സഖാവ് ജി.ഡി. നായരുടെ ആകസ്മിക വിയോഗം കണ്ണൂർ ജില്ലയിലെ കമ്യൂണിസ്റ്റ് പാർട്ടിക്ക് കനത്ത നഷ്ടമാണ് വരുത്തിയിട്ടുള്ളത്. അക്കാദമിക് രംഗത്തും, ഭരണരംഗത്തും, ദൈനംദിന പാർട്ടി പ്രവർത്തനരംഗത്തും അദ്ദേഹം ദീർഘകാലം നിറഞ്ഞുനിന്നു പ്രവർത്തിച്ചു. കായംകുളം സ്വദേശിയായ സഖാവ് 1966 കാലത്ത് അധ്യാപകനായി ജോലി ലഭിച്ചാണ് പയ്യന്നൂരിൽ എത്തുന്നത്. അക്കാലം മുതൽ തന്നെ അധ്യാപക പ്രസ്ഥാനത്തിന്റെയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും പ്രവർത്തകനായി അദ്ദേഹം മാറി. പിന്നീട് അദ്ധ്യാപക പ്രസ്ഥാനത്തിന്റെ നേതൃനിരയിലേക്ക് വളരെ വേഗം വളർന്നുവന്നു. അദ്ധ്യാപക സംഘടനയായ കെ.പി.ടി.യു.വിന്റെ ജില്ലാ സെക്രട്ടറിയായും പിന്നീട് കെ.എസ്.ടി.എ.യുടെ സംസ്ഥാന വൈസ് പ്രസിഡന്റായും അദ്ദേഹം പ്രവർത്തിച്ചു.
ബഹുജന പ്രസ്ഥാനങ്ങളിൽ പാർട്ടി വിദ്യാഭ്യാസം നൽകുന്ന മേഖലയിലാണ് അദ്ദേഹം മികച്ച സേവനം നടത്തിയിട്ടുള്ളത്. പ്രഭാഷകനായും, പാർട്ടി വിദ്യാഭ്യാസത്തിനുള്ള അധ്യാപകനായും അദ്ദേഹം നല്ല രീതിയിൽ പ്രവർത്തിച്ചിരുന്നു. പാട്യം പഠന ഗവേഷണ കേന്ദ്രം തയ്യാറാക്കിയ കണ്ണൂർ ജില്ലാ കമ്മ്യൂണിസ്റ്റ് പാർട്ടി ചരിത്ര പുസ്തകങ്ങളുടെ എഡിറ്റോറിയൽ ബോർഡിലും മികച്ച രീതിയിൽ അദ്ദേഹം പ്രവർത്തിച്ചു വന്നു. കേരള സംസ്ഥാന കമ്മ്യൂണിസ്റ്റ് പാർട്ടി ചരിത്രസമിതിയുടെ ചരിത്ര നിർമ്മാണവുമായി ബന്ധപ്പെട്ടുകൊണ്ടാണ് സമീപകാലത്ത് അദ്ദേഹം പ്രവർത്തിച്ചത്.
മലബാറിലെ തൊഴിലാളി പ്രസ്ഥാനത്തിന്റെ ചരിത്രം, കേരള ചരിത്രം തുടങ്ങിയ കൃതികളിലൂടെ കേരളത്തിൽ ആകെ അറിയപ്പെടുന്ന ചരിത്രകാരൻ കൂടിയാണ് ജി.ഡി.നായർ.
പയ്യന്നൂർ മുൻസിപ്പൽ ചെയർമാൻ എന്ന നിലയിലും പയ്യന്നൂർ ഏരിയാകമ്മിറ്റി മെമ്പർ എന്ന നിലയിലും മികച്ച പ്രവർത്തനം അദ്ദേഹം നടത്തിയിരുന്നു. സഖാവ് ജി.ഡി.നായരുടെ ആകസ്മിക വിയോഗത്തിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു.