കേരള സര്‍ക്കാര്‍ ഇരിട്ടി മേഖലയെ അവഗണിക്കുന്നു എന്ന മട്ടില്‍ അപവാദ പ്രചരണം നടത്തുന്നത് പേരാവൂര്‍ എം എല്‍ എ സണ്ണി ജോസഫ് അവസാനിപ്പി ക്കണമെന്ന് സിപിഐ(എം) ജില്ലാ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു.യു ഡി എഫിന്‍റെ കാല്‍ക്കീഴില്‍ നിന്ന് മണ്ണൊലിച്ചു പോകുന്ന സാഹചര്യത്തിലാണ് കള്ളപ്രചരണം നടത്തി ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്നത്.എല്ലാ പ്രദേശങ്ങളു ടെയും സമഗ്രവികസനത്തിനാണ് എല്‍ഡിഎഫ് പ്രതിജ്ഞാബദ്ധമായിട്ടുള്ളത്. എല്‍ഡിഎഫ് ഗവണ്മെന്‍റ് ഒരു വര്‍ഷം വിജയകരമായി പൂര്‍ത്തിയാക്കുകയും അതിന്‍റെ ജനസമ്മതി യു ഡി എഫിന് വോട്ട് ചെയ്ത ജനവിഭാഗങ്ങളിലടക്കം വര്‍ധിക്കുകയും ചെയ്തപ്പൊഴാണ് മലയോര ഹൈവേ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു എന്ന വ്യാജപ്രചരണം അവര്‍ നടത്തിയത്.ജനദ്രോഹ ഹര്‍ത്താലും നടത്തി. എന്നാല്‍ മലയോര ഹൈവേയുടെ പ്രവര്‍ത്തനം അതിവേഗം നടത്താനാണ് എല്‍ഡിഎഫ് ഗവണ്മെന്‍റ് ശ്രമിക്കുന്നത്.എങ്കിലും യുഡിഎഫ് അവരുടെ ഹീന ശ്രമം അവസാനിപ്പിക്കുന്നില്ല.അതിന്‍റെ ഭാഗമായാണ് ഇരിട്ടിയില്‍ അനുവദിച്ച സര്‍ക്കാര്‍ ഓഫീസുകള്‍ മട്ടന്നൂരിലേക്ക് മാറ്റാന്‍ പോകുന്നു എന്ന പ്രചരണം നടത്തി ജനങ്ങളെ സര്‍ക്കാറിനെതിരെ തിരിക്കാന്‍ എംഎല്‍എ പരിശ്രമിക്കുന്നത്. ഈ രാഷ്ട്രീയ ദുഷ്ടലാക്ക് മനസ്സിലാക്കിയാണ് സണ്ണി ജോസഫ് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ എല്‍ ഡി എഫ് പ്രതിനിധികള്‍ പങ്കെടുക്കാതിരുന്നത്.
 
ഫണ്ട് അനുവദിക്കുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ എല്‍ ഡി എഫ് സര്‍ക്കാറിന് വിശാലമായ വീക്ഷണമാണുള്ളത്. വികസനപ്രവര്‍ത്തനങ്ങള്‍ക്ക് രാഷ്ട്രീയ പരിഗണന പാടില്ല എന്നതാണ് എല്‍ഡിഎഫ് നിലപാട്.പേരാവൂര്‍ മണ്ഡലത്തിലെ യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളില്‍ ഉള്‍പ്പടെ കണ്ണൂര്‍ എംപി ശ്രീമതി ടീച്ചറുടെ ഫണ്ടില്‍ നിന്ന് സഹായങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. സണ്ണി ജോസഫ് ദുഷ്പ്രചരണം നടത്തുന്നത് പോലെ എവിടെയും സര്‍ക്കാര്‍ ഓഫീസുകള്‍ അനുവദിക്കുകയോ മാറ്റുകയോ ചെയ്തിട്ടില്ല.
 
സ്വന്തം മണ്ഡലത്തിലെ ഒരു പാവപ്പെട്ട വിദ്യാര്‍ത്ഥിനി വൈദികനാല്‍ പീഡിപ്പിക്കപ്പെട്ടപ്പോള്‍ ഈ എംഎല്‍എ നിശബ്ദനായിരുന്നു.ഇപ്പോള്‍ ജനങ്ങളാകെ തനിക്കെതിരാണെന്ന് മനസ്സിലാക്കിയാണ് കള്ളപ്രചരണവുമായി രംഗത്തു വന്നിരിക്കുന്നത്.ഇങ്ങനെ എല്‍ഡിഎഫ് സര്‍ക്കാറിനെതിരെ ദുഷ്പ്രചരണം നടത്തി ഇരിട്ടി മേഖലയിലെ ജനങ്ങളില്‍ സര്‍ക്കാര്‍ വിരുദ്ധ വികാരം കുത്തിവെക്കാനുള്ള യുഡിഎഫ് ശ്രമം വിജയിക്കാന്‍ പോകുന്നില്ല.