത്വ ഭീകരപ്രസ്ഥാനമായ ആര്‍എസ്എസും ഇസ്ലാമിക ഭീകര പ്രസ്ഥാനമായ ഐഎസും ഉള്‍പ്പെടും.  ആര്‍എസ്എസും ഐഎസും ഒരു നാണയത്തിന്‍റെ ഇരുവശങ്ങളാണ്.  ചരിത്രത്തെ തന്നെ വളച്ചൊടിച്ചാണ് ഇത്തരം പ്രസ്ഥാനങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ മതഭ്രാന്ത് ശക്തിപ്പെടുത്തുന്നത്. ഇങ്ങനെ മതഭ്രാന്തിന് അടിമപ്പെട്ടവരാണ് കുടുംബസമേതം ഐഎസില്‍ ചേരാന്‍ ഒരുമ്പെട്ടിട്ടുള്ളത്. ഇതേ മാതൃകയിലാണ് ആര്‍എസ്എസും മതഭ്രാന്ത് പ്രചരിപ്പിക്കുന്നത്.  ഏറ്റൊവുമൊടുവില്‍ താജ്മഹലിന്‍റെയും ഫത്തേപ്പൂര്‍ സിക്രിയുടെയും പേര് പറഞ്ഞ് നടത്തുന്ന പ്രചരണവും ഇതിന്‍റെ ഭാഗമാണ്.
 
ജനാധിപത്യ വ്യവസ്ഥയെ ഉപയോഗപ്പെടുത്തി അധികാരത്തില്‍ വന്ന സംഘപരിവാരം ജനാധിപത്യ വ്യവസ്ഥയ്ക്ക് നേരെ തന്നെ ആക്രമണം അഴിച്ചുവിട്ട സംഭവങ്ങളാണ് കണ്ടുകൊണ്ടിരിക്കുന്നത്. നാനാതരം മതഭീകര പ്രസ്ഥാനങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ നടപടികളാണ് കേരള സര്‍ക്കാര്‍ കൈക്കൊണ്ടു വരുന്നത്.  എന്നാല്‍ കേരളത്തില്‍ ജിഹാദി - ചുവപ്പ് ഭീകരതെയെന്ന് പ്രചരിപ്പിച്ച് ഇടതുപക്ഷ സര്‍ക്കാറിനെ അപകീര്‍ത്തിപ്പെടുത്താനാണ് ബിജെപി പരിശ്രമിക്കുന്നത്.
 
രാജ്യത്ത് ബിജെപി ഭരിക്കുന്നതുള്‍പ്പടെയുള്ള പല സംസ്ഥാനങ്ങളിലും ഭീകരവാദി കള്‍ക്കെതിരെയല്ല നടപടികള്‍ കൈക്കൊള്ളുന്നത്. കൊലയാളികള്‍ക്ക് സര്‍ക്കാര്‍ ജോലിയും ലക്ഷങ്ങള്‍ പാരിതോഷികവുമാണ് നല്‍കുന്നത്.  ഭീകരര്‍ക്കെതിരെയാണെന്ന് പറഞ്ഞ് ഇത്തരം സംസ്ഥാനങ്ങളില്‍ നിരപരാധികളായ യുവാക്കളെയാണ് പീഡിപ്പിക്കുന്നത്.
 
ഐഎസ് ഭീകരപ്രസ്ഥാനത്തിലേക്ക് പോയി രാജ്യദ്രോഹപ്രവര്‍ത്തനം നടത്തുന്നവര്‍ക്കെതിരെ കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ ശക്തമായ പോലീസ് നടപടി കൈക്കൊള്ളുന്ന സാഹചര്യത്തില്‍ കേരളത്തില്‍ ജിഹാദി ഭീകരത എന്ന തെറ്റായ പ്രചരണം നടത്തിയ ബിജെപി ജനങ്ങളോട് മാപ്പ് പറയുകയാണ് വേണ്ടത്.