കണ്ണൂർ: ബി.ജെ.പി കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസ് പരിസരത്ത് നിന്ന് വൻ ആയുധ ശേഖരം പോലീസ് പിടികൂടിയിരിക്കുകയാണ്. 2 വടിവാളും, ആർ.എസ്.എസുകാർ സാധാരണയായി ഉപയോഗിച്ചുവരുന്ന എസ് കത്തിയും 6 ഇരുമ്പ് പെപ്പുകളും ഉൾപ്പെടെയുള്ള ആയുധശേഖരമാണ് പോലീസ് കണ്ടെടുത്തിട്ടുള്ളത്. സമാധന ചർച്ചകൾക്ക് ശേഷവും നാട്ടിലാകെ ആക്രമണങ്ങൾ വ്യാപകമായി സംഘടിപ്പിക്കാനാണ് ബി.ജെ.പി-ആർ.എസ്.എസ് ക്രിമിനലുകൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. പാനൂർ, കടമ്പൂർ, അലവിൽ, കുറുവ എന്നീ സ്ഥലങ്ങളിലെ ഓഫീസുകൾക്കും കൊടിമരങ്ങൾക്കും നേരെ ഇന്നലെയും വ്യാപകമായ അക്രമമാണ് ഉണ്ടായത്. സി.പി.ഐ(എം) പാനൂർ ലോക്കൽ കമ്മിറ്റി കമ്മിറ്റി അംഗമായ സ: കെ.ടി.കെ. രാഘവൻ മാസ്റ്ററെ മൃഗീയമായി ആക്രമിച്ച് പരിക്കേൽപ്പിക്കുകയുണ്ടായി. ജില്ലയിലാകെ അക്രമം വ്യാപിപ്പിക്കുന്നതിനാണ് ബി.ജെ.പി-ആർ.എസ്.എസ് തീരുമാനിച്ചിട്ടുള്ളതെന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത് ഈ ആക്രമങ്ങൾക്ക് ആവശ്യമായ ആയുധങ്ങൾ അവിടവിടെ ബി.ജെ.പി ശേഖരിക്കുകയാണ്. ഈ സാഹചര്യത്തിൽ ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസ് പരിസരത്ത് വൻ ആയുധശേഖരം കണ്ടെത്തിയത് തികച്ചും ഗൗരവതരമാണ്. ജില്ലയിലാകെ അക്രമം വ്യാപിപ്പിക്കാൻ ബി.ജെ.പി ശ്രമിക്കുന്ന സാഹചര്യത്തിൽ ആയുധങ്ങൾ ശേഖരിക്കാൻ നേതൃത്വം നൽകിയ ബി.ജെ.പി ജില്ലാ നേതാക്കൾക്കെതിരെ കേസെടുക്കാൻ പോലീസ് തയ്യാറാവണമെന്ന് സി.പി.ഐ(എം) കണ്ണൂർ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.